ദ കംപ്ലീറ്റ് ക്രിക്കറ്റർ; നിതീഷ് കുമാർ റെഡ്ഡി ഒരു ഫുൾപാക്കേജ്

വിരാട് കോഹ്‌ലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ നിതീഷ് ആഗ്രഹിച്ചു
ദ കംപ്ലീറ്റ് ക്രിക്കറ്റർ; നിതീഷ് കുമാർ റെഡ്ഡി ഒരു ഫുൾപാക്കേജ്

അയാളെ ശ്രദ്ധിക്കു, അയാള്‍ വെറുമൊരു കളിക്കാരനല്ല. അടുത്ത ഇതിഹാസമാകേണ്ട താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹനുമ വിഹാരിയുടെ വാക്കുകളാണിത്. ഇന്ത്യൻ യുവതാരം നിതിഷ് കുമാര്‍ റെഡ്ഡിയെക്കുറിച്ചാണ് വിഹാരിയുടെ വാക്കുകൾ.

കൗമാരക്കാരനായിരുന്നപ്പോള്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെട്ട താരം. അതിനൊരു കാരണമുണ്ട്. വിരാട് കോഹ്‌ലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ നിതീഷ് ആഗ്രഹിച്ചു. ഒരിക്കല്‍ ബിസിസിഐയുടെ ഒരു പുരസ്‌കാര വേദിയില്‍ നിതീഷ് കോലിയെ കാണാന്‍ ശ്രമം നടത്തി. പക്ഷേ കോഹ്‌ലിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതീഷിനെ തടഞ്ഞു. എന്നാല്‍ നിതീഷിലെ താരത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ആദ്യ ഓവര്‍ പന്തെറിയാനും നിതീഷ് പഠിച്ചു. ഒരു മീഡിയം പേസറായി. വളരും തോറും ഏത് റോളിലും കളിക്കാന്‍ കഴിയുന്ന താരമായി നിതിഷ് മാറി. ഓപ്പണിംഗ് ബാറ്റിംഗോ ബൗളിംഗോ ചെയ്യും. അവസാന ഓവറില്‍ യോര്‍ക്കറുകളുമായി എത്താനും നിതീഷിന് കഴിയും. അങ്ങനെ ഒരു ഫുള്‍ പാക്കേജ് താരം.

ഹിന്ദുസ്താന്‍ സിങ്ക് ലിമിറ്റഡിന് വേണ്ടി ജോലി ചെയ്തിരുന്ന മുത്തല്യ റെഡ്ഡിയാണ് നിതീഷിന്റെ പിതാവ്. ഒരിക്കല്‍ ഉദയ്പൂരിലേക്ക് മുത്തല്യയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. മകന്റെ ക്രിക്കറ്റ് ആഗ്രഹത്തിന് വേണ്ടി ആ പിതാവ് ജോലി ഉപേക്ഷിച്ചു. ആ ത്യാഗത്തിന് മകന്‍ ഇപ്പോള്‍ വെടിക്കെട്ട് തീര്‍ത്ത് നന്ദി അറിയിക്കുകയാണ്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. അവസാന പന്ത് വരെ വിജയപരാജയങ്ങള്‍ മാറി മറിഞ്ഞു. രണ്ട് റണ്‍സിന് ഹൈദരാബാദ് വിജയം സ്വന്തമാക്കി. ഈ വിജയത്തിന് ഹൈദരാബാദിന്റെ കടപ്പാട് ഒരൊറ്റ താരത്തോടാണ്. ആന്ധ്രാക്കാരന്‍ നിതിഷ് കുമാര്‍ റെഡ്ഡിയോട്.

മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയത് സണ്‍റൈസേഴസ്. ലഭിച്ചത് ഈ ടൂര്‍ണമെന്റിലെ തന്നെ മോശം തുടക്കം. ട്രാവിസ് ഹെഡ് 21, അഭിഷേക് ശര്‍മ്മ 16, എയ്ഡാന്‍ മാക്രം പൂജ്യം, രാഹുല്‍ ത്രിപാഠി 11, ഹെന്റിച്ച് ക്ലാസന്‍ ഒമ്പത് എന്നിങ്ങനെ നിരാശപ്പെടുത്തി.

നിതീഷ് കുമാര്‍ ഒറ്റയ്ക്ക് ഹൈദരാബാദിനെ ചുമലിലേറ്റി. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ശിഖര്‍ ധവാന്‍ പന്ത് സാം കരണിന് നല്‍കി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ബൗണ്‍സര്‍ എറിഞ്ഞാല്‍ പേടിക്കുമെന്നതാണ് വിദേശ ബൗളര്‍മാരുടെ ചിന്ത. നിതീഷ് കുമാറിനെതിരെ സ്ലോവര്‍ ബൗണ്‍സര്‍ പരീക്ഷിച്ച സാം കരണ്‍ ബൗണ്ടറിയിലേക്ക് പറന്നു.

ഹര്‍പ്രീത് ബ്രാറിനെ സ്വിച്ച് ഹിറ്റ് അടിച്ച് നിതീഷ് തന്റെ പ്രതിഭയെ തെളിയിച്ചു. നാല് ഫോറും അഞ്ച് സിക്‌സും. 37 പന്തില്‍ 64 റണ്‍സ്. ഹൈദരാബാദിനെ 150 കടത്തി നിതീഷ് പുറത്തായി. ആ ഒരൊറ്റ ഇന്നിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ ഹൈദരാബാദ് തകര്‍ന്നടിയുമായിരുന്നു. തിരക്കേറിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മധ്യനിരയില്‍ നിതീഷും സ്ഥലം ആവശ്യപ്പെടുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com