പതിനാലോ പതിനഞ്ചോ വയസ്സിൽ കല്യാണം കഴിച്ച പെണ്‍കുട്ടികളെ കുറിച്ച്

പെൺ‌കുട്ടികളുടെ വിദ്യാഭ്യാസം, കരിയർ, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ വിവാഹ പ്രായം ഉയർത്താനുള്ള കാരണമായി കേന്ദ്രഗവൺമെന്റ് ചൂണ്ടി കാണിക്കുന്നു.
പതിനാലോ പതിനഞ്ചോ വയസ്സിൽ കല്യാണം കഴിച്ച പെണ്‍കുട്ടികളെ കുറിച്ച്

"പതിനാലോ പതിനഞ്ചോ വയസ്സിൽ പണ്ടൊക്കെ പെൺകുട്ടികൾ കല്യാണം കഴിക്കുകയും പതിനേഴ് വയസ്സിനു മുൻപ് തന്നെ അമ്മയാവുകയും ചെയ്യുമായിരുന്നു. സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിച്ചു നോക്കു...'' ബലാത്സംഗത്തിനിരയായ 17 വയസ്സുകാരിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഈ പരാമർശം. എന്നാൽ അത്ര ഒഴുക്കൻ മട്ടിൽ പറഞ്ഞുവിടാവുന്ന ഒരു കാര്യമാണോ ഇന്ത്യപോലൊരു വികസ്വര രാജ്യത്ത് ശൈശവ വിവാഹം? അല്ല എന്നു തന്നെയാണ് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.

യൂനിസെഫിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും അധികം ശൈശവ വിവാഹം നടക്കുന്നത് ദക്ഷിണേഷ്യയിലാണ്. അതിൽ മൂന്നിലൊന്നാവട്ടെ, ഇന്ത്യയിലും. കളിചിരികളുടെ ബാല്യവും സ്വന്തം വീടിന്റെ സുരക്ഷിതത്വവും വിദ്യാഭ്യാസവും മാത്രമല്ല, ജീവൻ വരെ നഷ്ടപ്പെട്ട ബാലികമാരുണ്ട് കോടതി പരമാർശിച്ച 'ആ' കാലത്ത്. അവരുടെ ജീവന്റെ വിലകൂടിയാണ് ഇന്നത്തെ ശൈശവ വിവാഹ നിരോധന നിയമം.

ഫൂൽമണി ദാസി കേസും ഏജ് ഓഫ് കൺസെന്റ് ആക്റ്റും

35 വയസ്സുകാരനായ ഹരിമോഹൻ മൈതിയെ വിവാഹം ചെയ്യുമ്പോൾ ഫൂൽമണി ദാസിയുടെ പ്രായം വെറും 11 വയസ്സ്. വിവാഹരാത്രിയിൽ തന്നെ നിർബന്ധിത ലൈംഗികബന്ധത്തെ തുടർന്ന് അരക്കെട്ട് തകർന്ന് ഫൂൽമണി ദാസി കൊല്ലപ്പെടുന്നു. 1890 ജൂലൈ 6 -ന് കൊൽക്കത്ത സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന നിയമപ്രകാരം വിവാഹിതരുടെ ഇടയിലെ നിർബന്ധിത ലൈംഗികബന്ധം  ബലാത്സംഗമായി പരിഗണിച്ചിരുന്നില്ല. അതിനാൽ കേസിൽ നിന്ന് ബലാത്സംഗകുറ്റം ഒഴിവാക്കപ്പെട്ടു. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിൽ ഒരുവർഷത്തെ ജയിൽ വാസമാണ് കേസിൽ ഹരിമോഹന് കിട്ടിയ ശിക്ഷ.


ഫൂൽമണിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഏജ് ഓഫ് കൺസെന്റ് ആക്റ്റ് കൊണ്ടുവരുന്നത്. ഈ നിയമപ്രകാരം വിവാഹിതരോ അവിവാഹിതരോ ആയ പെൺകുട്ടികളുടെ ലൈംഗികബന്ധത്തിനായുള്ള സമ്മതപ്രായം 12 വയസ്സായി ഉയർത്തി. മറിച്ചുള്ളവ ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നും ക്രിമിനൽ നിയമനടപടികൾക്ക് വിധേയമാകണമെന്നും നിയമം പറയുന്നു. അതുവരെ 1882-ലെ നിയമമനുസരിച്ച് 10 വയസായിരുന്നു സമ്മതപ്രായം. എന്നാൽ നിയമം മൂലം അന്ന് ശൈശവവിവാഹങ്ങൾ നിരോധിച്ചിരുന്നില്ല.

