ഈ പോക്ക് എങ്ങോട്ട്? ബൈജൂസില്‍ ഒതുങ്ങില്ല, ജീവനക്കാരെ പിരിച്ചുവിട്ട് ടെസ്ലയും ഡെല്ലും

ടെസ്ല ഏകദേശം 14,000 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ പോക്ക് എങ്ങോട്ട്? ബൈജൂസില്‍ ഒതുങ്ങില്ല, ജീവനക്കാരെ പിരിച്ചുവിട്ട് ടെസ്ലയും ഡെല്ലും

ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് തുടര്‍ന്ന് ടെക് കമ്പനികള്‍. ഏപ്രില്‍ മാസത്തില്‍ ടെസ്‌ലയും ആപ്പിളും ബൈജൂസും അടക്കം ജീവനക്കാരെ വെട്ടിക്കുറച്ചു. മൊത്തം ജീവനക്കാരുടെ പത്ത് ശതമാനം പേരെ പിരിച്ചുവിടാനുള്ള തീരുമാനം സിഇഒ ഇലോണ്‍ മസ്‌ക് ഇമെയില്‍ വഴിയാണ് അറിയിച്ചത്. കൃത്യമായ നമ്പര്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം 14,000 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്ല അതിന്റെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കേണ്ടതും പ്രധാന്യം സൂചിപ്പിച്ചാണ് ഇ മെയില്‍. തീരുമാനം വെല്ലുവിളി നിറഞ്ഞതാണെന്നും എങ്കില്‍ കൂടി ഭാവിയിലേക്കുള്ള ടെസ്ലയുടെ വിജയത്തിന് ഇത് അനിവാര്യമാണെന്ന ആത്മവിശ്വാസവും മസ്‌ക് പ്രകടിപ്പിച്ചു.

ആപ്പിള്‍ 500 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തിന് പിന്നാലെയാണ് മസ്‌കിന്റെയും തീരുമാനം. ഇന്ത്യയില്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് ഏറ്റവും പുതുതായി 500 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നടന്നിട്ടുണ്ട്. സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പിരിച്ചുവിടല്‍ നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ടെക്‌നോളജി രംഗത്ത് ഭീമന്മാരായ ഡെല്ലും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഡെല്ലിന്റെ തൊഴിലാളികളുടെ എണ്ണം 1,26,000 ല്‍ നിന്ന് ഏകദേശം 1,20,000 ആയി കുറച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ പാദത്തില്‍ വരുമാനത്തില്‍ 11 ശതമാനം ഇടിവിന് കാരണമായ, കമ്പ്യൂട്ടര്‍ വില്‍പ്പനയിലെ മന്ദഗതിയാണ് ഈ തീരുമാനത്തിന് പിന്നില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com