യൂട്യൂബിൽ ഇനി ഓൺലൈൻ ഗെയിമും കളിക്കാം; പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

യൂട്യൂബ് പ്ലേയബിൾസിലൂടെ ഉപയോക്താക്കൾക്ക് നിരവധി ഗെയിമുകൾ കളിക്കാൻ സാധിക്കും.
യൂട്യൂബിൽ ഇനി ഓൺലൈൻ ഗെയിമും കളിക്കാം;  പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ഓൺലൈൻ ഗെയിമുകളുടെ സാധ്യതകൾ തേടാനൊരുങ്ങി യൂട്യൂബ്. ഉപയോക്താക്കൾക്ക് ഓൺലൈൻ ഗെയിമുകൾ ലഭ്യമാകുന്നതിനുള്ള പരീക്ഷണങ്ങൾ കമ്പനി തുടങ്ങിയെന്ന് വിദേശ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 'പ്ലേയബിൾസ്' എന്ന് പേര് നൽകിയിരിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാൻ കമ്പനി ജീവനക്കാരെ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.

യൂട്യൂബ് പ്ലേയബിൾസിലൂടെ ഉപയോക്താക്കൾക്ക് നിരവധി ഗെയിമുകൾ കളിക്കാൻ സാധിക്കും. ഇതിന്റെ ആദ്യ പടിയായി ആർക്കേഡ് ഗെയിം സ്റ്റാക്ക് ബൗൺസ് പോലുള്ള ഗെയ്മുകളാകും അവതരിപ്പിക്കുക. ഈ ഗെയിമുകൾ ബ്രൗസറുകൾ മുഖാന്തരം യൂട്യൂബിന്റെ വെബ്സൈറ്റിലൂടെയും ആൻഡ്രോയിഡ്, ഐഓഎസ് സിസ്റ്റം ആപ്പുകളിലൂടെയും കളിക്കാനാകും.

ഗെയിമിംഗിൽ യൂട്യൂബ് വളരെക്കാലമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കമ്പനി പുതിയ ഫീച്ചറുകൾ പരീക്ഷിക്കുകയാണെന്നും ഒരു യൂട്യൂബ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ പ്രഖ്യാപനത്തിനുള്ള ഘട്ടത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പുതിയ മേഖലകളിലേക്ക് കടക്കുന്നതിനായി യൂട്യൂബ് സിഇഒ നീൽ മോഹന്റെ തന്ത്രമാണ് യൂട്യൂബിലെ ഓൺലൈൻ ഗെയിമുകൾ എന്നാണ് റിപ്പോർട്ട്. പ്ലേയബിൾസ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമോ അതോ യൂട്യൂബിന്റെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണോ ലഭ്യമാവുക എന്ന് വ്യക്തമല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com