തന്നെ വളർത്തിയ നാടിനുള്ള സമ്മാനം; മലപ്പുറത്തിന് പുതിയ പ്രൊഫഷണൽ ടീമുമായി ഇന്ത്യൻ താരം മഷൂർ ശരീഫ്

ഇന്ത്യൻ താരം മഷൂർ ഷെരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ടീമും അക്കാദമിയും ഉയരുന്നു
തന്നെ വളർത്തിയ നാടിനുള്ള സമ്മാനം; മലപ്പുറത്തിന് പുതിയ പ്രൊഫഷണൽ  ടീമുമായി ഇന്ത്യൻ താരം മഷൂർ ശരീഫ്

മലപ്പുറം: ഇന്ത്യൻ താരം മഷൂർ ഷെരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ടീമും അക്കാദമിയും ഉയരുന്നു. നാട്ടിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി, ചിട്ടയായ പരിശീലനം വഴി കളിമെച്ചപ്പെടുത്തി വലിയ പ്രൊഫഷണൽ ടീമുകളിലേയ്ക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് ജനകീയമായി ആരംഭിക്കുന്ന പുതിയ ഫുട്‌ബോൾ ടീമിന്റെ വരവ്. മലപ്പുറം കുന്നുമ്മലിന്റെ അയൽ ദേശമായ കാവുങ്ങലിൽ, കാവുങ്ങൽ യുണൈറ്റഡ് എഫ് സി എന്ന പേരിലാണ് ക്ലബ്ബ് രജിസ്റ്റർ ചെയ്യപ്പെടുക. യൂത്ത് ഡെവലപ്‌മെന്റ് ലക്ഷ്യമാക്കി അണ്ടർ 13, അണ്ടർ 16, അണ്ടർ 18 എന്നീ വിഭാഗങ്ങളിൽ തുടക്കത്തിൽ ടീമുകൾ രൂപീകരിക്കും എന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 18ന് നടക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് വഴിയായിരിക്കും ക്ലബ്ബിലെ പ്രാദേശിക താരങ്ങളുടെ റിക്രൂട്ട്‌മെന്റ്.

ഇന്ത്യൻ ഫുട്‌ബോളിൽ ഒട്ടനവധി മികച്ച പ്രതിഭകൾക്ക് ജന്മം നൽകിയ മലപ്പുറത്ത് നിന്നും ദേശീയ കുപ്പായമണിഞ്ഞ മറ്റൊരു പ്രതിഭാധനനായ താരമാണ് മഷൂർ ഷരീഫ്. 2017ൽ, ചെന്നൈ സിറ്റിയിൽ കളിച്ചാണ് മഷൂർ തന്റെ പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കുള്ള കടന്നുവരവ് നടത്തുന്നത്. മുൻപ് ചിട്ടയായ പരിശീലനമോ അവസരങ്ങളോ കിട്ടാത്തതിനാൽ 25 വയസ്സിനോടടുത്ത സമയത്താണ് ഈ അരങ്ങേറ്റം സാധ്യമായത്. 2020ൽ നോർത്ത് ഈസ്റ്റിലും, 2023ൽ പഞ്ചാബിലും കളിച്ച താരം നിലവിൽ ഗോകുലം കേരള എഫ് സിയിലാണ് പന്തുതട്ടുന്നത്. 2021 മാർച്ച് 29ന് യുഎ ക്കെതിരേ ആയിരുന്നു മഷൂരിന്റെ ഇന്റർനാഷണൽ അരങ്ങേറ്റം. നാട്ടിലെ പരിശീലനങ്ങളുടെ അഭാവം മൂലം തനിക്ക് നഷ്ടമായ അവസരങ്ങൾ ഇനി മറ്റൊരു യുവതാരത്തിനും നഷ്ടമാകരുത് എന്ന അതിയായ ആഗ്രഹത്തിന്റെ ബാക്കിയായാണ് കാവുങ്ങൽ യുണൈറ്റഡ് എഫ് സി പടുത്തുയർത്തപ്പെടുന്നത് എന്ന് മഷൂർ ശരീഫ് റിപ്പോർട്ടറിന് പറഞ്ഞു.

"എന്റെ പ്രൈം അല്ലെങ്കിൽ പീക്ക് ടൈമിൽ എനിക്ക് പൂർണ്ണ മികവിലെത്താൻ അമിതമായി കഷ്ടപ്പെടേണ്ടി വന്നത് ചെറുപ്പത്തിലേ അവസരങ്ങളുടെയും പരിശീലനത്തിന്റെയും കുറവുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാൻ കളി ഒന്ന് ആസ്വദിച്ചു വരുന്ന സമയത്തുതന്നെ എന്റെ കളിജീവിതത്തിന്റെ അവസാന ലാപ്പുകളിൽ ഞാൻ എത്തപ്പെട്ടു. എനിക്ക് കിട്ടാത്തത് എന്റെ നാട്ടിലെ താരങ്ങൾക്ക് കിട്ടണം. അവർക്ക് പ്രൊഫഷണൽ കരിയർ തുടങ്ങാൻ പ്രതീക്ഷയുടെ വെളിച്ചമായി കാവുങ്ങൽ യുണൈറ്റഡ് എഫ് സിയുണ്ടാവണം, മഷൂർ പറഞ്ഞു.

കേരളത്തിലെ മറ്റു പ്രമുഖ ക്ലബ്ബ്കളുമായി ചർച്ചകൾ നടത്തിയ താരം, യുവപ്രതിഭകൾക്ക് അവിടേയ്ക്കുള്ള സ്‌കൗട്ടിങ് അവസരങ്ങൾക്കുള്ള വാതിൽ കൂടി തുറന്നുവച്ചിരിക്കുകയാണ് എന്നു ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. ഭാവിയിൽ ഒരു സ്പോർട്സ് സ്‌കൂൾ കൂടി ലക്ഷ്യമിടുന്ന കാവുങ്ങൽ യുണൈറ്റഡ്, ജനകീയ ഫണ്ടിങ് വഴിയാണ് പ്രവർത്തിക്കുക. ഒരു വിദേശ ടെക്നിക്കൽ ഡയറക്ടറുടെ സേവനം കൂടി ഉറപ്പാക്കും വിധമായിരിക്കും ക്ലബ്ബിന്റെ ഭാവി പ്രവർത്തനം.

തന്നെ വളർത്തിയ നാടിനുള്ള സമ്മാനം; മലപ്പുറത്തിന് പുതിയ പ്രൊഫഷണൽ  ടീമുമായി ഇന്ത്യൻ താരം മഷൂർ ശരീഫ്
എന്റെ മത്സരം കിഷനോടല്ല, അത് എന്നോട് തന്നെ; സഞ്ജു സാംസൺ

Related Stories

No stories found.
logo
Reporter Live
www.reporterlive.com