സെൻ്റർ കോർട്ടിൽ പുതിയ രാജാവ്; വിംബിൾഡൺ കാർലോസ് അൽകാരാസിന്

വിംബിൾഡണിൽ ജോക്കോവിച്ച് യുഗത്തിന് വെല്ലുവിളി
സെൻ്റർ കോർട്ടിൽ പുതിയ രാജാവ്; വിംബിൾഡൺ കാർലോസ് അൽകാരാസിന്

ലണ്ടൻ: വിംബിൾഡണിൽ ചരിത്രം കുറിച്ച് കാർലോസ് അൽകാരാസ്. നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് കാർലോസ് അൽകാരാസിന് വിംബിൾഡൺ കിരീടം. 2018ൽ തുടങ്ങിയ ജോക്കോവിച്ചിൻ്റെ വിജയയാത്രയ്ക്കാണ് കാർലോസ് അന്ത്യംകുറിച്ചത്. ഒന്നാം സീഡുകാരനായും ഒന്നാം നമ്പറുകാരനായും എത്തിയ കാർലോസ് വിംബിൾഡണിലും ഒന്നാമനായി. അഞ്ച് മണിക്കൂറിലായി അ‍ഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാർലോസിന്റെ വിജയം. സ്കോർ 1-6, 7-6 (8-6), 6-1, 3-6, 6-4

ആദ്യ സെറ്റിൽ അൽകാരാസിനെ അനായാസം മറികടക്കുന്ന ജോക്കോവിച്ചിനെയാണ് കണ്ടത്. ഒരു ഘട്ടത്തിൽ പോലും ജോക്കോവിച്ചിന് വെല്ലുവളി ഉയർത്താൻ അൽകാരാസിന് കഴിഞ്ഞില്ല. രണ്ടാം സെറ്റിൽ ഇരു താരങ്ങളും തമ്മിൽ ശക്തമായ പോരാട്ടമാണ് ഉണ്ടായത്. ആദ്യ രണ്ട് ​ഗെയിം എടുത്ത് അൽകാരാസ് മുന്നിൽ വന്നു. പിന്നാലെ ജോക്കോവിച്ച് ശക്തമായി തിരിച്ചുവന്നു. ഓരോ പോയിൻ്റ് വീതം നേടി ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. സെറ്റ് 6-6 ന് അവസാനിച്ചതോടെ ടൈബ്രേയ്ക്ക്. അവിടെയും ഇരുതാരങ്ങളും ഒരുപോലെ മുന്നേറി. ഒടുവിൽ 8-6 ന് കാർലോസ് ജയിച്ചുകയറി. മൂന്നാം സെറ്റിൽ ജോക്കോവിച്ചിനെ ഞെട്ടിച്ച് മുന്നേറുന്ന അൽകാരസിനെയാണ് കണ്ടത്. 6-1ന് സെറ്റ് സ്വന്തമാക്കി അൽകാരസ് വിജയപ്രതീക്ഷ ഉണർത്തി. മൂന്നാം സെറ്റിലെ നാലാം ​ഗെയിം നേടാൻ അൽകാരാസിന് 25 മിനിറ്റുകൾ പോരാടേണ്ടി വന്നു. 13 ഡ്യൂസും 7 ബ്രേയ്ക്ക് പോയിൻ്റും ഇതിനിടയിൽ സംഭവിച്ചു.

നാലാം സെറ്റിൽ വീണ്ടും കാര്യങ്ങൾ മാറി മറിഞ്ഞു. ആദ്യം മുന്നിലെത്തിയത് അൽകാരാസ് ആയിരുന്നു. പിന്നീട് ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ച് സെറ്റ് 6-3 ന് സ്വന്തമാക്കി. അഞ്ചാം സെറ്റിന് ഫൈനലിൻ്റെ പ്രതീതിയായി. സെൻ്റർ കോർട്ട് ചങ്കിടിപ്പിൻ്റെ മുൾമുനയിലായി. ഇരുതാരങ്ങളുടെയും ആരാധകർ ഓരോ പോയിൻ്റിനും ആവേശം കൊണ്ടു. ഓരോ ​ഗെയിം വീതം നേടി ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ആവേശം അവസാന വരെ നീണ്ട‌ പോരാട്ടത്തിൽ ഒടുവിലത്തെ ചിരി അൽകാരാസിൻ്റേതായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com