വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ ഷോ...; അയാൾ ഇവിടെ തന്നെയുണ്ട്

റീ എൻട്രി നടത്താൻ നിവിൻ പോളി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയോ ഇടവേളയെടുക്കുകയോ ചെയ്തിരുന്നില്ല, പിന്നെന്തിനാണ് തിരിച്ചുവരവ് എന്ന രീതിയിൽ നിവിൻ പോളി ആഘോഷിക്കപ്പെടുന്നത്
വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ ഷോ...; അയാൾ ഇവിടെ തന്നെയുണ്ട്

കഴിഞ്ഞ ദിവസം റിലീസിനെത്തിയ വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് ആവേശകരമായ പ്രതികരണങ്ങൾ ലഭിക്കുമ്പോൾ സിനിമയുടെ മേന്മയേക്കാളുമൊക്കെ പ്രേക്ഷകർ സംസാരിക്കുന്നതും, ആഘോഷിക്കുന്നതും നിവിൻ പോളിയുടെ റീ എൻട്രിയിലാണ്. റീ എൻട്രി നടത്താൻ നിവിൻ പോളി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയോ ഇടവേളയെടുക്കുകയോ ചെയ്തിരുന്നില്ല, പിന്നെന്തിനാണ് തിരിച്ചുവരവ് എന്ന രീതിയിൽ നിവിൻ പോളി ആഘോഷിക്കപ്പെടുന്നത്.

2010, വിനീതിന്റ ആദ്യ സംവിധാന സംരഭം, 'മലർവാടി ആർ്ട്ട്സ് ക്ലബി'ലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ അംഗമായ നിവിൻ പോളിയെ പ്രകാശനായി മലയാളികൾ സ്വീകരിച്ചത് ആ കഥാപാത്രത്തിന്റെ ലുക്കും പക്വതയും ആ പക്വത ഒട്ടും ചോർത്താതെ കൂട്ടത്തിലിരുന്ന് ഹ്യൂമർ പറയാനുള്ള സെൻസുമൊക്കെ കൊണ്ടാണ്. പിന്നീട് തന്റെ ഉള്ളിലെ ഹാൻസം ലുക്കിനെ എൻഹാൻസ് ചെയ്യിക്കുന്ന തരത്തിൽ ട്രാഫിക്കിലെ കാമിയോയിലും നിവിൻ ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു.

നിവിൻ മലയാളി പ്രേക്ഷകർക്ക് ഒരു വികാരമായി മാറാൻ ഒറ്റ സിനിമയെ വേണ്ടി വന്നുള്ളു. 2012-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്റെ തന്നെ 'തട്ടത്തിൻ മറയത്ത്'. പ്രണയം കൊണ്ട് സ്വയം മറന്നു പോയ വിനോദിനെ, വിനോദിന്റെ ഫീലിംഗ്സിനെ, ഹ്യൂമറിനെ ഇത്ര ഭംഗിയോടെ ചെയ്യാൻ നിവിൻ പോളിക്കല്ലാതെ മറ്റാർക്ക് സാധിക്കും എന്ന് തോന്നും വിധത്തിൽ അടയാളപ്പെടുത്തിയ കഥാപാത്രമായിരുന്നു അത്. ആദ്യ സിനിമയ്ക്ക് ശേഷം നിവിന് ലഭിച്ച വലിയ സ്വീകാര്യതയായിരുന്നു അത്. തുടർന്ന് 2013-ൽ മറ്റൊരു ബ്രേക്ക്, അൽഫോൺസിനോടൊപ്പം 'നേരം'. മലയാളത്തിലും തമിഴിലും ഒരുപോലെ ചിത്രീകരിച്ച നേരം സിനിമ നിവിനെന്ന നടനെ കേരളത്തിനു പുറത്തെത്തിച്ചു. ഇതിനിടയിൽ നിവിന്റെ നിരവധി സിനിമകൾ തുടരെ ഇറങ്ങിയിരുന്നു. അപ്രധാനമായി പോയതും പരാജയം രുചിച്ചതുമായ സിനിമകൾ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

1983യിലെ രമേശനും ഓം ശാന്തി ഓശാനയിലെ ഗിരിയും ബാംഗ്ലൂർ ഡെയ്സിലെ കുട്ടേട്ടനും ഒരു വടക്കൻ സെൽഫിയിലെ ഉമേഷുമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രേക്ഷകനെ സ്വാധീനിച്ച കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ നിവിൻ പ്രേക്ഷർക്ക് തങ്ങളിലൊരാളായിരുന്നു. 2015-ലെ മലയാള സിനിമയിൽ തരംഗം തീർത്ത സിനിമയായിരുന്നു പ്രേമം. മൂന്ന് കാലഘട്ടങ്ങളിലുള്ള ജോർജിന്റെ പ്രണയ ജീവിതത്തെ ഗംഭീരമാക്കിയ നിവിൻ്റെ ഫാൻ ബേസ് കുത്തനെയുയർന്നു, അല്ലെങ്കിൽ അടുത്ത ലെവലിലേക്ക് എത്തിയത് ഒരുപക്ഷെ പ്രേമത്തിലൂടെയാണ്. എന്തിനേറെ, നിവിന്റെ ബോഡി ലാംവേജും സംസാരവും സ്റ്റൈലും വരെ കോളേജ് യുവത്വങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.

