'ക്യാപ്റ്റാ അവർ നന്നായി കളിക്കുന്നു, ബുംറയെ വിളിക്ക്, വിക്കറ്റ് വരട്ടെ'; ആരാധകർ

മുംബൈ ഇന്ത്യൻസുമായി മത്സരം വരുമ്പോൾ ടീമുകൾ ചിന്തിക്കുന്നത് ഒരു കാര്യമാവും.
'ക്യാപ്റ്റാ അവർ നന്നായി കളിക്കുന്നു, ബുംറയെ വിളിക്ക്, വിക്കറ്റ് വരട്ടെ'; ആരാധകർ

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനെതിരെ ആവേശ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഒരു ഘട്ടത്തിൽ അഞ്ചിന് 49 എന്ന് തകർന്ന പഞ്ചാബ് 183 സ്കോർബോർഡ് ഉയർത്തി. ഒരൽപ്പം കൂടെ ഭേദപ്പെട്ട പ്രകടനം ഉണ്ടായിരുന്നുവെങ്കിൽ പഞ്ചാബിന് മത്സരം വിജയിക്കാൻ കഴിയുമായിരുന്നു.

മുംബൈ നിരയിലെ ബൗളർമാരിൽ പലരും തല്ലുവാങ്ങിയപ്പോഴും ജസ്പ്രീത് ബുംറയുടെ പ്രകടനം വേറിട്ടുനിന്നു. നാല് ഓവറിൽ 21 റൺസ് വിട്ടുനൽകിയ ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റില്ലി റോസോയെ പുറത്താക്കിയ യോർക്കർ ഏതൊരു ബൗളറുടെയും സ്വപ്നമാണ്.

ബാറ്റിം​ഗ് തകർച്ചയ്ക്കിടയിലും പഞ്ചാബ് തിരിച്ചടിച്ചിരുന്നു. ശശാങ്ക് സിം​ഗും അശുതോഷ് ശർമ്മയും ക്രീസിൽ ഉണ്ടായിരുന്നപ്പോൾ പഞ്ചാബിന് വിജയ പ്രതീക്ഷ ഉണർന്നു. രണ്ടിലൊരാൾ വീണില്ലെങ്കിൽ മത്സരം കൈവിട്ട് പോകുമെന്ന് മുംബൈ നായകന് ഉറപ്പായി. ഈ സമയത്ത് പന്തേൽപ്പിക്കാൻ ബുംറ അല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്.

ശശാങ്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറ പ്രതീക്ഷ കാത്തു. സീസണിൽ ഇതാദ്യമായല്ല ഇന്ത്യൻ പേസർ മുംബൈ ടീമിന്റെ കരുത്താകുന്നത്. ഈ സീസണിൽ മറ്റെല്ലാ ബൗളർമാരും നിരാശപ്പെടുത്തിയപ്പോഴും ബുംറ റൺഒഴുക്ക് നിയന്ത്രിച്ച് നിർത്തി. ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് താരങ്ങൾ റൺമല തീർത്തപ്പോൾ ഒരാൾ മാത്രം ഭേദപ്പെട്ട പ്രകടനം നടത്തി. നാലോവറിൽ ബുംറ വിട്ടുനൽകിയത് വെറും 36 റൺസാണ്. മുംബൈ നിരയിൽ 10ൽ താഴെ എക്കോണമിയുള്ള ഏക താരം. 13 വിക്കറ്റുകളുമായി ബുംറയാണ് ഇപ്പോൾ പർപ്പിൽ ക്യാപ്പ് തലയിൽ വെച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യൻസുമായി മത്സരം വരുമ്പോൾ ടീമുകൾ ചിന്തിക്കുന്നത് ഒരു കാര്യമാവും. നാല് ഓവർ ബുംറയാണ് എറിയുന്നത്. അപ്പോൾ കാര്യമായ റൺസ് അടിക്കാൻ കഴിയില്ല. ബാക്കി 16 ഓവറിൽ പരമാവധി റൺസ് അടിക്കണം. മുംബൈയുടെയും ചിന്ത സമാനമാവും. ഈ നാല് ഓവറിൽ പരമാവധി മത്സരം പിടിച്ചെടുക്കണം എന്ന ചിന്ത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com