മുംബൈ ഇന്ത്യൻസ്, നിങ്ങൾ തെറ്റുതിരുത്തണം; ഹിറ്റ്മാനായി ആരാധകർ

തന്ത്രങ്ങൾ അതിവേ​ഗം പഠിക്കുന്ന റുതുരാജിനെയാണ് കളത്തിൽ കണ്ടത്.
മുംബൈ ഇന്ത്യൻസ്, നിങ്ങൾ തെറ്റുതിരുത്തണം; ഹിറ്റ്മാനായി ആരാധകർ

'പ്രിയ മുംബൈ ഇന്ത്യൻസ്, നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു', ഐപിഎല്ലിന്റെ തുടക്കം മുതൽ ഈ ടീമിനെ പിന്തുണയ്ക്കുന്ന ആരാധകർ പറയുന്നതാണിത്. ഒരുപക്ഷേ ഇത്ര വലിയൊരു തെറ്റ് ലോകക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ഹാർദ്ദിക് പാണ്ഡ്യയെന്ന ഓൾ റൗണ്ടറെ ടീമിലെത്തിച്ചതിൽ ഒരപാകതയും ഇല്ല. പക്ഷേ അതിന് കൊടുത്ത വില ഇന്ത്യൻ ക്രിക്കറ്റിനെ വിഭജിക്കുന്നതായി പോയി. ആദ്യമായി ഒരു ഇന്ത്യൻ താരം സ്വന്തം ആരാധകരാൽ കൂക്കുവിളികളേൽക്കുന്നു. ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കൂവൽ അവസാനിപ്പിക്കാൻ മുംബൈ ആരാധകർ തയ്യാറാകുന്നില്ല. ചിരിച്ചുകൊണ്ട് പ്രതികരിക്കുമ്പോഴും ഹാർദ്ദിക്ക് ഉള്ളിൽ ദുഃഖിതനാണെന്ന് വ്യക്തം.

ഈ ലോകം മുഴുവൻ വിലയ്ക്ക് വാങ്ങാനുള്ള പണം മുംബൈ ഉടമകൾക്ക് ഉണ്ടാകാം. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ നിങ്ങളുടെ ടീമിൽ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ നിങ്ങളുടെ ടീമിൽ ആയിരുന്നില്ലേ. പക്ഷേ ദൈവത്തിന് പോലും നിങ്ങളുടെ ടീമിനായി കിരീടം ഉയർത്താൻ സാധിച്ചില്ല. അതിന് കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരാൾ വേണം. ഒരു നായകൻ വേണം. വിരാട് കോഹ്‌ലിയെന്ന രാജാവിന് കപ്പുയർത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുംബൈ ഉടമകൾ കണ്ടിട്ടില്ലേ?

ഐപിഎല്ലിലെ ആദ്യ അഞ്ച് സീസണുകളിൽ കപ്പുയർത്താൻ മുംബൈ ഇന്ത്യൻസിനും കഴിഞ്ഞിട്ടില്ല. പക്ഷേ ആ നായകന്റെ കടന്നുവരവോടെ മുംബൈ കപ്പുകൾ ഉയർത്തിതുടങ്ങി. ഐപിഎല്ലിൽ അ‍ഞ്ച് തവണ കിരീടമുയർത്തിയ രണ്ട് ടീമുകളാണുള്ളത്. അതിൽ ഒന്ന് സാക്ഷാൽ മഹേന്ദ്ര സിം​ഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സ്. അതിനൊപ്പം നിൽക്കാൻ മുംബൈ ഇന്ത്യൻസിന് കഴിയുന്നില്ലേ? അതിന് കാരണക്കാരൻ രോഹിത് ശർമ്മയെന്ന പോരാളിയാണ്.

മുംബൈ ഇന്ത്യൻസ്, നിങ്ങൾ തെറ്റുതിരുത്തണം; ഹിറ്റ്മാനായി ആരാധകർ
ചെന്നൈക്കെതിരെ സെഞ്ച്വറി; മുംബൈ ഇന്ത്യൻസിനായി അപൂർവ്വ റെക്കോർഡിട്ട് ഹിറ്റ്മാൻ

എന്ത് കാരണമാണ് നായകമാറ്റത്തിന് മുംബൈയ്ക്ക് പറയാനുള്ളത്. രോഹിതിന്റെ കീഴിൽ ടീം മോശമായോ? അത് ആവർത്തിച്ച് ചോദിച്ചിട്ടും മാർക് ബൗച്ചർ വാ തുറന്നില്ലല്ലോ. ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ രോഹിത് ഒറ്റയ്ക്ക് പോരാടി. അയാൾ ക്രീസിൽ നിൽക്കുമ്പോഴെല്ലാം മുംബൈയ്ക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ചെന്നൈയെ ജയിപ്പിക്കാൻ അവിടെ ഒരാൾ ഉണ്ടായിരുന്നു. മഹേന്ദ്ര സിം​ഗ് ധോണി വിക്കറ്റിന് പിന്നിൽ നിന്നും റുതുരാജ് ഗെയ്ക്ക്‌വാദ്‌ മുന്നിൽ നിന്നും നയിച്ചു. തന്ത്രങ്ങൾ അതിവേ​ഗം പഠിക്കുന്ന റുതുരാജിനെയാണ് കളത്തിൽ കണ്ടത്. പക്ഷേ ഒരു കളിക്കാരനപ്പുറം ഹാർദ്ദിക്കിന് ഉയരുവാൻ കഴിയുന്നില്ല. ഇനിയൊരു തിരിച്ചുവരവിന് സാധിക്കണമെങ്കിൽ മുംബൈ തെറ്റ് തിരുത്തണം. അല്ലെങ്കിൽ മുംബൈ നീങ്ങുന്നത് സമാനതകളില്ലാത്ത തകർച്ചയിലേക്കാവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com