വൺപ്ലസ് ഇനി മടക്കാം... തുറക്കാം; വൺപ്ലസ് ഓപ്പൺ എത്തി, വില 1,39,999 രൂപ

ഒക്‌ടോബർ 19 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും, ഒക്ടോബർ 27 ന് വിൽപ്പനയ്‌ക്കെത്തും
വൺപ്ലസ് ഇനി മടക്കാം... തുറക്കാം; വൺപ്ലസ് ഓപ്പൺ എത്തി, വില 1,39,999 രൂപ

പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് ലോഞ്ച് ഇവന്റിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പാണ് ഈ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. കോം‌പാക്റ്റ് ഡിസൈനോടെ വരുന്ന ഈ മോഡലിന് 1,39,999 രൂപയാണ് വില.

വൺപ്ലസ് ഓപ്പൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും- എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക്. വൺപ്ലസ് ഓപ്പൺ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഫോൺ ഒക്‌ടോബർ 19 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും, ഒക്ടോബർ 27 ന് വിൽപ്പനയ്‌ക്കെത്തും.

വൺപ്ലസ് ഓപ്പൺ മോഡൽ ഏറെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിന് 153.4 മില്ലിമീറ്റർ നീളമുണ്ട്‌. മടക്കുമ്പോൾ 73.3 മില്ലിമീറ്ററും നിവർത്തുമ്പോൾ 143.1 മില്ലിമീറ്ററുമാണ് ഫോണിന്റെ വീതി. കളർ വേരിയന്റുകൾക്ക് അനുസരിച്ച് ഭാരത്തിന്റെ കാര്യത്തിൽ മാറ്റമുണ്ട്. വോയേജർ ബ്ലാക്ക് 239 ഗ്രാം ഭാരമുള്ളപ്പോൾ എമറാൾഡ് ഡസ്കിന്റെ ഭാരം 245 ഗ്രാം ആണ്.

പ്രധാന ഡിസ്പ്ലെ പാനലിന് 2കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 6.31 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയായിരിക്കും ഫോൺ മടക്കുമ്പോൾ പുറത്തുണ്ടാവുക. ഈ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകും.

ആൻഡ്രോയിഡ് 13 ഔട്ട് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ഓക്‌സിജൻ ഒഎസ് 13.2-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്നാപ്പ്ഡ്രാഗൺ 8 ജെന്‍ 2 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. 4,805 mAh ബാറ്ററിയുമായി വരുന്ന ഫോൺ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com