പ്രേമത്തിൽ നിന്നും നിവിൻ നടത്തിയ ക്യാരക്ടർ ഷിഫ്റ്റ് എസ് ഐ ബിജുവിലേക്കായിരുന്നു. റൊമാന്റിക് ജോർജിൽ നിന്ന് കലിപ്പൻ എസ് ഐയായപ്പോൾ അതിനിടയിലെ പ്രണയവും കോമഡിയുമൊക്കെ നിവിൻ ഹാൻഡിൽ ചെയ്തത് വളരെ രസകരമായായിരുന്നു. അങ്ങനെ യങ്സ്റ്റേഴ്സിനും ഫാമിലി ഓഡിയൻസിനുമിടയിൽ ഒരു സ്റ്റാർ പരിവേഷം ലഭിച്ചു. ജേക്കബിന്റെ സ്വർഗ രാജ്യം എന്ന ചിത്രത്തിന് ശേഷമുള്ള നിവിന്റെ സിനിമകൾ കൂടുതലും പരാജയമാവുന്നതാണ് കണ്ടത്. വമ്പൻ ബജറ്റിലിറങ്ങിയ കായംകുളം കൊച്ചുണ്ണി ഹിറ്റായെങ്കിലും നടനിലെ പൂർണത കാണാൻ സാധിച്ചിരുന്നില്ല എന്നും അഭിപ്രായങ്ങളുയർന്നിരുന്നു.

അങ്ങനെയിരിക്കെയാണ് 2019-ലെ അക്ബറിന്റെ വേഷത്തിൽ മൂത്തോൻ എത്തുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലടക്കം സ്റ്റാൻഡിങ് ഓവേഷനോടെ സ്വീകരിക്കപ്പെട്ട മൂത്തോനിലെ അക്ബറിനെ മലയാളികൾ ഏറ്റെടുക്കുക മത്രമല്ല കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെ അക്ബർ നിവിന്റെ കരിയറിലെ തന്നെ പ്രധാന ഏടായി മാറി.

2020-ൽ നിവിൻ പോളി ചിത്രങ്ങളൊന്നും വരാത്തിനെ തുടര്‍ന്നുള്ള വിടവും അതിന് ശേഷം അദ്ദേഹം അഭിനയിച്ച സിനിമകളുമാണ് മലയാളി പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തെ അകറ്റിയത്. 2021-ലും 22ലും 23ലുമായി ആറോളം സിനിമകളിൽ അഭിനയിച്ചു നിവിൻ. കനകം കമിനി കലഹം, മഹാവീര്യർ, പടവെട്ട്, തുറമുഖം, സാറ്റർഡേ നൈറ്റ്സ്, രാമചന്ദ്ര ബോസ് ആൻഡ് കമ്പനി എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അപ്പോഴും നടന്റെ കരിയർ ഗ്രാഫിൽ ഹൈപ്പ് ഉണ്ടാക്കാൻ സാധിച്ചില്ല എന്നുമാത്രമല്ല, ഇൻഡസ്ട്രിയിലെ മറ്റു താരങ്ങളുമായി സിനിമകളുമായി നിവിൻ പോളിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല...

പ്രേക്ഷകർ പറയുന്നത് പോലെ നിവിന്റേത് ഒരു തിരിച്ചുവരവല്ല, മറിച്ച് തന്റെ ഏരിയയിൽ നിലനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം, അതിൽ വിനീതും വർഷങ്ങൾക്ക് ശേഷവും നൽകുന്ന പിന്തുണ ചെറുതല്ല. സിനിമയിലെ നിവിന്റെ കഥാപാത്രം പറയാൻ ശ്രമിക്കുന്നതും അതുതന്നെയാണ് നെപ്പോട്ടിസവും ഫേവറിറ്റിസവും ചർച്ചയാകുന്ന കാലത്ത് ഓറ്റയ്ക്ക് വഴിവെട്ടി വന്ന നിവിന്റെ ഏരിയ അദ്ദേഹത്തിനുള്ളതാണ്. മലയാളി ഫ്രം ഇന്ത്യ പോലുള്ള വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ആഗ്രഹിച്ച നിവിൻ പോളിയുടെ അഴിഞ്ഞാട്ടും ഉണ്ടാകും എന്നതിന്റെ തുടക്കം മാത്രമാണ് വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളി എന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com