വീണ്ടുമെത്തി ആ ബാറ്റിലെ റൺവസന്തം; വിമര്‍ശകരെ 'ബൗണ്ടറി കടത്തി' ജയ്‌സ്‌വാൾ

വീണ്ടുമെത്തി ആ ബാറ്റിലെ റൺവസന്തം; വിമര്‍ശകരെ 'ബൗണ്ടറി കടത്തി' ജയ്‌സ്‌വാൾ

മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിലെ വിജയത്തില്‍ നിര്‍ണായകമായത് ജയ്‌സ്‌വാളിന്‍റെ പ്രകടനമായിരുന്നു

The comeback is always Stronger than the Setback... എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശസ്വി ജയ്‌സ്‌വാള്‍ ഇന്നലെ കാഴ്ച വെച്ചത്. ഫോം കണ്ടെത്താനാവുന്നില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ക്കും എഴുതിത്തള്ളിയവര്‍ക്കും ബാറ്റിലൂടെ മാസ് മറുപടി നല്‍കാന്‍ ജയ്‌സ്‌വാളിന് സാധിച്ചു. സീസണിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം വിമര്‍ശകരുടെ വായടപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ്റെ വിജയത്തില്‍ നിര്‍ണായകമായത് ജയ്‌സ്‌വാളിന്‍റെ പ്രകടനമായിരുന്നു.

ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് രാജസ്ഥാൻ നിരയിൽ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ജയ്‌സ്‌വാള്‍. പക്ഷേ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ജയ്‌സ്‌വാളിൻ്റേത്. ഇംഗ്ലണ്ട് പരമ്പരയിൽ റൺവസന്തം തീർത്ത ആ ബാറ്റ് പക്ഷെ ആരാധകരെ രസിപ്പിച്ചില്ല. ഇംഗ്ലണ്ടിനെ തച്ചുതകർത്ത ജയ്‌സ്‌വാളിന് രാജസ്ഥാന്‍റെ പിങ്ക് കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല. നല്ല തുടക്കം കിട്ടിയിട്ടും മുതലാക്കാൻ കഴിയാതിരുന്നു ജയ്‌സ്‌വാളിനെതിരെ വിമർശനങ്ങൾ കടുത്തു. ടൂര്‍ണമെന്റിലെ ആദ്യത്തെ ഏഴ് മത്സരങ്ങളിലും ജയ്‌സ്‌വാള്‍ 40 കടന്നില്ല. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 12 പന്തില്‍ 24 റണ്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏഴ് പന്തില്‍ അഞ്ച് റണ്‍സ്, മുംബൈയ്‌ക്കെതിരെ ആറ് പന്തില്‍ പത്ത് റണ്‍സ് എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ പ്രകടനം. സീസണിലെ ഏറ്റവും മോശം ഫോമിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡക്കായി മടങ്ങിയതോടെ യശസ്വി ജയ്‌സ്‌വാളിന് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ പരാജയം വഴങ്ങിയെങ്കിലും ജയ്‌സ്‌വാള്‍ 19 പന്തില്‍ 24 റണ്‍സെടുത്തു. പഞ്ചാബിനെതിരെ 28 പന്തില്‍ 39 റണ്‍സ് അടിച്ചെടുത്തെങ്കിലും കൊല്‍ക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഒന്‍പത് പന്തില്‍ 19 റണ്‍സെടുത്ത് മടങ്ങി. ജയ്‌സ്‌വാളിനെ എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇപ്പോഴും ഓപ്പണിങ്ങിനിറക്കുന്നുവെന്ന ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ജയ്‌സ്‌വാളിന് കഴിഞ്ഞു.

മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാന്റെ മറുപടി ജയ്‌സ്‌വാളിന്റെ മിന്നും സെഞ്ച്വറിയിലൂടെയായിരുന്നു. 60 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ബൗണ്ടറികളും സഹിതം 104 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. 173.33 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ ജയ്‌സ്‌വാള്‍ സീസണിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കി. 22കാരന്റെ ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറിയാണിത്. രണ്ട് സെഞ്ച്വറിയും അടിച്ചെടുത്തത് മുംബൈ ഇന്ത്യന്‍സിനെതിരെ.

സെഞ്ച്വറിയോടെ മറ്റൊരു റെക്കോര്‍ഡ് തിരുത്താനും ജയ്‌സ്‌വാളിന് സാധിച്ചു. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ജയ്‌സ്‌വാള്‍. 22 വര്‍ഷവും 116 ദിവസവും പ്രായമുള്ളപ്പോളാണ് ജയ്‌സ്‌വാള്‍ തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്. ഈ റെക്കോര്‍ഡില്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരെ പിന്തള്ളിയാണ് ജയ്‌സ്‌വാള്‍ ഒന്നാമതെത്തിയത്. 23 വര്‍ഷവും 255 ദിവസവും പ്രായമുള്ളപ്പോള്‍ രണ്ട് ഐപിഎല്‍ സെഞ്ച്വറി തികച്ച ഗില്‍ ഇതോടെ രണ്ടാം സ്ഥാനത്തായി. അതേസമയം 24 വര്‍ഷവും 138 ദിവസവും പ്രായമുള്ളപ്പോള്‍ രണ്ടാം ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു റെക്കോര്‍ഡ് പട്ടികയിൽ മൂന്നാമനായി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതാണ് യശസ്വി ജയ്‌സ്‌വാള്‍. 45 ഇന്നിങ്‌സുകളില്‍ നിന്ന് 1367 റണ്‍സെടുത്താണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ടി20 ലോകകപ്പിന് മുന്നോടിയായി യശസ്വി ജയ്‌സ്‌വാള്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെ വിറപ്പിച്ച 'ജയ്സ്ബോള്‍' മികച്ച ഫോമില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com