സൺറൈസേഴ്സിന്റെ വിജയനായകൻ; ക്യാപ്റ്റൻ കമ്മിൻസ്

സ്ലോവർ ബൗൺസർ വരുമെന്ന് പ്രതീക്ഷിച്ച് നിന്ന ചൗഹാന് ലഭിച്ചത് യോർക്കർ ലെങ്ത് ബോളാണ്.
സൺറൈസേഴ്സിന്റെ വിജയനായകൻ; ക്യാപ്റ്റൻ കമ്മിൻസ്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ മൂന്ന് സീസണിലായി മോശം പ്രകടനം നടത്തുന്ന ക്ലബ്. ഇത്തവണ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഐപിഎൽ താരലേലത്തിൽ ഉൾപ്പടെ പങ്കെടുത്തത്. 20.5 കോടി രൂപ നൽകി ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ നായകനെ ഹൈദരാബാദ് സ്വന്തമാക്കി. ട്രാവിസ് ഹെഡ്ഡിനെയും വനീന്ദു ഹസരങ്കയെയും ജയ്ദേവ് ഉനദ്കട്ടിനെയും ടീമിലെത്തിച്ചു. പക്ഷേ മികച്ച ഇന്ത്യൻ താരങ്ങൾ ഇല്ലെന്നത് സൺറൈസേഴ്സിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഐപിഎല്ലിൽ ഓരോ മത്സരം പിന്നിടുമ്പോഴും കരുത്താർജിക്കുന്ന സൺറൈസേഴ്സ് നിരയയെയാണ് കളത്തിൽ കാണുന്നത്. ഇതിന് കാരണം ഓസ്ട്രേലിയയെ ലോകകപ്പ് ജേതാവാക്കിയ ആ നായകൻ തന്നെയാണ്.

ആദ്യമായാണ് ട്വന്റി 20 ക്രിക്കറ്റിൽ പാറ്റ് കമ്മിൻസ് നായകനായത്. മികച്ച നേതൃത്വം മാത്രമല്ല ബൗളിം​ഗിലും ഫീൽഡിം​ഗിലും മികച്ച പ്രകടനമാണ് കമ്മിൻസ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് സംഭാവനകൾ നൽകാൻ കഴിയുമെങ്കിലും ലോവർ ഓഡറിൽ ഇറങ്ങുന്നതുകൊണ്ട് അത്ര അവസരങ്ങൾ കമ്മിൻസിന് ലഭിച്ചിട്ടില്ല. സീസണിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ നാല് വിജയങ്ങളുമായി സൺറൈസേഴ്സ് മുന്നേറുന്നതിന് ഏറ്റവും വലിയ കാരണം പാറ്റ് കമ്മിൻസാണെന്ന് സംശയമില്ലാതെ പറയാം.

സീസണിൽ ആദ്യ മത്സരത്തിൽ തോൽവിയോടെയാണ് സൺറൈസേഴ്സ് തുടങ്ങിയത്. ആന്ദ്ര റസ്സലിന്റെ മസിൽ പവറിനെ തടയാൻ കഴിയാതിരുന്നതോടെ കൊൽക്കത്ത മികച്ച സ്കോറിലെത്തി. ഹെൻറിച്ച് ക്ലാസൻ തകർത്തടിച്ചെങ്കിലും വിജയത്തിന് നാല് റൺസ് അകലെ പോരാട്ടം അവസാനിച്ചു.

രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആയിരുന്നു എതിരാളികൾ. ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ സൺറൈസേഴ്സ് എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞു. മൂന്നിന് 277 എന്ന സ്കോർ ഉയർത്തി. പക്ഷേ പന്തെറിഞ്ഞ് വിജയിക്കുക ഇവിടെ അസാധ്യമാണ്. മുംബൈ ഇന്ത്യൻസ് മെല്ലെ തിരിച്ചടിച്ചു. പക്ഷേ അവസരത്തിനൊത്ത് ബൗളർമാരെ മാറ്റി സൺറൈസേഴ്സ് വിജയം പിടിച്ചെടുത്തു. അതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം ഇഷാൻ കിഷനും രോഹിത് ശർമ്മയും ഫോമിൽ നിന്നപ്പോൾ ഒരു സ്പിന്നറെ കൊണ്ടുവന്നുവെന്നതാണ്. കിഷനെ ഷബാസ് അഹമ്മദ് വീഴ്ത്തി. പിന്നാലെ രോഹിത് ശർമ്മയെ പാറ്റ് കമ്മിൻസ് നേരിട്ടെത്തി വീഴ്ത്തി. റൺ ഒഴുക്ക് നിയന്ത്രിക്കേണ്ടി വരുമ്പോൾ കമ്മിൻസ് നേരിട്ടെത്തി പന്തെറിയുമെന്നതും ആ നായകന്റെ പ്രത്യേകതയാണ്.

മൂന്നാം മത്സരത്തിൽ ​ഗുജറാത്തിനോട് തോൽവി വഴങ്ങി. അടുത്ത മത്സരം ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെയാണ്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ കിം​ഗ്സ് ഒരു ഘട്ടത്തിൽ 200 റൺസിലേക്ക് എത്തുമെന്ന് തോന്നിച്ചു. എന്നാൽ കൃത്യമായ ബൗളിം​ഗ് ചേഞ്ചിലൂടെ ചെന്നൈയെ 160ലേക്ക് ഒതുക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞു. പവർപ്ലേയിൽ ലഭിച്ച മികച്ച തുടക്കത്തോടെ മത്സരത്തിൽ അനായാസ വിജയവും സൺറൈസേഴ്സ് നേടി. തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് ഈ മത്സരത്തിന് ശേഷം കമ്മിൻസ് വ്യക്തമാക്കി. ക്യാപ്റ്റൻ ആ​ഗ്രഹിച്ച തുടക്കം നൽകാൻ മിക്ക മത്സരങ്ങളിലും സൺറൈസേഴ്സിന് കഴിഞ്ഞു.

പഞ്ചാബിനെതിരെ നടന്ന ആവേശകരമായ മത്സരത്തിലും കമ്മിൻസിന്റെ നായകമികവ് വ്യക്തമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. പഞ്ചാബിന്റെ തുടക്കം മോശമാക്കാൻ ഭുവന്വേശർ കുമാറിനൊപ്പം കമ്മിൻസ് നേരിട്ടെത്തി പന്തെറിഞ്ഞു. 27 റൺസിനിടെ മൂന്ന് വിക്കറ്റുകൾ പഞ്ചാബിന് നഷ്ടമായി. പിന്നീട് മത്സരത്തിലേക്ക് തിരികെ വന്ന പഞ്ചാബ് രണ്ട് റൺസിനാണ് മത്സരം പരാജയപ്പെട്ടത്.

ചിന്നസ്വാമിയിൽ നടന്ന റൺഫെസ്റ്റിലും നിർണായക സമയത്ത് ക്യാപ്റ്റൻ കളം പിടിച്ചു. ഫാഫ് ഡു പ്ലെസി, സൗരഭ് ചൗഹാൻ, മഹിപാൽ ലോംറോർ എന്നിവരെ കമ്മിൻസാണ് പുറത്താക്കിയത്. സ്ലോവർ ബൗൺസർ വരുമെന്ന് പ്രതീക്ഷിച്ച് നിന്ന ചൗഹാന് ലഭിച്ചത് യോർക്കർ ലെങ്ത് ബോളാണ്. സീസണിൽ നാലാം സ്ഥാനത്താണ് സൺറൈസേഴ്സ് ഇപ്പോൾ. 2016ന് ശേഷം ഹൈദരാബാദിലേക്ക് ഐപിഎൽ എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com