പ്രതികരിക്കും, പോരാടും, വേണമെങ്കിലൊന്ന് പൊട്ടിക്കും; മലയാളത്തിന്റെ സ്വയം മതിപ്പുള്ള നായികമാർ

കഴിഞ്ഞ വർഷം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ, നിരൂപക ശ്രദ്ധയാകർഷിച്ച ചില സ്ത്രീ കഥാപാത്രങ്ങളെ ഈ വനിത ദിനത്തിൽ വീണ്ടും ഓർത്തെടുക്കാം
പ്രതികരിക്കും, പോരാടും, വേണമെങ്കിലൊന്ന് പൊട്ടിക്കും; മലയാളത്തിന്റെ സ്വയം മതിപ്പുള്ള നായികമാർ

ഒരു കാലത്ത് തുടർച്ചയായ ഹീറോ ഓറിയെന്റഡ് സിനിമകൾക്കിടയിൽ വളരെ വിരളമായി മാത്രമാണ് സ്ത്രീപക്ഷ സിനിമകൾ കാണാൻ കഴിഞ്ഞിരുന്നത്. ജീവിതത്തിൽ ഭർത്താവിന്റെയും അച്ഛന്റെയും മകന്റെയും സഹോദരന്റെയുമെല്ലാം ആവശ്യങ്ങൾക്കായി നിലകൊണ്ടിരുന്ന, നായകനെ പ്രണയിക്കാനും വേദനകളേറ്റുവാങ്ങാനും പ്രണയനഷ്ടത്തിൽ ആത്മഹത്യ ചെയ്യാനും വേണ്ടി മാത്രമായി ചിത്രീകരിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഇന്ന് സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹൈപ്പർമാസ്‌കുലിൻ കഥാപാത്രങ്ങൾക്ക് ബോക്‌സ് ഓഫീസിൽ ആളുകയറുന്ന അതേ സമയം തന്നെ പാൻ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട വിധത്തിൽ സൂപ്പർ വിമെൻ സിനിമകളും പുറത്തിറങ്ങിയ വർഷമായിരുന്നു കഴിഞ്ഞുപോയത്. അത്തരത്തിൽ കഴിഞ്ഞ നാളുകളില്‍ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ, നിരൂപക ശ്രദ്ധയാകർഷിച്ച ചില സ്ത്രീ കഥാപാത്രങ്ങളെ ഈ വനിത ദിനത്തിൽ വീണ്ടും ഓർത്തെടുക്കാം.

'രേഖ'യായ വിൻസി അലോഷ്യസ്

മലയാളത്തിൽ 2023ലെ ആദ്യത്തെ വുമൺ ഓറിയന്റഡ് ത്രില്ലർ സിനിമയായിരുന്നു ജിതിൻ ഐസക്ക് തോമസിന്റെ രണ്ടാം ചിത്രമായ 'രേഖ'. റിവഞ്ച് ത്രില്ലർ കൂടിയായ രേഖയിലെ താരം വിൻസി അലോഷ്യസായിരുന്നു. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം വിൻസിക്ക് നേടിക്കൊടുത്ത സിനിമയായിരുന്നു രേഖ. വലിയ പ്രൊമോഷൻ ബഹളങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒടിടി റിലീസിന് ശേഷം രേഖയെയും രേഖയുടെ പ്രകടനത്തെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

പെൺകരുത്തിന്റെ പ്രതീകമായാണ് രേഖയെ വിൻസി അവതരിപ്പിച്ചത്. തന്നെ ചതിച്ച, തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ കാമുകനോട് പ്രതികാരം വീട്ടാൻ മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കിറങ്ങിത്തിരിക്കുന്ന പെൺകുട്ടി. മറ്റ് സ്ത്രീ കഥാപാത്രങ്ങൾ ദുർബലമാകുമ്പോൾ നിർഭയത്തോടെ മുന്നേറാൻ രേഖയ്ക്ക് കഴിഞ്ഞു. രേഖ എന്ന സ്ത്രീ കടന്നു പോകുന്ന മനോവികാരങ്ങൾ വിൻസിയിൽ ഭദ്രമായിരുന്നു. ഒരു ചെറിയ ഒരു കഥ ഏങ്ങനെയെല്ലാം മനോഹരമാക്കാൻ കഴിയുമോ അങ്ങനെയെല്ലാം രേഖ മികച്ചു തന്നെ നിന്നു.

