പരിശീലന കാലയളവ് നീട്ടണം; അപേക്ഷയുമായി ഇന്ത്യൻ ​ഒളിംപിക് അസോസിയേഷൻ

ജന്തർമന്ദറിൽ പ്രതിഷേധിച്ച ​ഗുസ്തി താരങ്ങളുടെ പരിശീലനത്തിന് വേണ്ടിയാണ് കാലയളവ് നീട്ടി ചോദിച്ചിരിക്കുന്നത്.
പരിശീലന കാലയളവ് നീട്ടണം; അപേക്ഷയുമായി ഇന്ത്യൻ ​ഒളിംപിക് അസോസിയേഷൻ

ഡൽഹി: ഏഷ്യൻ ​ഗെയിംസിലും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന ​ഗുസ്തി താരങ്ങളുടെ പരിശീലനത്തിനുള്ള സമയം നീട്ടിചോദിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഏഷ്യൻ ഒളിംപിക് കൗൺസിൽ നൽകിയിരിക്കുന്ന പരിശീലന കാലയളവ് ഈ മാസം 15 ന് അവസാനിക്കും. ആ​ഗസ്റ്റ് 10 വരെ പരിശീലന കാലയളവ് നീട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജന്തർമന്ദറിൽ പ്രതിഷേധിച്ച ​ഗുസ്തി താരങ്ങൾക്ക് പരിശീലനത്തിന് സമയം നൽകാനാണ് കാലയളവ് നീട്ടി ചോദിച്ചിരിക്കുന്നത്.

ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക ജൂലൈ 15 ഓടെ കൈമാറാനാണ് ഇന്ത്യയുടെ നീക്കം. ഒളിംപിക്സ് മെഡൽ ജേതാക്കളായ ബജ്റങ് പൂനിയ, സാക്ഷി മാലിക്ക്, ഏഷ്യൻ ​ഗെയിംസ് സ്വർണമെഡൽ ജേതാവായ വി​ഗ്നേഷ് ​ഫോ​ഗട്ട് തുടങ്ങി ആറ് താരങ്ങൾ കേന്ദ്ര കായിക മന്ത്രാലയത്തോട് ഏഷ്യൻ ​ഗെയിംസ് തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലൈം​ഗീക ആരോപണത്തിൽ ​ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിം​ഗിനെതിരെ 38 ദിവസം ​താരങ്ങൾ സമരം ചെയ്തിരുന്നു. പരിശീലനത്തിന് എത്താൻ കഴിയുന്ന ശാരീരിക സ്ഥിതിയിലല്ല ഇപ്പോഴെന്ന് കായിക താരങ്ങൾ വ്യക്തമാക്കി.

പരിശീലന കാലയളവ് നീട്ടി നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അം​ഗം ഭൂപേന്ദ്ര സിം​ഗ് ബജ്വ പറഞ്ഞു. രണ്ട് മൂന്ന് ദിവസം ഏഷ്യൻ ഒളിംപിക് കൗൺസിൻ്റെ തീരുമാനത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒളിംപിക് അസോസിയേഷൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് പരിശീലകൻ ജിയാം സിങ് പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com