ഫിലിപ്പീൻസിലെ മയോൺ അഗ്നിപർവ്വതം
ഫിലിപ്പീൻസിലെ മയോൺ അഗ്നിപർവ്വതം 
Feature

പുറമേ അതിസുന്ദരം, ഉള്ളിൽ തിളയ്ക്കുന്ന ലാവ; മയോൺ എന്ന 'ഭീകരൻ'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അതിസുന്ദരമാണ് ഫിലിപ്പീൻസിലെ അൽബെ ഗ്രാമം. പക്ഷേ സൗന്ദര്യം ഭീതിക്ക് വഴിമാറുമ്പോൾ ഈ നാടുവിട്ട് ദുരിതാശ്വാസക്യാമ്പുകളിൽ അഭയാർത്ഥി ജീവിതം നയിക്കുകയല്ലാതെ ഇവർക്ക് മറ്റ് വഴികളില്ല. നയന മനോഹരമായ മയോൺ അഗ്‌നിപർവ്വതത്തിന്റെ താഴ്‌വരയാണ് അൽബെ. കാഴ്ചയ്ക്ക് സുന്ദരമെങ്കിലും ലാവ പ്രവഹിച്ചുകൊണ്ടിരിക്കുന്ന സജീവ അഗ്‌നിപർവ്വതമാണിത്. അൽബെ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതതാളം നിശ്ചയിക്കുന്നത് തന്നെ മയോൺ ആണ്.

ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന മയോണെ ഭയന്ന് ആഴ്ചകളും മാസങ്ങളുമാണ് ഇവിടുത്തുകാർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഈ താൽക്കാലിക പാലായനം ദശാബ്ദങ്ങളായി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അൽബെയിലെ ഓക്‌സാലസ് എന്ന 40 കാരി തന്റെ ചെറു പലചരക്ക് കടകൂടി ഈ യാത്രയ്‌ക്കൊപ്പം കൂട്ടും. ക്യാമ്പിൽ ഒപ്പമുള്ളവർക്ക് അലക്കാൻ സോപ്പുപൊടി വിറ്റും ചെറു ഭക്ഷണ പാക്കറ്റുകളും വിറ്റും ഓക്‌സാലസ് പണം കണ്ടെത്തും. ഈ താത്കാലിക പാലായനങ്ങൾ മാറ്റി നിർത്തി ഇവർക്കൊരു ജീവിതം സാധ്യമല്ല. തന്റെ 40 വയസ്സിനിടയിൽ അഞ്ചു തവണ ഓക്‌സാലസ് ദുരിതാശ്വാസകേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ദുരിതാശ്വാസകേന്ദ്രത്തിലുള്ള ഓക്‌സാലസിന്റെ ടെന്റ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ മാറ്റി. മയോൺ പെട്ടന്ന് തണുക്കുമെന്നും സ്വന്തം മണ്ണിലേക്ക് മടങ്ങാമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവരെപ്പോലുള്ള ആയിരങ്ങൾ.

''അൽബെയെ അങ്ങനെ കൈവിടാനാകില്ല, ഞങ്ങൾ പാവങ്ങളാണ്. മയോൺ പൊട്ടിത്തെറിക്കുന്നുവെന്നത് മാത്രമാണ് ഇവിടുത്തെ പ്രശ്‌നം, അതൊഴിച്ച് നിർത്തിയാൽ ഞങ്ങളുടെ ഗ്രാമം സുന്ദരമാണ്. അതൊരു പ്രകൃതി ദുരന്തമല്ലേ, തടയാനാകില്ലല്ലോ, താത്കാലികമായി നാടുവിടുക മാത്രമാണ് ഞങ്ങൾക്ക് ചെയ്യാനാവുക'' - ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ നിസ്സഹായതയോടെ ഓക്‌സാലസ് പറഞ്ഞു

