ദ ത്രീ ഹീറോസ് ഓഫ് എ മാച്ച്; ഈഡൻ ഗാർഡനിലെ ചരിത്ര ദിനത്തിന് ഇന്ന് 23 വർഷം

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തി.
ദ ത്രീ ഹീറോസ് ഓഫ് എ മാച്ച്; ഈഡൻ ഗാർഡനിലെ ചരിത്ര ദിനത്തിന് ഇന്ന് 23 വർഷം

ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേയ്ക്ക്‌സ് ഓഫ് മൈ ലൈഫില്‍ പ്രതിപാദിക്കുന്ന ഒരു ക്രിക്കറ്റ് മത്സരമുണ്ട്. 2001ലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. മൂന്ന് കഥാപാത്രങ്ങളാണിതില്‍. ക്രിക്കറ്റെന്നല്ല ഒരു വിനോദത്തിലും താല്‍പ്പര്യം ഇല്ലാത്ത ഗോവിന്ദ് പട്ടേല്‍ എന്ന കഥാനായകന്‍. ക്രിക്കറ്റിനെ ജീവനേക്കാള്‍ ഏറെ സ്‌നേഹിച്ച ഇഷാന്‍ ഭട്ടെന്ന ചെറുപ്പക്കാരന്‍. ഇരുവരുടെയും സുഹൃത്ത് ഒമി.

ഈ കഥാപാത്രങ്ങളുടെ ചെറുപ്പകാലത്താണ് സ്റ്റീവോയുടെ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക് എത്തിയത്. മത്സരങ്ങള്‍ വിജയിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം. മാത്യൂ ഹെയ്ഡന്‍, ജസ്റ്റിന്‍ ലാംഗര്‍, മാര്‍ക്ക് വോ, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്. ഈ പേരുകള്‍ കേട്ടാല്‍ പോലും ക്രിക്കറ്റ് ലോകം അന്ന് ഭയന്നുവിറയ്ക്കുമായിരുന്നു.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയായി. സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ സംഘം നിരുപാധികം കീഴടങ്ങി. തുടര്‍ച്ചയായി 16 ടെസ്റ്റ് മത്സരങ്ങളില്‍ വിജയമെന്ന റെക്കോര്‍ഡ് സ്റ്റീവ് വോയുടെ ഓസീസ് സ്വന്തമാക്കി.

രണ്ടാം ടെസ്റ്റ് നടക്കുന്നത് കൊല്‍ക്കത്തയിലാണ്. പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ തോല്‍വി ഒഴിവാക്കേണ്ടതുണ്ട്. അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ അത്രയൊക്കെ ആഗ്രഹിക്കാനെ ഇന്ത്യയ്ക്ക് കഴിയുമായിരുന്നുള്ളൂ.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ നന്നായി തുടങ്ങി. മൈക്കല്‍ സ്ലേറ്ററും മാത്യൂ ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ഉഗ്രന്‍ പെർഫോമന്‍സ് തന്നെ കാഴ്ചവെച്ചു. ഒരു വിക്കറ്റിന് 193 റണ്‍സെന്ന ശക്തമായ നിലയിലായി ഓസീസ്. സൗരവ് ഗാംഗുലി ഹര്‍ഭജന്‍ സിംഗിനെ പന്തേല്‍പ്പിച്ചു. പഞ്ചാബില്‍ നിന്നുള്ള ആ ഓഫ് സ്പിന്നറുടെ കരിയറിന്റെ ടേണിംഗ് പോയിന്റ് അവിടെ തുടങ്ങുകയായിരുന്നു. മാത്യു ഹെയ്ഡനെ വീഴ്ത്തിയാണ് തുടങ്ങിയത്. അടുത്ത ഇര മാര്‍ക്ക് വോ. പിന്നെ പോണ്ടിംഗിനെയും ഗില്‍ക്രിസ്റ്റിനെയും വോണിനെയും പുറത്താക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ രണ്ടാമത്തെ ഹാട്രിക് നേട്ടം ഹര്‍ഭജന്‍ സ്വന്തമാക്കി. ഒന്നിന് 193ല്‍ നിന്നും എട്ടിന് 269ലേക്ക് ഓസീസ് സംഘം കൂപ്പുകുത്തി. മത്സരം കണ്ട നമ്മുടെ കഥാനായകന്‍ ഇഷാന്‍ പറഞ്ഞു. ഈ ഹര്‍ഭജന്‍ ആളൊരു പ്രതിഭാസം തന്നെയാണ്. പക്ഷേ മത്സരത്തിന്റെ ആവേശം അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ സ്റ്റീവ് വോ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ടേയിരുന്നു. ഒടുവില്‍ ഹര്‍ഭജന്‍ വീണ്ടുമെത്തി. സ്റ്റീവോയെ പുറത്താക്കി. പക്ഷേ അപ്പോഴേയ്ക്കും ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 445ല്‍ എത്തിയിരുന്നു.