തുറമുഖത്ത് കരുത്ത് കാട്ടിയ ഉമ്മ - പൂർണ്ണിമ ഇന്ദ്രജിത്ത്


1930-1950 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തിന്റെ തൊഴിലാളി സമര ചരിത്രം പറഞ്ഞ ചിത്രമാണ് തുറമുഖം. തുറമുഖം സ്ത്രീകളുടെ സിനിമയാണ് എന്ന് പറയാം. മക്കൾ നഷ്ടപ്പെട്ട ഉമ്മമാർ തെരുവിലൂടെ കരഞ്ഞ് ഓടിവരുന്ന രംഗം മറക്കാനാവാത്തതാണ്. സാഹചര്യങ്ങളിൽ നിന്ന് കരുത്താർജ്ജിച്ച സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം അതിജീവനത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റെ ഉമ്മ വേഷം. സിനിമ തിയേറ്ററിൽ എത്തിയ നാൾ മുതൽ ഏവരും ഒരുപോലെ പരാമർശിച്ച കഥാപാത്രമായിരുന്നു പൂർണിമയുടേത്. ശരീര ഭാഷ കൊണ്ടും സംസാര രീതി കൊണ്ടും പ്രകടനം കൊണ്ടും ഗംഭീരമായ പ്രകടനം കാഴ്ചവെച്ച, മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു പൂർണിമയെ തുറമുഖത്തിലൂടെ കണ്ടു.

സൂപ്പർ വില്ലത്തി സൂസൻ

മികച്ച നായികയാകാൻ മാത്രമല്ല, മികച്ച പ്രതിനായികയാകാനും ദർശന രാജേന്ദ്രന് സാധിക്കും എന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതത്തിലെ സൂസൻ. സ്ഥിരം നായിക പരിവേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ, സൂസൻ കൈയ്യടി നേടിയ മറ്റൊരു സ്ത്രീ കഥാപാത്രമായിരുന്നു. ഒരു കൊല നടത്തി, അത് വിദഗ്ധമായി മറച്ചുവെച്ച് അഭിനയിക്കുന്ന, തനിക്കെതിരെ വരുന്നവരെ കൊല്ലാൻ പോലും മടിക്കാത്ത, സൈലന്റായ സൂസൻ. സൂസനാണ് കഥയുടെ കേന്ദ്രം. പുരുഷ പ്രേതത്തിലെ പെർഫക്ട് കാസ്റ്റിങ്ങായിരുന്നു ദർശന രാജേന്ദ്രന്റേത്.

അറ്റയറിലും ആറ്റിറ്റ്യൂടിലും നന്ദിനിയായ ഐശ്വര്യ


പൊന്നിയിൻ സെൽവനിലെ നായികമാരെല്ലാവരും തന്നെ ശക്തരാണ്. എന്നിരുന്നാലും നെഗറ്റീവ് റോളിൽ തിളങ്ങിയ ഐശ്വര്യ റായ്‌യുടെ നന്ദിനി എടുത്തു പറയേണ്ട കഥാപാത്രമാണ്. പകയുടെ കൊടുമുടിയിൽ നിൽക്കുന്ന നന്ദിനിക്ക് ചോള നാടിനെ ചുട്ടു ചാമ്പലാക്കാനുള്ള അത്ര കോപമാണുള്ളത്. അത് നന്ദിനിയുടെ കണ്ണുകളിൽ പോലും പ്രതിഫലിക്കുന്നത് കാണാം. ഒടുവിൽ കുറ്റബോധത്താൽ തകർന്ന് പോകുന്ന നന്ദിനിയുടെ നിസഹായവസ്ഥയെയും ഐശ്വര്യ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു.

