ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

ഇത്തവണ ഹാർദ്ദിക്ക് ഒരു കടുത്ത വെല്ലുവിളിയെയാണ് നേരിടുന്നത്.
ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

മുംബൈ ഇന്ത്യൻസ്. ക്രിക്കറ്റ് ദൈവത്തിന്റെ സാന്നിധ്യംകൊണ്ട് അനു​ഗ്രഹീതമായ ഐപിഎൽ ടീം. സച്ചിനെന്ന ഇതിഹാസത്തെ ഇഷ്ടപ്പെട്ടവർ മുംബൈയുടെ ആരാധകരായി. ആദ്യ സീസണിൽ മുംബൈയുടെ നായനും സച്ചിൻ തെണ്ടുൽക്കർ ആയിരുന്നു. ഓരോ വർഷം പിന്നിടുമ്പോഴും മുംബൈയ്ക്ക് ആരാധക പിന്തുണ ശക്തിപ്പെട്ടുകൊണ്ടിരുന്നു. സാക്ഷാൽ റിക്കി പോണ്ടിം​ഗും സച്ചിൻ തെണ്ടുൽക്കറും ഒരു ടീമിൽ കളിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. പക്ഷേ ആദ്യ കിരീടത്തിനായി മുംബൈയ്ക്ക് ഒരൽപ്പം കാത്തിരിക്കേണ്ടി വന്നു. ആറാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് മുംബൈ ആദ്യ കിരീടം നേടി. അന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയായിരുന്ന രോഹിത് ശർമ്മയിലൂടെയാണ് ആദ്യ കിരീടം മുംബൈ സ്വന്തമാക്കിയത്. ആ സീസണോടെ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ പടിയിറങ്ങി. പിന്നെ മുംബൈയിൽ രോഹിത് ശർമ്മ യുഗം ആരംഭിച്ചു.

2015, 2017, 2019 തുടങ്ങി ഒന്നിടവെട്ട വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് കപ്പ് സ്വന്തമാക്കി. 2020ൽ ആദ്യമായി ഐപിഎൽ നിലനിർത്തി. അഞ്ച് കിരീടമെന്ന അപൂർവ്വ റെക്കോർഡ് മുംബൈ സ്വന്തമാക്കി. 2023 വിജയിച്ചതോടെ ചെന്നൈ സൂപ്പർ കിം​ഗ്സും അഞ്ച് ഐപിഎൽ കിരീടമെന്ന റെക്കോർഡ് സ്വന്തമാക്കി. ഇതിനെല്ലാം പിന്നിൽ ഒരൊറ്റ പേരായിരുന്നു. രോഹിത് ശർമ്മയെന്ന സൂപ്പർ നായകന്റേത്. ആദ്യ സീസൺ മുതൽ മികച്ച നിരയെ കളത്തിലിറക്കാൻ മുംബൈ മടിച്ചിട്ടില്ല.

ഏകദിന ക്രിക്കറ്റിൽ തുടക്കം മുതൽ അടിച്ചുതകർക്കാൻ പഠിപ്പിച്ച ഒരു താരമുണ്ടായിരുന്നു. ശ്രീലങ്കൻ മുൻ താരം സന്നത് ജയസൂര്യ. ആ ഇതിഹാസമാണ് ആദ്യ സീസണിൽ മുംബൈയ്ക്കായി ഓപ്പണിംഗ് ഇറങ്ങിയത്. ഒപ്പം ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറും ബാറ്റുമായി ഇറങ്ങി. റിക്കി പോണ്ടിം​ഗ്, ഷോൺ പൊള്ളോക്ക്, ഹർഭജൻ‍ സിം​ഗ്, ലസീത് മലിം​ഗ തുടങ്ങിയ വമ്പൻ നിര മുംബൈയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും ഒരു കിരീട നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. സച്ചിൻ പിന്മാറിയപ്പോൾ പൊള്ളോക്കും ഹർഭജനും നായകനായി. പിന്നാലെ പോണ്ടിം​ഗ് എത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ നായകന് ട്വന്റി 20 ക്രിക്കറ്റ് വഴങ്ങിയില്ല. ഇവിടെയാണ് രോഹിത് ശർമ്മയുടെ പേര് വ്യത്യസ്തമാകുന്നത്. പക്ഷേ ഇത്തവണ തുടക്കത്തിലെ കാര്യങ്ങൾ ശുഭകരമല്ല.

രോഹിത് ശർമ്മയെന്ന ഒരേയൊരു നായകന് മുംബൈ പകരക്കാരനെ പ്രഖ്യാപിച്ചു. ഹാർദ്ദിക്ക് പാണ്ഡ്യയെ നായകനാക്കിയത് കടുത്ത ആരാധക രോഷത്തിന് ഇടയാക്കി. സച്ചിന്റെയും രോഹിതിന്റെയും ടീമിനെ പിന്തുണയ്ക്കണോയെന്ന ആശങ്കയിലാണ് മുംബൈ ആരാധകർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു ഹാർദ്ദിക്ക്. ഒരുതവണ കിരീടനേട്ടം ആഘോഷിച്ചപ്പോൾ രണ്ടാം തവണ റണ്ണർ അപ്പുകളായി. ശുഭ്മൻ ​ഗില്ലും റാഷിദ് ഖാനും സായി സുദർശനും മുഹമ്മദ് ഷമിയും തുടങ്ങി വലിയ താരങ്ങൾ ​ഗുജറാത്ത് നിരയിൽ ഉണ്ടായിരുന്നു. ഇത്ര വലിയൊരു ടീമിനെ വിജയിപ്പിക്കാൻ ആർക്കും സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്തായാലും ഇത്തവണ ഹാർദ്ദിക്ക് ഒരു കടുത്ത വെല്ലുവിളിയെയാണ് നേരിടുന്നത്. രോഹിത് എന്ന സൂപ്പർ നായകന് പിൻ​ഗാമിയാകുക എന്ന വെല്ലുവിളി. അതിനായുള്ള സംഘം മുംബൈയ്ക്കുണ്ട്.

രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജസ്പ്രീത് ബുംറ, ടിം ഡേവിഡ്, മുഹമ്മദ് നബി എന്നിവരുടെ കരുത്താർന്ന നിര. രോഹിതിന്റെ നായക സ്ഥാനത്തുനിന്നുള്ള മാറ്റം ടീമിനുള്ളിലും അസ്വസ്ഥതകൾക്ക് ഇടവരുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും അത് പറയാതെ പറഞ്ഞതുമാണ്. ഈ ടീമിനെ ഒന്നിച്ച് നിർത്തികൊണ്ടുപോകുകയെന്നത് ഹാർദ്ദിക്കിന് എളുപ്പമാകില്ല. ഒന്നിച്ചുനിന്നാൽ ആർക്കും വെല്ലുവിളി ഉയർത്തുന്ന ടീമായി മുംബൈ മാറുമെന്ന് ഉറപ്പാണ്. കാത്തിരിക്കാം മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിനായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com