പ്രിയ നെഹ്റ, നിങ്ങളാണ് ​യഥാർത്ഥ ഹീറോ; ഗുജറാത്ത് ടൈറ്റൻസിന്റെ വിജയനായകൻ

വിജയം ലക്ഷ്യമിട്ടല്ല ടീം കളിക്കേണ്ടതെന്ന ധീരമായ തീരുമാനം എടുത്തയാള്‍.
പ്രിയ നെഹ്റ, നിങ്ങളാണ് ​യഥാർത്ഥ ഹീറോ; ഗുജറാത്ത് ടൈറ്റൻസിന്റെ വിജയനായകൻ

ഗുജറാത്ത് ടൈറ്റന്‍സ്. 2022ല്‍ ആദ്യമായി ഐപിഎല്‍ കളത്തിലേക്ക് വന്ന ടീം. അരങ്ങേറ്റ സീസണില്‍ തന്നെ കപ്പടിച്ച് ​ഗുജറാത്ത് അത്ഭുതപ്പെടുത്തി. രണ്ടാം സീസണില്‍ ഫൈനല്‍ കളിച്ചു. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈക്ക് മുന്നില്‍ ​ഗുജറാത്ത് നിര വീണു. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റൻസ് എന്നതിൽ സംശയമില്ല. എന്നാല്‍ ആ ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ അധികം അറിയപ്പെടാത്ത ഒരു ഹീറോയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ പേസറും ഗുജറാത്ത് ടീമിന്റെ പ്രധാന പരിശീലകനുമാണ് അയാള്‍. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇടം കൈയ്യന്‍ കൊടുങ്കാറ്റായിരുന്ന ആശിഷ് നെഹ്‌റയാണ് ആ ഹീറോ.

വിജയം ലക്ഷ്യമിട്ടല്ല ടീം കളിക്കേണ്ടതെന്ന ധീരമായ തീരുമാനം എടുത്തയാള്‍. എത്ര മോശം സാഹചര്യത്തിലും പോരാട്ട വീര്യം കൈവെടിയരുതെന്ന് നെഹ്റ ടീമിനെ ഉപദേശിച്ചു. ആത്മവിശ്വാസവും ഒത്തൊരുമയും ആകണം നിങ്ങളുടെ കൈമുതല്‍. ആരുടെയും മോശം പ്രകടനം ഇവിടെ ചര്‍ച്ചയാകില്ല. അതൊക്കെ ഗ്രൗണ്ടില്‍ ഞാന്‍ ശരിയാക്കി നല്‍കാം. നെഹ്‌റയുടെ വാക്കുകള്‍ ഗുജറാത്ത് സംഘത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

2000ങ്ങളുടെ തുടക്കത്തില്‍ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനയായിരുന്നു ആശിഷ് നെഹ്റ. വിക്കറ്റിന്റെ ഇരുഭാഗത്തേയ്ക്കും പന്ത് തിരിക്കുവാനുള്ള കഴിവ് അയാളെ വ്യത്യസ്തനാക്കി. 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച മനുഷ്യൻ. ഒരൊറ്റ സ്പെല്ലിൽ‌ 10 ഓവർ എറിഞ്ഞ താരം 23 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തി. 20 വര്‍ഷക്കാലത്തോളം ആ ചരിത്രം ഇന്ത്യൻ ക്രിക്കറ്റിൽ ആരാലും മറികടന്നില്ല. 2023ൽ മുഹമ്മദ് ഷമിക്കാണ് ആ റെക്കോർഡ് തിരുത്തുവാൻ കഴിഞ്ഞത്.

2005 മുതൽ മോശം ഫോമും പരിക്കും നെഹ്റയുടെ കരിയറിന് തിരിച്ചടിയായി. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിച്ചു. 2017 വരെ ഇന്ത്യൻ ടീമിൽ കളിച്ച ശേഷമാണ് നെഹ്റയുടെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമാകുന്നത്. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബൗളിം​ഗ് പരിശീലകനായി. പക്ഷേ ടീമിനെ മുന്നോട്ട് നയിക്കാൻ നെഹ്റയ്ക്ക് കഴിഞ്ഞില്ല.

2022ൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായപ്പോള്‍ കടുത്ത വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്തുയര്‍ന്നത്. ലോകകപ്പ് ജേതാവ് ഗാരി കിര്‍സ്റ്റനുള്ളപ്പോള്‍ എന്തിനാണ് നെഹ്‌റയെ മുഖ്യപരിശീലകനാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബൗളിംഗ് കോച്ചായി നെഹ്‌റയുടെ മോശം പ്രകടനം ഗുജറാത്ത് കണ്ടിട്ടില്ലേ? ഇതൊക്കെയായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ആശങ്ക. പക്ഷേ വിമര്‍ശനങ്ങള്‍ മറികടക്കുന്നതായിരുന്നു അയാളുടെ പരിശീലനകാലം. ഹാര്‍ദ്ദിക് പാണ്ഡ്യയെയും ശുഭ്മന്‍ ഗില്ലിനെയും നായകന്മാരാക്കിയ ടീം. ക്യാപ്റ്റന്‍സിയുടെ ആശങ്കയോ തോല്‍വി ഭാരമോ ആരും നേരിട്ടില്ല. കാരണം കളിനിരീക്ഷിക്കാന്‍ നെഹ്‌റയുണ്ട്. അയാള്‍ പറയുന്നത് പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. ഗുജറാത്ത് ടൈറ്റൻസ് ജയിച്ചുകൊണ്ടിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com