മയോണിൽ നിന്ന് വമിക്കുന്ന പുക ശ്വസിച്ച് മക്കൾക്ക് ഗുരുതര രോഗം ബാധിക്കുമോയെന്ന ഭയമാണ് ഈ അമ്മയ്ക്ക്. ഓക്‌സാലസിനെ പോലെ ആയിരക്കണക്കിന് പേരാണ് ഈ ദുരിതം അനുഭവിക്കുന്നത്. കുടുംബത്തിനൊപ്പം താൽക്കാലികമായി വീടുപേക്ഷിച്ചു പോന്ന പലരും തങ്ങളുടെ ജീവനോപാദികൾ പലതും ഉപേക്ഷിച്ച് കൂടിയാണ് അൽബെയിൽ നിന്ന് ദുരിതാശ്വാസകേന്ദ്രത്തിലെത്തിയത്. ടാക്‌സി ഡ്രൈവറായ ബെഞ്ചമിൻ തന്റെ പന്നി ഫാമിനെ കുറിച്ചുള്ള ആധിയിലാണ്. എല്ലാ രാത്രിയിലും അയാൾ ഗ്രാമത്തിലെ വീട്ടിലേക്ക് പോകും. കുറച്ച് നേരം അവിടെ ചിലവഴിച്ച് കള്ളൻമാർ തങ്ങളുടെ ആകെയുള്ള സമ്പാദ്യം മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കി മടങ്ങും. 'ഞങ്ങളിതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു'; ഇത് മാത്രമാണ് ഇവർക്ക് പറയാനുള്ളത്.

ജൂൺ ആദ്യത്തോടെയാണ് മയോൺ വീണ്ടും സജീവമായതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർച്ചയായ ഭൂചലനങ്ങളും പാറക്കല്ലുകൾ അടർന്നുവീഴുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയത്. 13000 ഓളം പേരെ ഇത്തവണ മാറ്റി പാർപ്പിച്ചു. 2018 ലാണ് മയോണിൽ അവസാനമായി ലാവാ പ്രവാഹമുണ്ടായത്. അന്ന് രൂപപ്പെട്ട ഗർത്തത്തിലുണ്ടായ മാറ്റം അഗ്‌നിപർവ്വതം സജീവമായതിന്റെ പ്രധാന സൂചനയെന്നാണ് വോൾക്കനോളജിസ്റ്റ് പോൾ അലാനിസിന്റെ നിരീക്ഷണം. ഇത്രയൊക്കെ നടക്കുമ്പോഴും ഇവിടം വിട്ട് പോകാൻ തയ്യാറാവാത്തവരുമുണ്ട്. വീട് വിട്ട് പോകാൻ മടിച്ച് മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു റോജർ അസിലോ എന്ന 72 കാരൻ.

''മുളകൊണ്ടുണ്ടാക്കിയ ബെഞ്ചിലിരുന്ന് ലാവ പ്രവഹിക്കുന്നത് കാണുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കും അതൊന്ന് പെട്ടന്ന് നിൽക്കണേ എന്ന്. പേടിയില്ലാഞ്ഞല്ല, പൊരുത്തപ്പെട്ടതാണ്'' - അസിലോയ്ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.

24 സജീവ അഗ്‌നിപർവ്വതങ്ങളാണ് ഫിലിപ്പീൻസിലുള്ളത്. മനോഹരമായ കോണാകൃതിയാണ് മറ്റുള്ള അഗ്‌നിപർവ്വതങ്ങളിൽ നിന്ന് മയോണെ വേറിട്ട് നിർത്തുന്നത്. വിനോദ സഞ്ചാരികളെ ഇതിനടുത്തേക്ക് ആകർഷിക്കുന്നതും ഈ ഭംഗിതന്നെ. 2018 ൽ മിസ് യൂണിവേഴ്‌സായ ഓസ്‌ട്രേലിയൻ സുന്ദരി കത്രിയോന ഗ്രേ ധരിച്ച ഗൗണിന് മയോണിൽ നിന്ന് പ്രവഹിക്കുന്ന ലാവയുടെ നിറമായിരുന്നു. അന്ന് ആ വസ്ത്രം ഇന്റർനെറ്റിൽ ശ്രദ്ധ നേടിയത് മയോണിന്റെ വർണ്ണസൗന്ദര്യവും കത്രിയോനയുടെ വശ്യതയും ഒരുമിച്ച് ചേർന്നപ്പോഴാണ്.

കടപ്പാട് : ബിബിസി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT