ആപ്പിളിന്റെ കുത്തക അവസാനിക്കും; ആ ഫീച്ചർ ഉടൻ ആൻഡ്രോയിഡിനും വരുന്നു

ഗൂഗിളിന്റെ "കോൾ സ്വിച്ചിംഗ്" ഫീച്ചർ ആപ്പിളിന്റെ "ഐഫോൺ മൊബൈൽ കോൾ" ഫീച്ചറിനേക്കാൾ വിപുലമായിരിക്കുമെന്നും സൂചനയുണ്ട്
ആപ്പിളിന്റെ കുത്തക അവസാനിക്കും; ആ ഫീച്ചർ ഉടൻ ആൻഡ്രോയിഡിനും വരുന്നു

ആപ്പിൾ ഉപയോക്താക്കൾ ഏറ്റവും അധികം സംസാരിക്കുന്ന സവിഷേശതകളിൽ ഒന്നാണ് തങ്ങളുടെ എക്കോ സിസ്റ്റത്തിലെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി എന്നത്. ആപ്പിൾ ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ, ഐപാഡ്, മാക് എന്നിവയ്ക്കിടയിൽ കോളുകൾ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യുക, ഫയലുകൾ പങ്കിടുക, ആപ്പുകൾ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് എളുപ്പത്തിൽ സ്വിച്ച് ചെയ്യാൻ സാധിക്കും. ഇപ്പോഴിതാ ആ ഫീച്ചർ ഉടൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

കഴിഞ്ഞ ദിവസം ഈ ഫീച്ചറിനെക്കുറിച്ച് ആൻഡ്രോയിഡ് വിദഗ്ധൻ മിഷാൽ റഹ്മാന്‍ എക്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരേ ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് പരസ്പരം കണക്റ്റ് ചെയ്യാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ഫീച്ചറിനായുള്ള പ്രവർത്തനത്തിലാണ് ഗൂഗിൾ എന്ന് റഹ്മാൻ പറയുന്നു.

കോളുകൾക്കിടയിൽ കണക്റ്റുചെയ്‌ത ഉപകരണങ്ങൾ തമ്മിൽ സ്വിച്ച് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന “കോൾ സ്വിച്ചിംഗ്”, ലിങ്ക് ചെയ്‌ത ഉപകരണങ്ങളിലുടനീളം ഒരു വ്യക്തിഗത ഹോട്ട്‌സ്‌പോട്ട് വേഗത്തിൽ സജ്ജീകരിക്കാനുള്ള എളുപ്പമാർഗ്ഗമായ “ഇന്റർനെറ്റ് ഷെയറിങ്” എന്നിവ പോലുള്ള ഫീച്ചറുകൾക്കായാണ് ഗൂഗിൾ ശ്രമിക്കുന്നത്. ഫീച്ചർ ഔദ്യോഗികമായി പുറത്തിറങ്ങിക്കഴിഞ്ഞാൽ, "ലിങ്ക് യുവർ ഡിവൈസ്" എന്ന മെനു ദൃശ്യമാകും.

ഗൂഗിളിന്റെ "കോൾ സ്വിച്ചിംഗ്" ഫീച്ചർ ആപ്പിളിന്റെ "ഐഫോൺ മൊബൈൽ കോൾ" ഫീച്ചറിനേക്കാൾ വിപുലമായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ മൊബൈൽ കോൾ ഫീച്ചറിൽ ഒരേ ആപ്പിൾ ഐഡിയിൽ സൈൻ ചെയ്‌തിരിക്കുന്ന മാക്സ്, ഐപാഡ്‌സ് പോലുള്ള ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് ഐഫോൺ കോൾ സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ ഒരു ഐഫോണിൽ നിന്ന് മറ്റൊന്നിലേക്ക് കോളുകൾ കൈമാറാൻ ആപ്പിളിന്റെ ഫീച്ചറില്‍ സൗകര്യമില്ല. എന്നാൽ ഗൂഗിളിന്റെ "കോൾ സ്വിച്ചിംഗ്" ഫീച്ചറിൽ ഫോണുകൾ ഉൾപ്പെടെയുള്ള വ്യത്യസ്‌ത ആൻഡ്രോയിഡ് ഉപകരണങ്ങൾ തമ്മിൽ സ്വിച്ച് ചെയ്യാൻ കഴിയും.

ആൻഡ്രോയിഡ് ഡിവൈസ് ലിങ്കിംഗ് ഫീച്ചറിന്റെ പ്രഖ്യാപനമോ, എപ്പോൾ ലഭ്യമാകുമെന്നതിന്റെ സൂചനയോ ഗൂഗിൾ ഇതുവരെ നൽകിയിട്ടില്ല. എന്നാൽ ഇത് യാഥാർത്ഥ്യമാണെങ്കിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ഒരു ഉപയോഗപ്രദമായ സവിശേഷതയായിരിക്കും എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com