നിമിഷയുടെ 2023

ജിഗർതണ്ഡ ഡബിൾ എക്‌സ്, ചിത്ത, അദൃശ്യ ജാലകങ്ങൾ... അഭിനയിച്ച മൂന്ന് സിനിമകളും നിരൂപക ശ്രദ്ധ നേടിയവ. ജിഗർതണ്ഡ ഡബിൾ എക്‌സിലെ മലയരസി എന്ന കരുത്തുറ്റ കഥാപാത്രം സിനിമയെ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വാതിൽക്കൽ വന്ന് തലകുനിച്ച് സംസാരിക്കുന്ന, ഭർത്താവിനെ പേടിയായ, മറുത്തൊരക്ഷരം മിണ്ടാത്ത ഭാര്യയായല്ല ഒന്നിന് പത്ത് മറുപടി നൽകുന്ന, ഭർത്താവിന്റെ വയലൻസിനെ ഭയപ്പെടാത്ത മരിക്കാൻ പോലും ഉശിരോടെ മുന്നിൽ നിൽക്കാൻ ധൈര്യമുള്ള മലയരസിയെയാണ് മനോഹരമായി നിമിഷ അവതരിപ്പിച്ചത്.

ചിത്തയിലെ ശക്തിയും ഒരു പോരാളിയാണ്. ചിത്തയിൽ കുട്ടികളിലെ സെക്‌സ് എജുക്കേഷന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചൈല്‍ഡ് അബ്യൂസിനിരയായി ആ ട്രോമയിൽ തളർന്നു നിൽക്കുന്ന നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ് ശക്തി. ജീവിതത്തോട് തോറ്റുകൊടുക്കാൻ മനസു കാണിക്കാത്ത, എത് കഷ്ടതയിലും പിടിച്ചു നിൽക്കുന്ന ശക്തിയെ നിമിഷ അനശ്വരമാക്കിയിട്ടുണ്ട്. അദൃശ ജാലകങ്ങളിൽ ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്നിന്റെ ഓമന


വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിന് ഡെഡ്‌ലൈൻ വരയ്ക്കുന്നത് എന്ന് കാണിച്ചു തന്ന കഥാപാത്രമായിരുന്നു ജിയോ ബേബിയുടെ കാതലിലെ ഓമന.

തമിഴ് സൂപ്പർ സിനിമകളുടെ കൊമേഴ്ഷ്യൽ ഫോർമാറ്റുകളിൽ മാത്രം നാം കണ്ടു ശീലിച്ച ജ്യോതിക, ഒരു നോട്ടം കൊണ്ടും മൗനം കൊണ്ടും പോലും ആഴമേറിയ അർഥങ്ങൾ മുന്നോട്ടുവെച്ച കഥാപാത്രമായിരുന്നു ഓമന. സമൂഹത്തിലെ ഒരായിരം ഓമനമാർക്ക് ഊർജം നൽകുന്ന ചിത്രമായിരുന്നു കാതൽ: ദി കോർ.

കരുത്തുള്ള നേരിന്റെ സാറ

തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ നേര്. സത്യത്തിന്റെ വെളിച്ചത്തെ നേരിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ സിനിമയിലെ നായകനായ മോഹൻലാലിനൊപ്പം അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ് അനശ്വര രാജൻ അനശ്വരമാക്കിയ സാറ. നീതി ലഭിക്കാതെ ഇന്നും ഇരുട്ടിലിരിക്കുന്ന നിരവധി പെൺകുട്ടികളെ ഓർമ്മിപ്പിക്കുന്നതാണ് നേര്. അനശ്വരയുടെ കരിയറിൽ ഇതിലും മികച്ച അവസരങ്ങൾ എത്തുമായിരിക്കാം, എന്നാൽ സാറ ഉണ്ടാക്കിയ ഇംപാക്ട് അനശ്വര എന്ന നടിയുടെ കരിയറിനെ അടയാളപ്പെടുത്തുന്നതായിരിക്കും എന്നതിൽ സംശയമില്ല.

ഇന്ത്യൻ സിനിമയിലെ 2023-ലെ നായികമാരുടെ ലിസ്റ്റ് അവസാനിക്കുന്നില്ല, ബോളിവുഡിന്റെ കരുത്തുറ്റ നായിക കരീന കപൂറിന്റെ ജാനെ ജാൻ, ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന മിനി ഐ ജി സംവിധാനത്തിലൊരുങ്ങിയ ഡിവോഴ്‌സ്, പെണ്ണുടലിന്റെ, മാറിടത്തിന്റെ രാഷ്ട്രീയം പറഞ്ഞ ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ എന്നിങ്ങനെ നീളുന്നു സ്ത്രീത്വത്തെ അടയാളപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ചിത്രങ്ങൾ.

