​ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ‍ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയും

ഇത്തവണ ​ഗുജറാത്ത് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ​ഗില്ലിലേക്ക് മാത്രമായിരിക്കും
​ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ‍ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയും

​ഗുജറാത്ത് ടൈറ്റൻസ്. ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ കപ്പടിക്കാൻ ഭാ​ഗ്യം ലഭിച്ച ടീം. അത്രമേൽ ശക്തമായ നിരയുടെ പിൻബലമുണ്ട് ​ഗുജറാത്തിന്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയെ നായകനാക്കി ആദ്യ സീസണിനിറങ്ങി. ശുഭ്മൻ ​ഗിൽ, മാത്യൂ വേഡ്, സായി സുദർശൻ, ഡേവിഡ് മില്ലർ എന്നിവർ ബാറ്റിം​ഗ് വെടിക്കെട്ടിനുണ്ടായിരുന്നു. ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം റാഷിദ് ഖാനും രാഹുൽ തെവാട്ടിയയും ഓൾ റൗണ്ടർമാരായി ഉയർന്നു. മുഹമ്മദ് ഷമി, ലോക്കി ഫെർ​ഗൂസൺ, അൽസാരി ജോസഫ് എന്നിവർ പന്തുകൊണ്ട് മായാജാലം കാട്ടി.

അനായാസമായിരുന്നു ​ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രവേശനം. 14 മത്സരങ്ങളിൽ 10ലും ജയം. ഓരോ മത്സരത്തിലും ആരെങ്കിലും ഒരാൾ ഫോമിലേക്കുയരുമെന്നതായിരുന്നു ​ഗുജറാത്തിന്റെ പ്രത്യേകത. മുൻനിര തകർന്നപ്പോൾ ​ഗുജറാത്ത് തോറ്റെന്ന് കരുതിയവർക്ക് തെറ്റി. രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും എത്രയോ മത്സരങ്ങൾ ജയിപ്പിച്ചു. ഒടുവിൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ അനായാസം കീഴടക്കി ​​ഹാർദ്ദിക്ക് പാണ്ഡ്യയും സംഘവും കിരീടമുയർത്തി.

രണ്ടാം സീസണിൽ കെയ്ൻ വില്യംസണെയും മോഹിത് ശർമ്മയെയും ടീമിലെത്തിച്ച് ​ഗുജറാത്ത് ശക്തി കൂട്ടി. പക്ഷേ പരിക്കേറ്റതോടെ വില്യംസൺ ഒരു മത്സരത്തിന് ശേഷം മടങ്ങി. എങ്കിലും ആദ്യ സീസണിന്റെ ആവർത്തനമുണ്ടാക്കാൻ ഹാർദ്ദിക്കിനും സംഘത്തിനും കഴിഞ്ഞു. ഇത്തവണയും 14 മത്സരങ്ങളിൽ 10ലും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. പക്ഷേ ഒരു തിരിച്ചടി ​ഗുജറാത്തിനെ കാത്തിരിപ്പുണ്ടായിരുന്നു. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു എതിരാളികൾ. ​ഗുജറാത്ത് നാലിന് 214 എന്ന കൂറ്റൻ ടോട്ടൽ ഉയർത്തി. മഴ നിയമത്തിൽ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 ആയി നിശ്ചയിച്ചു. അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ സിക്സ് ​ഗുജറാത്തിന്റെ രണ്ടാം കിരീട മോഹങ്ങൾ തല്ലിക്കെടുത്തി. ചെന്നൈ വിജയം ആഘോഷിച്ചു. എങ്കിലും രണ്ടാം തവണയും ഫൈനലിൽ എത്താൻ കഴിഞ്ഞത് ​ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎല്ലിലെ കരുത്താർന്ന സംഘമാക്കി മാറ്റി.

ഐപിഎല്ലിന്റെ 17-ാം പതിപ്പിൽ ഒരു മാറ്റവുമായാണ് ​ഗുജറാത്ത് ഇറങ്ങുന്നത്. ഹാർദ്ദിക്ക് പാണ്ഡ്യയെന്ന നായകൻ ഇത്തവണ ​ഗുജറാത്തിനൊപ്പം ഇല്ല. പഴയ തട്ടകമായ മുംബൈയിലേക്ക് ഹാർദ്ദിക്ക് മടങ്ങിപ്പോയി. പകരം ഇന്ത്യൻ ടീമിന്റെ ഭാവി പ്രതീക്ഷ ശുഭ്മൻ ​ഗില്ലാണ് പുതിയ നായകൻ. ഒപ്പം മുഹമ്മദ് ഷമി ഇല്ലെന്നതും തിരിച്ചടിയാണ്. ഷമിയുടെ അഭാവത്തിൽ മോഹിത് ശർമ്മയ്ക്ക് ജോലി വർദ്ധിക്കും. ഉമേഷ് യാദവിനും കാർത്തിക് ത്യാഗിക്കും ഒപ്പം ഓസ്ട്രേലിയൻ ബി​ഗ് ബാഷിൽ നിന്ന് സ്പെൻസർ ജോൺസണെയും ​ഗുജറാത്ത് ഇറക്കിയിട്ടുണ്ട്.

ഹാർദ്ദിക്ക് പാണ്ഡ്യയെന്ന ഓൾ റൗണ്ടറുടെ അഭാവം ​ഗുജറാത്ത് നിരയിൽ നിഴലിക്കുമെന്ന് ഉറപ്പാണ്. റാഷിദ് ഖാനും രാഹുൽ തെവാട്ടിയയ്ക്കും ആ കുറവ് നികത്താൻ കഴിഞ്ഞേക്കും. എന്തായാലും ഇത്തവണ ​ഗുജറാത്ത് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ​ഗില്ലിലേക്ക് മാത്രമായിരിക്കും. കാരണം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എത്രത്തോളം മികച്ചതെന്ന് ആ താരത്തിലൂടെ വിലയിരുത്താൻ കഴിയും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com