ചാറ്റ് ജിപിടിക്ക് ബദലായി പുതിയ എഐ; സംരംഭത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ'ക്ക് തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നുവെന്നാണ് മസ്‌ക് ട്വിറ്ററില്‍ കുറിച്ചത്
ചാറ്റ് ജിപിടിക്ക് ബദലായി പുതിയ എഐ; സംരംഭത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

ചാറ്റ് ജിപിടിയ്ക്ക് പകരമായി പുതിയ എഐ സംരംഭത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കാണ് സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നത്. 'എക്സ് എഐ' എന്ന സ്ഥാപനം ആരംഭിച്ചതായി മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ' തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നുവെന്നാണ് മസ്‌ക് ട്വിറ്ററില്‍ കുറിച്ചത്.

മാര്‍ച്ചില്‍ എക്‌സ് എഐ കോര്‍പ്പറേഷന്‍ എന്ന പേരിലുള്ള സ്ഥാപനം മസ്‌ക് നെവാഡയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മസ്‌കിനെ ഡയറക്ടറായും അദ്ദേഹത്തിന്റെ ഫാമിലി ഓഫീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ജാരെഡ് ബിര്‍ച്ചാളിനെ സെക്രട്ടറിയായും നിയമിച്ചു. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്‌മൈന്‍ഡിലെ മുന്‍ എഞ്ചിനീയര്‍ ഇഗോര്‍ ബാബുഷ്‌കിന്‍, ഗൂഗിളില്‍ പ്രവര്‍ത്തിച്ചിരുന്ന ടോണി വൂ, ഗൂഗിളിലെ ഗവേഷണ ശാസ്ത്രജ്ഞന്‍ ആയ ക്രിസ്റ്റിയന്‍ സെഗെഡി, മൈക്രോസോഫ്റ്റില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഗ്രെഗ് യാങ് എന്നിവര്‍ ആണ് എക്‌സ് എഐ ടീമില്‍ ഉള്‍പ്പെടുന്നത്.

ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ അപകടങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് നേരത്തെയും രംഗത്തെത്തിയിരുന്നു. പകര്‍ച്ചവ്യാധികളും ആണവയുദ്ധങ്ങളും പോലെത്തന്നെ എഐ ടെക്‌നോളജിയും മനുഷ്യരാശിക്ക് ഭീഷണിയാണെന്നായിരുന്നു മസ്‌കിന്റെ നിലപാട്. ചാറ്റ് ജിപിടിയേക്കാള്‍ സുരക്ഷിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'എക്‌സ് എഐ'യ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com