'ഹോക്കി ഹീറോസ്'; ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ​ഗെയിംസിലെ സുവർണ നേട്ടത്തിന് ഇന്ത്യയ്ക്ക് ഇനി ഒരു ജയം മാത്രം മതി
'ഹോക്കി ഹീറോസ്'; ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം തുടരുന്നു. ഇന്ന് നടന്ന സെമിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ സുവർണ മെഡൽ പോരാട്ടത്തിന് യോ​ഗ്യത നേടി. മൂന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ഇന്ത്യൻ ജയം. തോൽവി അറിയാതെയാണ് ഇന്ത്യ സുവർണ പോരാട്ടത്തിന് യോ​ഗ്യത നേടിയത്. ഏഷ്യൻ ​ഗെയിംസിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും കണ്ട ഇന്ത്യൻ ആധിപത്യം സെമിയിലും തുടർന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ​ഗോൾ വേട്ട തുടങ്ങി. ഹർദിക്ക് സിം​ഗാണ് ആദ്യ ​ഗോൾ നേടിയത്. 11-ാം മിനിറ്റിൽ ​ഗോൾ മെഷിൻ മൻദീപ് സിം​ഗ് രണ്ടാം ​ഗോൾ സ്കോർ ചെയ്തു. ഇതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു. 15-ാം മിനിറ്റിൽ ലളിത് കുമാർ ഉപാധ്യ ഇന്ത്യയുടെ ലീഡ് 3-0 ആക്കി ഉയർത്തി. പക്ഷേ കഥ മാറിയത് കൊറിയ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ്. 17,20 മിനിറ്റുകളിൽ മഞ്ചെ ജംഗ് ഇന്ത്യൻ വല ചലിപ്പിച്ചു. ഇതോടെ സ്കോർ ബോർഡ് 3-2 എന്നായി.

24-ാം മിനിറ്റിൽ അമിത് രോഹിദാസ് വല ചലിപ്പിച്ചതോടെ ഇന്ത്യ 4-2ന് മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസവും ഈ ​ഗോൾ ആയിരുന്നു. 42-ാം മിനിറ്റിൽ മഞ്ചെ ജംഗ് തന്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ ഇന്ത്യ വീണ്ടും ഭയന്നു. മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 4-3. അവസാന 15 മിനിറ്റ് ശ്വാസം അടക്കി പിടിച്ചാണ് ഇന്ത്യൻ ആരാധകർ കണ്ടിരുന്നത്. 54-ാം മിനിറ്റിൽ അഭിഷേക് അഞ്ചാം ​ഗോൾ സ്കോർ ചെയതപ്പോഴാണ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായത്. അവസാന ആറ് മിനിറ്റ് കൊറിയൻ സംഘത്തിന് മറുപടി ​ഗോളുകൾക്ക് തികയാതെ വന്നപ്പോൾ ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com