ഇന്ത്യ ബാറ്റിംഗിനിറങ്ങി. ആദ്യ റണ്‍സെടുക്കും മുമ്പെ സദഗോപന്‍ രമേഷ് ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തി. പിന്നെ ചീട്ടുകൊട്ടാരാം പോലെ ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞു. വെറും 171 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയത്. ഓസ്ട്രേലിയയേക്കാള്‍ 274 റണ്‍സിന് ഇന്ത്യ പിന്നിലായി. ഇതോടെ സ്റ്റീവോ ഇന്ത്യയെ ഫോളോ ഓണിന് അയച്ചു. അപ്പോള്‍ കഥാനായകന്‍ ഗോവിന്ദ് പട്ടേല്‍ ചോദിച്ചു. തോല്‍ക്കുമെന്ന് വ്യക്തമായ മത്സരം ഇങ്ങനെ കാണുന്നത് എന്തിനാണ് ? തോല്‍വിഭാരം കൊണ്ട് തലകുനിച്ച് മടങ്ങുന്ന ഇന്ത്യന്‍ ടീമിനെ തനിക്ക് കാണണമെന്ന് ഇഷാന്‍ മറുപടി നല്‍കി. ഒരു സമനിലപോലും നേടാമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷയില്ല.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. മൂന്നാം നമ്പറില്‍ നിന്ന് രാഹുല്‍ ദ്രാവിഡിനെ ആറാം നമ്പറിലേക്ക് മാറ്റി. പകരം വി വി എസ് ലക്ഷ്മണ്‍ മൂന്നാമതെത്തി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നന്നായി ബാറ്റ് ചെയ്തപ്പോഴും മുന്നില്‍ ഒരു ഹിമാലയന്‍ ടോട്ടല്‍ വേണമായിരുന്നു. ആറാമനായി ക്രീസിലെത്തിയ ദ്രാവിഡിനോട് സ്റ്റീവ് വോ ചോദിച്ചു. കഴിഞ്ഞ ഇന്നിംഗ്സില്‍ മൂന്നാമനായിരുന്ന താങ്കള്‍ ഇപ്പോള്‍ ആറാമനായി. അടുത്ത ഇന്നിംഗ്സില്‍ 12-ാമന്‍ ആകുമോ? വോയുടെ ഈ ചോദ്യത്തോട് ദ്രാവിഡ് പ്രതികരിച്ചില്ല. ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം. പിന്നെ ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് ഉയര്‍ത്തിയത് 376 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ലക്ഷ്മണ്‍ 281ഉം ദ്രാവിഡ് 180ഉം റണ്‍സെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ലക്ഷ്മൺ ഇടംപിടിച്ചത് ഈ ഇന്നിം​ഗ്സിലൂടെയാണ്.

മത്സരത്തിന്റെ അവസാന ദിനം രാവിലെയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ഒരു സമനില നേടുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ചിരുന്നു. അവസാന ദിവസത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങി. എന്നാല്‍ അവസാന സെഷനില്‍ കളി മാറി. ഹര്‍ഭജന്‍ വീണ്ടും ആഞ്ഞടിച്ചു. ആറ് ഓസ്ട്രേലിയന്‍ താരങ്ങളെയാണ് ഹര്‍ഭജന്‍ ഒറ്റയ്ക്ക് വീഴ്ത്തിയത്. മത്സരത്തിലാകെ 13 വിക്കറ്റുകള്‍. 171 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ഇന്ത്യ സ്വന്തമാക്കി. അപ്പോള്‍ ചരിത്ര വിജയത്തിന്റെ ആഘോഷത്തിലായിരുന്നു ഇഷാന്‍. ക്രിക്കറ്റ് അറിയാതിരുന്ന ഗോവിന്ദ് പട്ടേലും ആവേശത്തിലായി. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ടീമിനെ തോല്‍പ്പിക്കാന്‍ കഴിവുള്ള ടീം. അന്ന് മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഐഡന്റിറ്റി അങ്ങനെയായി മാറി. ആ ചരിത്ര വിജയത്തിന് ഇന്ന് 23 വര്‍ഷം പിന്നിടുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com