വീരുവിന് പിറന്നാൾ; 45-ാം ജന്മദിന നിറവിൽ വീരേന്ദർ സെവാഗ്

ഏകദിനത്തിൽ സച്ചിനും സേവാ​ഗും ഇറങ്ങിയാൽ പരസ്പരം തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നു.
വീരുവിന് പിറന്നാൾ; 45-ാം ജന്മദിന നിറവിൽ വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം വീരേന്ദർ സെവാ​ഗിന് ഇന്ന് 45-ാം പിറന്നാൾ. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് വീരേന്ദർ സെവാ​ഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ആരവങ്ങളോട് വിട പറഞ്ഞതെന്ന നിരാശ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്. ഇന്ത്യൻ ടീമിലേക്ക് വഴി അടഞ്ഞപ്പോൾ തീർത്തും അപ്രതീക്ഷിതമായി സെവാ​ഗ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായ സെവാ​ഗിന് വിടവാങ്ങൽ മത്സരം നിഷേധിച്ച ബിസിസിഐക്കുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു വീരേന്ദർ സെവാ​ഗിൻ്റെ വിടവാങ്ങൽ. കരിയറിന്റെ ഭൂരിഭാ​ഗവും സച്ചിൻ എന്ന ഇതിഹാസത്തിനൊപ്പം ഇന്ത്യൻ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്ത വീരേന്ദർ സെവാ​ഗ് വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നു. സച്ചിനേക്കാൾ ബൗളർമാരുടെ പേടി സ്വപ്നം സെവാ​ഗ് എന്ന ബാറ്റിങ് വിസ്ഫോടനം ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ വീരുചരിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1999ൽ പാകിസ്താനെതിരെ ആയിരുന്നു സെവാ​ഗിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഏഴാം നമ്പറിൽ ഇറങ്ങിയ സെവാ​ഗ് ഒരു റൺസ് നേടി പുറത്തായത് ടീമിന് വെളിയിലേക്ക് ആയിരുന്നു. 20 മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചുവരവ്. 2001ൽ ശ്രീലങ്കയ്ക്കെതിരെ 69 പന്തിൽ സെഞ്ചുറി അടിച്ച് വെടിക്കെട്ട് ബാറ്ററെന്ന പേര് നേടി. മധ്യനിരയിലെ പ്രകടനം സെവാ​ഗിനെ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് എത്തിച്ചു. സൗരവ് ​ഗാം​ഗുലിയാണ് ആ നിർണായക തീരുമാനം എടുത്തത്. ഫുട്‌വര്‍ക്ക് അധികം ഇല്ലാതെ മുന്നിലേക്ക് വരുന്ന പന്തുകളെല്ലാം അടിച്ചുതകര്‍ക്കുക. ആദ്യ പന്തിൽ തന്നെ സെവാ​ഗ് ഫോർ അടിച്ചാണ് തുടങ്ങിയിരുന്നത്. സെവാഗ് ശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് തുടരാന്‍ ഇന്ത്യയ്ക്ക് പറയേണ്ടിവന്നു.

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും 80 ലധികം സ്ട്രൈക്ക് റേറ്റ് നേടിയ താരം. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ക്രിക്കറ്റ് താരം. വേ​ഗതയേറിയ ട്രിപ്പിൾ സെ‍ഞ്ചുറി നേടിയ താരം. മൂന്നാം ട്രിപ്പിളിന് ഏഴ് റൺസ് അകലെ മുത്തയ്യ മുരളീധരൻ പിടികൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി കുറയുന്ന കാലത്ത് സെവാ​ഗിന്റെ വിസ്ഫോടനം കാണാൻ ആളുകൂടി. ഏകദിനത്തിൽ സച്ചിനും സെവാ​ഗും ഇറങ്ങിയാൽ പരസ്പരം തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നു. സച്ചിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ താരം സെവാ​ഗായിരുന്നു. ഇരുവരും പരസ്പര ബഹുമാന്യതയോടെ കളിക്കുന്നത് കാണുന്നത് ആരാധകർക്ക് വികാരങ്ങൾക്ക് അതീതമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com