ബിസിസിഐ നടപടിക്ക് ഇരയായി ശ്രേയസും ഇഷാനും; ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതികള്‍ താരങ്ങളോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാന സ്വഭാവം ഈ രീതിയില്‍ മാറിപ്പോയി.
ബിസിസിഐ നടപടിക്ക് ഇരയായി ശ്രേയസും ഇഷാനും; ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതികള്‍ താരങ്ങളോ?

ഒടുവില്‍ ബിസിസിഐ ആ കടുത്ത തീരുമാനം എടുത്തു. പല തവണ പറഞ്ഞിട്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങള്‍ ഒടുവില്‍ പടിക്ക് പുറത്തായി. കഴിഞ്ഞ ലോകകപ്പ് കളിച്ച ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കി. നാലും അഞ്ചും ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് വേണ്ട. മൂന്ന് മണിക്കൂറില്‍ അവസാനിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് മതി. ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരിനെയും പോലുള്ള താരങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് ആരാണ്? ഐപിഎല്ലിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് നടത്തിയ ബിസിസിഐ തന്നെയല്ലേ അതിന് കാരണക്കാര്‍.

മുമ്പ് ഇന്ത്യന്‍ ടീമിലേക്ക് എത്തണമെങ്കില്‍ ഒരു താരത്തിന് ഒരുപാട് കടമ്പകള്‍ മുന്നിലുണ്ടായിരുന്നു. രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് ആ ട്രെന്റിന് മാറ്റം വന്നു. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശന വാതിലായി മാറി. വൈകിയാണെങ്കിലും ചെയ്തുപോയ തെറ്റ് ബിസിസിഐ തിരിച്ചറിഞ്ഞു. ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം. സമീപകാലത്ത് ഇക്കാര്യം ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ പലതവണ ആവര്‍ത്തിച്ചു പറഞ്ഞു. അതിനിടെ ബിസിസിഐ സെക്രട്ടറി എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചുവെന്ന് കായിക ലോകത്ത് നിന്ന് മറുചോദ്യവും ഉണ്ടാകുന്നു. രാഷ്ട്രീയ നേതാക്കള്‍ കൈയ്യടക്കിയിരിക്കുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍. ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന് ഐപിഎല്‍ മാനദണ്ഡമാക്കിയ ബിസിസിഐ. ഒരു വര്‍ഷം ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ വലിയ തുക രണ്ട് മാസത്തില്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഐപിഎല്‍. ടെസ്റ്റ് ക്രിക്കറ്റിലെ കഠിനാദ്ധ്വാനത്തേക്കാള്‍ ഐപിഎല്ലിലെ കളര്‍ഫുള്‍ ദിനങ്ങള്‍ ഇഷ്ടപ്പെടുന്ന യുവതാരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാന സ്വഭാവം ഈ രീതിയില്‍ മാറിപ്പോയി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്ന കാലം. ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാലത്ത് അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല, മറിച്ച് ഈ വിനോദത്തോടുള്ള അഭിനിവേശം കൊണ്ട് അവര്‍ എന്നും സ്റ്റേഡിയങ്ങളിലേക്ക് എത്തിയിരുന്നു.

2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് വന്‍വിജയമായി. പിന്നാലെ അന്നത്തെ ബിസിസിഐ വൈസ് പ്രസിഡന്റായിരുന്ന ലളിത് മോഡി ട്വന്റി 20 ക്രിക്കറ്റിന്റെ വാണിജ്യമുഖം അവതരിപ്പിച്ചു. ട്വന്റി 20 ക്രിക്കറ്റിനോട് വര്‍ദ്ധിച്ചുവന്നിരുന്ന ജനകീയത മുതലെടുക്കുകായിയുരുന്നു ലക്ഷ്യം. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഐപിഎല്‍ ടീമുകള്‍ നിലവില്‍ വന്നു. കോടികള്‍ മുടക്കി മികച്ച താരങ്ങളെ ടീമുകളിലെത്തിച്ചു. മധ്യവേനല്‍ അവധിക്കാലം ഇന്ത്യന്‍ ക്രിക്കറ്റിന് ഉത്സവകാലമായി.

ആദ്യമൊന്നും ഐപിഎല്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയില്ല. എന്നാല്‍ പതിയെ ഐപിഎല്ലിലെ പ്രകടനം ദേശീയ ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. ഇത് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളുടെ താല്‍പ്പര്യം പിന്നോട്ടടിച്ചു. രഞ്ജിയില്‍ മികച്ച റെക്കോര്‍ഡ് ഉണ്ടാക്കിയിട്ടും സറഫറാസ് ഖാനെപ്പോലുള്ള താരങ്ങള്‍ക്ക് ദേശീയ ടീമിലേക്കുള്ള വിളി ഏറെ വൈകി.

1983ല്‍ കപില്‍ ദേവും സംഘവും ലോകകപ്പ് നേടുന്നത് വരെ ഇന്ത്യന്‍ ക്രിക്കറ്റിനെ ഏകീകരിക്കുന്ന ഒരു സംഘടന മാത്രമായിരുന്നു ബിസിസിഐ. എന്നാല്‍ അതിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റിന് ജനകീയത വര്‍ദ്ധിച്ചുവന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ വരവോടെ ബിസിസിഐക്ക് ഒരു താരമൂല്യം ലഭിച്ചു. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളുടെ തലപ്പത്ത് വന്നവരില്‍ ഭൂരിഭാഗവും കായിക മേഖലയില്‍ നിന്നുള്ളവരല്ല.

2019ല്‍ ബിസിസിഐ പ്രസിഡന്റായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറിയായി ജയ് ഷായുമെത്തി. 2022ല്‍ കാലാവധി അവസാനിച്ച് ഗാംഗുലി പടിയിറങ്ങിയപ്പോള്‍ ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മുതല്‍ ബിസിസിഐയുടെ മുഖമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്‍. ഒപ്പം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും പ്രസിഡന്റാണ് ജയ് ഷാ. അടുത്തത് ഐസിസി ചെയര്‍മാന്‍ പദവിയെന്ന് പറയപ്പെടുന്നു. നാല് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നടത്തിയെന്നതാണ് ജയ് ഷായുടെ വലിയ നേട്ടങ്ങളില്‍ ഒന്ന്.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നയാള്‍, അഫ്ഗാനിസ്ഥാനും നേപ്പാളും പോലെയുള്ള ഏഷ്യയിലെ ചെറുടീമുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നയാള്‍, ഒരു ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നതില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്ട്രീയ നേതാവിന്റെ തന്ത്രങ്ങള്‍ പയറ്റിതെളിയുകയാണ് ജയ് ഷാ. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ കുറച്ച് കാത്തിരിക്കാം.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നയാള്‍, അഫ്ഗാനിസ്ഥാനും നേപ്പാളും പോലെയുള്ള ഏഷ്യയിലെ ചെറുടീമുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നയാള്‍, ഒരു ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നതില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്ട്രീയ നേതാവിന്റെ തന്ത്രങ്ങള്‍ പയറ്റിതെളിയുകയാണ് ജയ് ഷാ. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ കുറച്ച് കാത്തിരിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com