വിംബിൾഡണിൽ ജോക്കോവിച്ചിന് ജയത്തുടക്കം; വീനസ് വില്യംസിന് തോൽവി

മത്സരത്തിനിടെ പെയ്ത മഴ പല മത്സരങ്ങളും വൈകിച്ചു
വിംബിൾഡണിൽ ജോക്കോവിച്ചിന് ജയത്തുടക്കം; വീനസ് വില്യംസിന് തോൽവി

ലണ്ടൻ: വിംബിൾഡൺ ടെന്നിസിൻ്റെ ആദ്യ റൗണ്ടിൽ നൊവാക് ജോക്കോവിച്ച്, കാസ്പർ റൂഡ്, ഇ​ഗ ഷ്വാം‌ടെക്ക് എന്നിവർക്ക് വിജയത്തുടക്കം. വനിതാ സിം​ഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസ് ആദ്യ റൗണ്ടിൽ തോറ്റു. യുക്രൈൻ്റെ എലിന സ്വിറ്റോളിനയാണ് വീനസിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വീനസ് വില്യംസ് കീഴടങ്ങിയത്. സ്കോർ 6-4, 6-3.

വനിതാ സിം​ഗിൾസിലെ മറ്റൊരു മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം ഇ​ഗാ ഷ്വാടെക്ക് ചൈനയുടെ ലിൻ ഷുവിനെ അനായാസം മറികടന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇ​ഗയുടെ ജയം. സ്കോർ 6-1, 6-3. തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു മത്സരിച്ചതെന്ന് ഇ​ഗ പറഞ്ഞു. തൻ്റെ ജോലി മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ഇ​ഗ വ്യക്തമാക്കി.

പുരുഷന്മാരുടെ സിം​ഗിൾസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും ആദ്യ റൗണ്ടിൽ ജയിച്ചു. അർജൻ്റീനയുടെ പെട്രോ കാഷിനനെ ആയിരുന്നു ജോക്കോ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റിലും അനായാസം ജയിച്ചുകയറിയ ജോക്കോ മൂന്നാം സെറ്റിൽ ഒരൽപ്പം വിയർത്തു. ടെെ ബ്രേയ്ക്കറിലായിരുന്നു ജോക്കോയുടെ വിജയം. സ്കോർ 6-3, 6-3, 7-6(7-4).

കാസ്പർ റൂഡും തൻ്റെ ആദ്യ മത്സരം ജയിച്ചു തുടങ്ങി. ഫ്രാൻസിൻ്റെ ലൗറൻ്റ് ലൗക്കോലിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കാസ്പർ തോൽപ്പിച്ചത്. സ്കോർ 6-1, 5-7, 6-4, 6-3. മത്സരത്തിനിടെയെത്തിയ മഴ പല മത്സരങ്ങളും വൈകിച്ചു. തെന്നൽ നിറഞ്ഞ ​ഗ്രൗണ്ടിൽ കളിച്ചത് ബുദ്ധിമുട്ടായിരുന്നുവെന്ന് നോവാക് ജോക്കോവിച്ച് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com