'പെരിയ പെരിയ കാട് താണ്ടി...'; പോകാം തിളങ്ങുന്ന കൂൺ കാണാൻ

'പെരിയ പെരിയ കാട് താണ്ടി...'; പോകാം തിളങ്ങുന്ന കൂൺ കാണാൻ

തിളങ്ങുന്ന കൂണ്‍ എന്നു കേൾക്കുമ്പോൾ പലർക്കും ആശ്ചര്യമായിരിക്കും. എന്നാൽ മേഘാലയയിലെ ജനങ്ങൾക്ക് ഇതത്ര പുതുമയുള്ള ​കാര്യമല്ല. രാത്രിയുടെ ഇരുട്ടിൽ വഴികാട്ടിയായി പ്രകൃതി നൽകുന്ന വെളിച്ചമാണ് ഈ കൂണുകളെന്നാണ് ഇവിടുത്തെ ആളുകളുടെ വിശ്വാസം. നിങ്ങൾക്ക് തിളങ്ങുന്ന കൂൺ കാണണമെങ്കിൽ നേരെ വിട്ടോളൂ മേഘാലയിലേക്ക്!

അസം യാത്രയിലാണ് അപൂർവ്വമായ ഈ കാഴ്ച ശാസ്ത്രജ്ഞർ ആദ്യമായി കാണുന്നത്. അവരെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു തിളങ്ങുന്ന കൂണുകൾ. ഇവ കണ്ടെത്തിയതോടെ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ശാസ്ത്രജ്ഞർ മേഘാലയിലേക്ക് യാത്രതിരിച്ചു. രാത്രിയിൽ വനത്തിലൂടെ സഞ്ചരിക്കാൻ ശാസ്ത്രജ്ഞർ വഴികാട്ടിയായി കൂടെ കൂട്ടിയിരുന്നത് മേഘാലയിലെ ആളുകളെയായിരുന്നു.

മേഘാലയയിലെ കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലുള്ള മാവ്‌ലിനോങ്ങിലെ നീർച്ചാലിന് സമീപമാണ് ആദ്യമായി ഇതിനെ കണ്ടെത്തുന്നത്. ഇതേ ഇനത്തിൽപ്പെട്ട കൂണുകൾ വെസ്റ്റ് ജയന്തിയാ ​ഹിൽസ് ജില്ലയിലെ ക്രാങ് ഷൂറിയിൽ ഉണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ കൂണുകൾ 97 ഇനമുള്ള ബയോലുമിനസെന്റ് ഫംഗി വിഭാ​ഗത്തിൽ ഉൾപ്പെടുന്നവയാണ്. ഇവിടുത്തെ പ്രാദേശിക വിഭാഗങ്ങൾ സംരക്ഷിക്കുന്ന മുളങ്കാടിനുള്ളിലാണ് ഈ അത്ഭുത കാഴ്ച കാണാൻ കഴിയുന്നത്.

നൂറുകണക്കിന് ഇനത്തിൽപ്പെട്ട കൂണുകൾ ഇവർ കണ്ടെത്തി. അവയിൽ പുതിയ ഇനങ്ങളും ഉണ്ടായിരുന്നു. 20,000 സ്പീഷീസുകളിൽ നിന്ന്, ഏകദേശം 100 എണ്ണത്തിൽ മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇരുട്ടിൻ്റെ നടുവിൽപച്ചനിറത്തിലുള്ള പ്രകാശം വ്യാപിച്ചു നിന്നത് ശാസ്ത്രജ്ഞർക്ക് മറക്കാനാകാത്ത കാഴ്ചയായിരുന്നു. ഈ പ്രതിഭാസത്തെ ബയോലുമിനെസെൻസ് എന്നാണ് വിളിക്കുന്നത്.

ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇവ റോറിഡോമൈസസ് വിഭാ​ഗത്തിൽപ്പെട്ട പുതിയ ഇനമാണെന്ന് കണ്ടെത്തി. റോറിഡോമൈസസ് ഫില്ലോസ്റ്റാച്ചിഡിസ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com