അവിസ്മരണീയം ഈ തിരിച്ചുവരവ്; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് നാലാം കിരീടം

ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിലായ ശേഷം ഇന്ത്യൻ തിരിച്ചുവരവ്
അവിസ്മരണീയം ഈ തിരിച്ചുവരവ്;  ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് നാലാം കിരീടം

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. മലേഷ്യയെ മൂന്നിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യൻ രാജാക്കൻമാരായത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നാല് തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടുന്ന ഏക രാജ്യമായി ഇന്ത്യ. മൂന്ന് കിരീടമുള്ള പാകിസ്താനാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ.

മത്സരത്തിൻ്റെ എട്ടാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി കോർണർ. ഹർമ്മൻപ്രീതിന് പകരം പെനാൽറ്റി കോർണർ സ്വീകരിച്ച ജു​ഗരാജ് സിം​ഗിലൂടെ ഇന്ത്യൻ ​ഗോൾ. ഇന്ത്യ ലീഡെടുത്തു. പക്ഷേ ഇന്ത്യൻ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 14-ാം മിനിറ്റിൽ മലേഷ്യ സമനില ​ഗോൾ നേടി. ആദ്യ ക്വാർട്ടർ പിരിയുമ്പോൾ സ്കോർ 1-1.

രണ്ടാം ക്വാർട്ടറിൽ മലേഷ്യൻ മുന്നേറ്റം. 18-ാം മിനിറ്റിലെ പെനാൽറ്റി കോർണർ മലേഷ്യ രണ്ടാം ​ഗോളാക്കി മാറ്റി. പിന്നാലെ ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ. 21-ാം മിനിറ്റിൽ വിവേക് പ്രസാദിൻ്റെ ശ്രമം മലേഷ്യൻ ​ഗോളി തട്ടിമാറ്റി. 29-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മലേഷ്യ വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയിലെ രണ്ട് ക്വാർട്ടറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ 1-3 ന് പിന്നിലായി.

മൂന്നാം ക്വാർട്ടറിൽ ​മലേഷ്യൻ പോസ്റ്റിലേക്ക് ഇന്ത്യ ആക്രമണവുമായി മുന്നേറി. രണ്ട് തവണ ഇന്ത്യ പെനാൽറ്റി കോർണറുകൾ നഷ്ടപ്പെടുത്തി. മൂന്നാം ക്വാർട്ടർ അവസാനിക്കുന്നതിന് മുമ്പായി 45-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി ഒരു പെനാൽറ്റി സ്ട്രോക്ക് ലഭിച്ചു. ക്യാപ്റ്റൻ ഹർമ്മൻപ്രീതിന് ​ഗോൾ നേടാത മാർ​ഗം ഉണ്ടായിരുന്നില്ല. മലേഷ്യൻ ​ഗോളിയെ മറികടന്ന് ഇന്ത്യൻ ​ഗോൾ. സ്കോർ 2-3. നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ സമനില ​ഗോൾ. ഇത്തവണ പെനാൽറ്റി കോർണർ ​ഗോളാക്കി മാറ്റിയത് ​ഗുജറന്ത് സിം​ഗ്.

നാലാം ക്വാർട്ടർ ചങ്കിടിപ്പ് ഉയർത്തി. ഓരോ മുന്നേറ്റവും ഹോക്കി ലോകം അക്ഷമരായി കണ്ടിരുന്നു. വീണ്ടും രണ്ട് തവണ ഇന്ത്യ പെനാൽറ്റി കോർണർ നഷ്ടപ്പെടുത്തി. പലതവണ ​പോസ്റ്റിലേക്ക് കടന്ന് കയറി ഇന്ത്യ എതിരാളികളെ പ്രതിരോധത്തിലാക്കി. ഒടുവിൽ 55-ാം മിനിറ്റിൽ ആ​കാശ്ദീപ് സിം​ഗിലൂടെ നാലാം ​ഗോൾ. അവസാന അഞ്ച് മിനിറ്റ് അവസാനിക്കാൻ ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പായിരുന്നു പിന്നീട്. നിശ്ചിത സമയം അവസാനിക്കുമ്പോൾ 4-3 ന് ഇന്ത്യൻ ജയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com