ഇനി ആരെയും ബ്ലോക്ക് ചെയ്യാൻ പറ്റില്ല; എക്‌സിൽ പുതിയ അപ്‌ഡേഷനൊരുങ്ങി മസ്ക്

എക്‌സിലെ മ്യൂട്ട് ഫീച്ചർ നിലനിർത്തുമെന്നും മസ്‌ക് അറിയിച്ചു
ഇനി ആരെയും ബ്ലോക്ക് ചെയ്യാൻ പറ്റില്ല; എക്‌സിൽ പുതിയ അപ്‌ഡേഷനൊരുങ്ങി മസ്ക്

എക്‌സിലെ (ട്വിറ്റർ) പുത്തൻ പരീക്ഷണങ്ങളാണ് ഏതാനും നാളുകളായി ടെക്ക് ലോകത്തിലെ പ്രധാന വാർത്ത. ഇലോൺ മസ്കിന്റെ കീഴിൽ ഏറെ മാറ്റങ്ങളാണ് എക്‌സിനുണ്ടാവുന്നതും. ആ നിരയിലേക്ക് പുതിയ മാറ്റമെത്തുന്നു. പ്ലാറ്റ്ഫോമിലെ 'ബ്ലോക്കിങ്' ഫീച്ചർ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്.

'ഡിഎം(ഡയറക്റ്റ് മെസേജ്) ഒഴികെ എല്ലായിടത്തും ബ്ലോകിങ് ഫീച്ചർ ഇല്ലാതാക്കാൻ പോകുന്നു,' എക്‌സിലെ ഒരു ട്വീറ്റിനുള്ള മറുപടിയിൽ മസ്‌ക് പറഞ്ഞു. ബ്ലോക്കിങ് ഫീച്ചറിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നാണ് മസ്കിന്റെ പക്ഷം.

എക്‌സിലെ മ്യൂട്ട് ഫീച്ചർ നിലനിർത്തുമെന്നും മസ്‌ക് അറിയിച്ചു. എന്നാൽ, ബ്ലോക്കും മ്യൂട്ട് ഫീച്ചറും വളരെ വ്യത്യസ്തമാണ്. ഒരു ഉപയോക്താവിന്റെ പോസ്റ്റുകൾ നോക്കുന്നതിൽ നിന്നും ഫോളോ ചെയ്യുന്നതില്‍ നിന്നും മറ്റ് ഉപയോക്താക്കളെ ബ്ലോക്ക് ഫീച്ചർ തടയുന്നു. മ്യൂട്ട് ഫീച്ചർ പോസ്റ്റുകൾ അവരുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

മസ്കിന്റെ ഈ നീക്കം രാഷ്ട്രീയ പ്രവർത്തകർ, സിനിമ- സാംസകാരിക മേഖലയിലുള്ളവർ തുടങ്ങിയ സെലിബ്രിറ്റികളെ ഏറെ ബാധിക്കുമെന്നാണ് ടെക്ക് അനലിസ്റ്റുകൾ പറയുന്നത്. പ്ലാറ്റ്‌ഫോമിൽ അവർ അനാവശ്യ വിദ്വേഷത്തിന് വിധേയരാകുമെന്നും അത് നിയന്ത്രിക്കാൻ സാധിക്കാതെ വരുമെന്നും അനലിസ്റ്റുകൾ പറയുന്നു. ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ആപ്പ് സ്റ്റോന്റെയും ഗൂഗിൾ പ്ലേയുടെയും മാർഗ്ഗനിർദ്ദേശങ്ങളുമായി ചേർന്ന് പോകില്ലെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com