വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: വർക്കല വെട്ടൂർ വിളഭാഗത്ത് വീടിൻറെ വാതിൽ കുത്തിത്തുറന്ന് മോഷണം. വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള എ എസ് നിവാസിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപ വിലമതിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്നാണ് പരാതി. രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീട് അടഞ്ഞു കിടക്കുകയാണെന്ന് മനസിലാക്കിയ സംഘം മോഷണം നടത്തുകയായിരുന്നു. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. ഇവർ അബ്ദുൾ സലാമിന്റെ ഭാര്യാ സഹോദരനായ അൽഷാദിനെ വിവരം അറിയിച്ചു. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ സ്വീകരിച്ചു.

നാല് പവനോളം തൂക്കം വരുന്നതും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വിലമതിക്കുന്നതുമായ സ്വർണ്ണ കമ്മലുകൾ, മോതിരം, ബ്രയ്‌സ്‌ലെറ്റുകൾ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന 2 റാഡോ വാച്ചുകൾ ഉൾപ്പെടെ 5 വാച്ചുകൾ, പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകൾ എന്നിവ മോഷണം പോയതായി പരാതിയിൽ പറയുന്നു.

മോഷ്ടാക്കൾ വസ്തുക്കൾ ബാഗുകളിലാക്കി പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ഊർജിതമാക്കി. വെട്ടൂർ പഞ്ചായത്തിൽ സമീപകാലത്ത് മോഷണം പെരുകുന്നതായി വ്യാപക പരാതി നിലനിൽക്കുണ്ട്.

മാസങ്ങൾക്ക് മുൻപ് പിക്കാസും കത്തിയുമായെത്തി മോഷണം നടത്തിയ കേസുകളിലെ പ്രധാന പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഘത്തിലെ പ്രായപൂർത്തിയാവാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com