ഫോമിൻ്റെ നെറുകയിൽ നിൽക്കെ ഏകദിന ക്രിക്കറ്റിലും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ഓസ്‌ട്രേലിയക്ക് ആവശ്യമുണ്ടെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാർണർ ഏകദിനത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്
ഫോമിൻ്റെ നെറുകയിൽ നിൽക്കെ ഏകദിന ക്രിക്കറ്റിലും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സിഡ്നി: പുതുവർഷത്തിൽ തൻ്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഡേവിഡ് വാർണർ അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാർണർ ഏകദിനത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റിൽ സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാർണർ സൂചന നൽകിയിരുന്നു.

2023ൽ ഓസ്ട്രേലിയയെ ലോകചാമ്പ്യന്മാരാക്കുന്നതിൽ വാർണർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഫോമിൻ്റെ വഴിയിലേയ്ക്ക് മടങ്ങിയെത്തിയ വാർണറാണ് 2023ലെ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി എറ്റവും കൂടുതൽ റൺസ് നേടിയത്. 11 കളികളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും അടക്കം 535 റൺസാണ് വാർണർ നേടിയത്. ലോകകപ്പിൻ്റെ രണ്ട് എഡിഷനുകളിൽ 500 റൺസ് നേടുന്ന താരമെന്ന ഖ്യാതിയും വാർണർ സ്വന്തമാക്കിയിരുന്നു. 2019ലെ ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് വാർണർ 647 റൺസ് നേടിയിരുന്നു.

45.30 ശരാശരിയിൽ 22 സെഞ്ച്വറികളോടെ 6932 റൺസാണ് ഏകദിനത്തിൽ വാർണറുടെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ കളിക്കാരനാണ് വാർണർ. സെഞ്ചുറികളുടെ പട്ടികയിൽ റിക്കി പോണ്ടിങ്ങിന് പിന്നിൽ രണ്ടാമതാണ് വാർണർ. വാർണറിനേക്കാൾ 205 ഏകദിന ഇന്നിംഗ്‌സുകൾ കൂടുതൽ കളിച്ച റിക്കി പോണ്ടിങ്ങ് 30 സെഞ്ച്വറികൾ നേടിയിരുന്നു. ഈ വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും, അമേരിക്കിയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ വാർണർ കളിച്ചേക്കുമെന്നും സൂചനയുണ്ട്. ഒരു ടി20 മത്സരം കൂടി ഓസ്ട്രേലിയയ്ക്കായി കളിച്ചാൽ ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടവും വാർണറെ തേടിയെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com