'കുഴിമാടത്തിൽ നിന്ന് എനിക്ക് പുനർജന്മം നൽകിയത് അങ്ങാണ്'; മോദിയുടെ കൈപിടിച്ച് വിതുമ്പി സരസു

പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പാളായിരുന്ന സരസു 2016 മാർച്ച് 31ന് സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ എസ്എഫ്ഐക്കാർ കുഴിമാടം തയ്യാറാക്കി യാത്രയയപ്പ് നൽകിയത് വലിയ വിവാദമായിരുന്നു.
'കുഴിമാടത്തിൽ നിന്ന് എനിക്ക് പുനർജന്മം നൽകിയത് അങ്ങാണ്'; മോദിയുടെ കൈപിടിച്ച് വിതുമ്പി സരസു

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ പിടിച്ച് വിതുമ്പി ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസു. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിയ പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു സരസു വികാരാധീനയായത്. പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പാളായിരുന്ന സരസു 2016 മാർച്ച് 31ന് സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ എസ്എഫ്ഐക്കാർ കുഴിമാടം തയ്യാറാക്കി യാത്രയയപ്പ് നൽകിയത് വലിയ വിവാദമായിരുന്നു.

'എട്ടു വർഷം ഞാൻ കുഴിമാടത്തിലായിരുന്നു, അങ്ങാണ് എനിക്ക് പുനർജന്മം നൽകിയത്'- മോദിയുടെ കൈ പിടിച്ച് വിതുമ്പി സരസു പറഞ്ഞു. കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് സരസു പ്രധാനമന്ത്രിയുമായി നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ വിവിധ സ്ഥാപനങ്ങളുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായ പലരും തന്നെ വിളിക്കാറുണ്ടെന്നും സരസു അദ്ദേഹത്തോട് പറഞ്ഞു.

തനിക്ക് കുഴിമാടം ഒരുക്കിയതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പകയോ വിരോധമോ ഇല്ലെന്ന് സരസു കഴിഞ്ഞയിടക്ക് പറഞ്ഞിരുന്നു. അവര്‍ തന്റെ വിദ്യാര്‍ത്ഥികളാണെന്നും തെറ്റുകള്‍ ക്ഷമിക്കുന്നുവെന്നുമാണ് സരസു പറഞ്ഞത്. എസ്എഫ്‌ഐ പിന്തുണയില്‍ ഇടത് അനുകൂല അധ്യാപകരും തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തന്നെ പിന്തുണച്ച ഒരു കൂട്ടം അധ്യാപകര്‍ ഉണ്ടായിരുന്നുവെന്നും സരസു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചിരുന്നു

സരസു വിരമിച്ച ദിവസം കോളേജില്‍ മലയാളം പഠനവിഭാഗത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് എസ്എഫ്‌ഐക്കാര്‍ കുഴിമാടം ഒരുക്കി റീത്തും ചന്ദനത്തിരിയും കത്തിച്ചുവെച്ചത്. എസ്എഫ്‌ഐയുടെ ക്രൂരതയ്ക്ക് ഇരയായവര്‍ക്ക് വേണ്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും സരസു പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com