1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമം

ഫൂൽമണി വിഷയത്തിൽ തുടക്കം കുറിച്ച വിവാഹപ്രായം സംബന്ധിച്ച ചർച്ചകൾ പിന്നെയും തുടർന്നു. നട്ടെല്ലുതകർന്നും രക്തംവാർന്നും ബാല്യത്തില്‍ തന്നെ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെയാളോ അവസാനത്തെയാളോ ആയിരുന്നില്ല ഫൂല്‍മണി എന്നതു തന്നെ കാരണം.  ചെറിയ പ്രായത്തിലുള്ള വിവാഹം പെൺകുട്ടികളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ,  പ്രായപൂർത്തിയാവാത്ത അമ്മമാരുടെ മരണ നിരക്ക് തുടങ്ങിയ വിഷയങ്ങളൊക്കെ ചർച്ചകളിൽ കടന്നു വന്നു. കൗമാരത്തിലെ പ്രസവം, ഗർഭധാരണം എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. ശൈശവവിവാഹം നിരോധിക്കണമെന്ന് ഗൈനെക്കോളജിസ്റ്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം ഇടപെടലുകളുടെ ഫലമായി 1930 ഏപ്രിൽ ഒന്നിന് ശൈശവവിവാഹ നിയന്ത്രണ നിയമം അഥവാ സർദാആക്ട്‌  പ്രാബല്യത്തിൽ വന്നു. ഈ നിയമ പ്രകാരം കുറഞ്ഞ വിവാഹപ്രായം 12 ൽ നിന്ന് പെൺകുട്ടികളുടെ 14 ആയും ആൺകുട്ടികളുടേത് 18 ആയും ഉയർത്തി. പിന്നീട് 1978 ലെ ഭേദഗതിയിലൂടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 ഉം ആൺകുട്ടികളുടേത് 21 ഉം ആയി ഉയര്‍ത്തി. ഇതാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ള വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. 2006 ല്‍ ശൈശവ വിവാഹത്തിന് നിയമം മൂലം നിരോധനം പ്രാബല്യത്തില്‍ വന്നു. ഇതനുസിരിച്ച് നിയമം ലംഘിക്കുന്നവർക്കു 2 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ് ശൈശവവിവാഹം. നാട്ടിലും ഇന്ത്യയ്ക്കു പുറത്തുമുള്ള എല്ലാ ഇന്ത്യൻ പൗരനും ഈ നിയമം ബാധകമായിരിക്കും.

വിവാഹ പ്രായം ഇനിയും തുടരുന്ന ചർച്ചകൾ

വിവാഹ പ്രായം സംബന്ധിച്ചുള്ള ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തണമെന്നും ഉയർത്തേണ്ടതില്ലെന്നുമുള്ള വാദം ഇന്നും തുടരുന്നുണ്ട്. പെൺ‌കുട്ടികളുടെ വിദ്യാഭ്യാസം, കരിയർ, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ വിവാഹ പ്രായം ഉയർത്താനുള്ള കാരണമായി കേന്ദ്രഗവൺമെന്റ് ചൂണ്ടി കാണിക്കുമ്പോൾ അത് ലൈംഗിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാറാനുള്ള സാധ്യതകളെകുറിച്ചുള്ള വാദങ്ങൾ മറുഭാഗത്തും ശക്തമാകുന്നുണ്ട്. സാക്ഷരതാനിരക്കിൽ മുൻപിൽ നിൽക്കുന്ന കേരളത്തിൽ പോലും വിവാഹം, കുഞ്ഞുങ്ങളുടെ പരിപാലനം തുടങ്ങിയ കാരണങ്ങളുടെ പേരിൽ വിദ്യാഭ്യാസവും കരിയറും വേണ്ടെന്നു വെച്ച സ്ത്രീകളുടെ എണ്ണം കുറവല്ല. സാഹചര്യങ്ങളോട് പൊരുതി തന്നെ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇടം കണ്ടെത്തി തുടങ്ങിയ കാലമാണിത്. വിവാഹപ്രായവും ലൈംഗിക അവകാശങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും തുടരട്ടെ, അവ പക്ഷേ ഗുജറാത്ത് കോടതിയുടെ പരാമര്‍ശം പോലെ സമൂഹത്തെ പിന്നോട്ട് നടത്തുന്നത് ആവാതാരിക്കട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com