'നത്തിംഗ് ഫോൺ 2' ഈ മാസം ഇന്ത്യയിലേക്ക്; ഫ്ലിപ്പ്കാർട്ടിൽ പ്രീ-ഓർഡർ ആരംഭിച്ചു

നത്തിംഗ് ഫോൺ 2 മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 50 ശതമാനം നിരക്കിൽ നത്തിംഗ് ഇയർ സ്റ്റിക്ക് വാങ്ങാനുള്ള അവസരം ലഭിക്കും.
'നത്തിംഗ് ഫോൺ 2' ഈ മാസം ഇന്ത്യയിലേക്ക്; ഫ്ലിപ്പ്കാർട്ടിൽ പ്രീ-ഓർഡർ ആരംഭിച്ചു

ന്യൂഡൽഹി: നത്തിംഗ് ഫോണ്‍ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ലോഞ്ചിംഗിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സ്മാർട്ട്ഫോണിനായുള്ള പ്രീ ഓർഡറുകൾ ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴി മാത്രമാകും ഇന്ത്യയിൽ ഫോൺ ലഭ്യമാവുക. ഫോണിന്റെ പ്രീ ബുക്കിംഗ് സേവനങ്ങൾ വ്യക്തമാക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് വെബ് പേജും ഒരുക്കിയിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട് പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതനുസരിച്ച്, നത്തിംഗ് ഫോൺ 2 മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 50 ശതമാനം നിരക്കിൽ നത്തിംഗ് ഇയർ സ്റ്റിക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. 8499 രൂപ വിലയുള്ള വയർലെസ് ഇയർബഡുകൾ ബുക്കിംഗ് ഓഫറുകളുടെ ഭാഗമായി 4250 രൂപയ്ക്ക് വാങ്ങാം.

കൂടാതെ, നത്തിംഗ് ഫോൺ 2 മുൻകൂർ ഓർഡർ ചെയ്യുന്നവർക്ക് 499 രൂപ വില വരുന്ന കെയ്‌സ്, 399 രൂപ വില വരുന്ന സ്‌ക്രീൻ പ്രൊട്ടക്ടർ, 45 വാട്ടിന്റെ നത്തിംഗ് പവർബാങ്ക് എന്നിവ 1499 രൂപ കിഴിവിൽ ലഭിക്കും. മുൻനിര ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുന്നതിനും നിരവധി ഓഫറുകളുണ്ട്.

നത്തിംഗ് ഫോൺ 2 പ്രീ-ഓർഡർ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 2000 രൂപ മുൻകൂറായി നൽകി ഫോൺ ബുക്ക് ചെയ്യാം. ജൂലൈ 11-ന് ഫോൺ പുറത്തിറങ്ങിയാൽ, ഉപയോക്താക്കൾക്ക് ജൂലൈ 11-ന് രാത്രി ഒമ്പത് മുതൽ ജൂലൈ 20 രാത്രി 11:59 വരെയുളള സമയത്തിനുളളിൽ ബാക്കി പണം അടയ്ക്കാം. ഈ സമയം പ്രീ-ഓർഡർ ആനുകൂല്യങ്ങൾ ലഭ്യമാകും.

നത്തിംഗ് കമ്പനി നേരത്തെ പ്രഖ്യാപിച്ചത് പോലെ നത്തിംഗ് ഫോൺ 2-ന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ ഫ്ലാഗ്ഷിപ്പ് പ്രൊസസറാകും ഉണ്ടാവുക. പിന്നിൽ ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് നവീകരിച്ച ക്യാമറ സെൻസറും നത്തിംഗ് ഫോണ്‍ 2വില്‍ ഉള്‍പ്പെടുത്തും. കൂടാതെ, 4,700 എംഎഎച്ച് ബാറ്ററിയും 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയും ഇതിലുണ്ടാകും. ഈ ഹാൻഡ്‌സെറ്റിന് ഇന്ത്യയിൽ ഏകദേശം 40,000 രൂപ വില വരുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com