പ്രതികരിക്കും, പോരാടും, വേണമെങ്കിലൊന്ന് പൊട്ടിക്കും; മലയാളത്തിന്റെ സ്വയം മതിപ്പുള്ള നായികമാർ
OSCAR 2024; സന്തോഷങ്ങളുടെ ബാർബി ലോകം, സന്തോഷമില്ലാത്ത യഥാര്‍ത്ഥ ലോകം, അമ്പരന്ന 'ബാര്‍ബി'

2022 ൽ പുറത്തിറങ്ങിയ ജയജയജയജയഹേ തീർത്തും പെൺകരുത്തിന്റെ ചിത്രമായിരുന്നു. സഹിച്ച് നിൽക്കേണ്ടതില്ല, കിട്ടിയത് പലിശ സഹിതം തിരിച്ചുകൊടുക്കാൻ പെണ്ണിനും പറ്റുമെന്ന് കാണിച്ചുതന്ന സിനിമ. ഗാർഹിക പീഡനങ്ങൾ സഹിക്കേണ്ടതില്ലെന്ന് പറയുന്ന, തനിക്ക് കിട്ടിയ അടി പത്തിരട്ടിയായി തിരിച്ചുകൊടുത്ത് സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിപ്പോയ നായികയ്ക്ക് കൈയ്യടിക്കുന്ന സിനിമ അതായിരുന്നു ജയജയജയജയഹേ. അതിനും മുമ്പ് ഇറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ഏറെ ചർച്ചയായ സ്ത്രീപക്ഷ സിനിമയാണ്.

2024 ന്‍റെ തുടക്കത്തില്‍ തന്നെ ബോളിവുഡിന്റെ ബോൾഡ് ലേഡിയായി ഫൈറ്ററിലൂടെ ദീപിക പദുക്കോൺ ഹൃദയം കീഴടക്കിയപ്പോൾ മലയാളത്തിൽ ഷോർട്ട് ഹെയറും ക്യൂട്ട് സ്മൈലുമായി മമിതയെത്തി. പ്രേമലു പോലെ ചിത്രത്തിലെ മമിതയുടെ റീനു എന്ന കഥാപാത്രം യുവതാരങ്ങൾക്കിടയിൽ ശ്രദ്ധ നേടി. എനിക്ക് എന്നെ കുറിച്ച് നല്ല മതിപ്പുണ്ട് എന്ന് നായകന്റെ മുഖത്ത് നോക്കി പറയുന്ന റീനു, സ്ത്രീകളുടെ കോൺഫിഡൻസിൻസ് ലെവൽ ബൂസ്റ്റ് ചെയ്യുന്നുവെന്ന് പറഞ്ഞാൽ അധികമാകില്ല.

മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ യക്ഷിക്ക് അധികം സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നില്ലെങ്കിലും അമാൽഡ ലിസ് അവതരിപ്പിച്ച കഥാപാത്രം ആകർഷണീയമായിരുന്നു. യക്ഷിയുടെ തീക്ഷണമായ നോട്ടവും വശ്യതയും സിനിമയ്ക്ക് മുതൽക്കൂട്ടായി. പ്രതീക്ഷകളുമായി നിരവധി സ്ത്രീപക്ഷ സിനിമകളാണ് ഇനിയും വരാനിരിക്കുന്നത്.

പ്രതികരിക്കും, പോരാടും, വേണമെങ്കിലൊന്ന് പൊട്ടിക്കും; മലയാളത്തിന്റെ സ്വയം മതിപ്പുള്ള നായികമാർ
പാലക്കാട്ടെ തണൽമരം; തെരുവിലുപേക്ഷിക്കപ്പെട്ട അമ്മമാർക്ക് താങ്ങായി റസിയ ബാനുവും ശാന്തി നികേതനും

Related Stories

No stories found.
logo
Reporter Live
www.reporterlive.com