കപ്പുയർത്തി കളം വിടാനോ ധോണിയുടെ തീരുമാനം? ആറാം കിരീടം മോഹിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ഇത്തവണ പുതിയ റോളിലേക്ക് മാറുമെന്ന സൂചന ഇതിഹാസ നായകൻ നൽകി കഴിഞ്ഞു
കപ്പുയർത്തി കളം വിടാനോ ധോണിയുടെ തീരുമാനം? ആറാം കിരീടം മോഹിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈ സൂപ്പർ കിം​ഗ്സ്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം. 14 സീസണുകൾ കളിച്ച ധോണിയും കൂട്ടരും 12 തവണയും പ്ലേ ഓഫിലെത്തി. അതിൽ 10 തവണ ഐപിഎല്ലിന്റെ ഫൈനലും കളിച്ചു. അഞ്ച് തവണ ചാമ്പ്യന്മാരായി. ഇത്രയധികം മികച്ചൊരു ടീം ഐപിഎല്ലിൽ വേറെയില്ല. ഇത്തവണ കിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യമാണ് മഹേന്ദ്ര സിം​ഗ് ധോണിയുടെ ടീമിനുള്ളത്. അങ്ങനെ സംഭവിച്ചാൽ അത് മറ്റൊരു ചരിത്രത്തിന് വഴിയൊരുക്കും. ആദ്യമായി ഐപിഎൽ കിരീടം രണ്ട് തവണ നിലനിർത്തുന്ന ആദ്യ ടീമായി ചെന്നൈ മാറും. ഒരിക്കൽ കൂടെ ഇതിഹാസ നായകൻ മഹേന്ദ്ര സിം​ഗ് ധോണിക്ക് കീഴിലാണ് ചെന്നൈ ഇറങ്ങുന്നത്.

സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ചെറിയ തിരിച്ചടി ധോണിക്കും കൂട്ടർക്കും ലഭിച്ചു. സ്റ്റാർ ഓപ്പണർ ഡേവോൺ കോൺവേ പരിക്കേറ്റ് പുറത്തായി. കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈ ഓപ്പണിം​ഗിന്റെ കരുത്തായിരുന്നു കോൺവേ. കിവീസിന്റെ ലോകകപ്പ് ഹീറോ രച്ചിൻ രവീന്ദ്ര കോൺവേയ്ക്ക് ഒത്ത പകരക്കാരനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം മികച്ച താരങ്ങളുടെ ഒരുകൂട്ടം തന്നെ ചെന്നൈക്ക് ഒപ്പമുണ്ട്. റുതുരാജ് ​ഗെയ്ക്ക്‌വാദ്‌, രവീന്ദ്ര ജഡേജ, ഡാരൽ മിച്ചൽ, മിച്ചൽ സാന്റർ, ദീപക് ചാഹർ, ഷർദുൽ താക്കൂർ എന്നിങ്ങനെ മികച്ച താരങ്ങൾ ചെന്നൈയിൽ നിറഞ്ഞ് നിൽക്കുന്നു.

ആദ്യമായി കളിക്കുന്ന സമീർ റിസ്‌വിയുടെ പ്രകടനം കാണാൻ ഇത്തവണ ആരാധകർ കാത്തിരിക്കുകയാണ്. രഞ്ജി ട്രോഫിയിൽ മോശം പ്രകടനം നടത്തിയ അജിൻക്യ രഹാനെയ്ക്ക് തിരിച്ചുവരവിനുള്ള അവസരമാണിത്. ഏതൊരു താരത്തെയും മികവിലേക്ക് ഉയർത്താൻ കഴിയുന്ന ഒരു നായകനുണ്ടെന്നതാണ് ചെന്നൈയുടെ പ്രത്യേകത. മധ്യനിര ബാറ്റർമാർ ആയിരുന്ന മൈക്ക് ഹസ്സിയെയും അമ്പാട്ടി റായിഡുവിനെയും ഓപ്പണർമാരാക്കി വിജയിപ്പിച്ച ചരിത്രമുണ്ട് ചെന്നൈക്ക്. റോയൽ ചലഞ്ചേഴ്സിൽ നിന്നും മോശം റെക്കോർഡ്സുമായെത്തിയ ഷെയൻ വാട്സൺ ചെന്നൈലെത്തിയപ്പോൾ വെടിക്കെട്ട് ഓപ്പണറായി.

പ്രഥമ ഐപിഎല്ലിന് മുമ്പായി ആറ് കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പർ കിം​ഗ്സ് സ്വന്തമാക്കിയത്. പിന്നീടൊരിക്കലും ധോണിയെ ലേലത്തിൽ വെച്ച് റിസ്കെടുക്കാൻ ചെന്നൈ ടീം തയ്യാറായിട്ടില്ല. ആദ്യ സീസണിൽ ഫൈനലിൽ അവസാന പന്തിലാണ് ചെന്നൈക്ക് കിരീടം നഷ്ടമായത്. രണ്ടാം സീസണിൽ സെമിയിൽ പുറത്തായി. ഒടുവിൽ മൂന്നാം സീസൺ മുതൽ കിരീട വേട്ടയ്ക്ക് തുടക്കം കുറിച്ചു. നാലാം സീസണിൽ ആദ്യമായൊരു ടീം ഐപിഎൽ കിരീടം നിലനിർത്തി.

അഞ്ച്, ആറ് സീസണുകളിൽ ഫൈനലിൽ പുറത്തായി. പിന്നീടൊരു കിരീടത്തിനായി കുറച്ച് കാത്തിരിക്കേണ്ടി വന്നു സൂപ്പർ കിംഗ്സിന്. 12-ാം സീസണിൽ ഹൈദരാബാദിനെ കീഴടക്കി ചെന്നൈ കിരീടം നേടി. പിന്നാലെ 14-ാം സീസണിലും 16-ാം സീസണിലും ചെന്നൈ ഐപിഎല്ലിന്റെ രാജക്കന്മാരായി. അഞ്ച് കിരീടമെന്ന ചെന്നൈയുടെ നേട്ടത്തിനൊപ്പം മുംബൈ ഇന്ത്യൻസ് മാത്രമാണുള്ളത്.

ഒരു പതിറ്റാണ്ടിലധികമായി ചെന്നൈയുടെ നായക സ്ഥാനത്തുള്ള ധോണിക്ക് ഇത് ഒരു പക്ഷേ അവസാന സീസൺ ആയിരിക്കാം. മുൻ സീസണുകളിൽ ഇനിയൊരു ഐപിഎല്ലിന് ഉണ്ടാകുമോയെന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാവുമെന്നാണ് ധോണി മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തവണ പുതിയ റോളിലേക്ക് മാറുമെന്ന സൂചന ഇതിഹാസ നായകൻ നൽകി കഴിഞ്ഞു. ഒരിക്കൽകൂടി തലയും കൂട്ടരും കപ്പുയർത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com