മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾ

ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലിയിലുള്ള ഷോട്ടുകള്‍ മറികടന്ന് പുതിയ ബാറ്റിംഗ് ഷോട്ടുകള്‍ ഡിവില്ലിയേഴ്‌സ് ലോകക്രിക്കറ്റിന് കാട്ടിക്കൊടുത്തു.
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സിന് ഇന്ന് 40 വയസ് തികയുകയാണ്. ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകരെ ഇത്രയധികം ആനന്ദിപ്പിച്ച മറ്റൊരു താരമുണ്ടാകില്ല. ഡിവില്ലിയേഴ്‌സിന്റെ ആരാധക സംഘം ദക്ഷിണാഫ്രിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പരിമിത ഓവര്‍ ക്രിക്കറ്റിലെ അസാധ്യ പ്രകടനം കൊണ്ട് ഡിവില്ലിയേഴ്‌സ് ലോകക്രിക്കറ്റിലെവിടെയും വലിയ ആരാധകകൂട്ടത്തെ സൃഷ്ടിച്ചു.

2004ല്‍ ജൊഹന്നാസ്ബര്‍ഗില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീമില്‍ ഡിവില്ലിയേഴ്‌സ് അരങ്ങേറ്റം കുറിച്ചു. നായകന്‍ ഗ്രെയിം സ്മിത്തിനോടൊപ്പം ഓപ്പണറുടെ റോളിലാണ് ആദ്യ ടെസ്റ്റ് കളിച്ചത്. വെടിക്കെട്ട് ബാറ്ററിനുമപ്പുറം മികച്ച ഒരു ഫീല്‍ഡര്‍ കൂടിയാണ് ഡിവില്ലിയേഴ്‌സ്. ഈ മികവിനെ വിക്കറ്റിന്റെ പിന്നില്‍ ദക്ഷിണാഫ്രിക്ക ഉപയോഗിച്ചു.

കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ ഡിവില്ലിയേഴ്‌സിന് വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തവും ലഭിച്ചു. ഏഴാം നമ്പറിലെത്തിയ ഡിവില്ലിയേഴ്‌സ് അര്‍ദ്ധ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക് നീങ്ങിയ മത്സരം സമനിലയിലാക്കാനും ഡിവില്ലിയേഴ്‌സിന് കഴിഞ്ഞു. പരമ്പരയിലെ അവസാന മത്സരത്തില്‍ വീണ്ടും ഓപ്പണറുടെ റോളിലെത്തി. ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സുമായി സെഞ്ച്വറിക്ക് അരികെ ഡിവില്ലിയേഴ്‌സ് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 109 റണ്‍സുമായി കരിയറിലെ ആദ്യ സെഞ്ച്വറി തികച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഡിവില്ലേഴ്‌സ് ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.

ടെസ്റ്റ് ആയാലും ഏകദിന, ട്വന്റി 20 ക്രിക്കറ്റായാലും ഡിവില്ലിയേഴ്‌സ് അതിവേഗം റണ്‍സെടുക്കാനാണ് ആഗ്രഹിച്ചത്. 2008ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ ഗ്രെയിം സ്മിത്തിന്റെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ 414 എന്ന സ്‌കോര്‍ നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് വിജയിക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. ബാറ്റര്‍, ഓപ്പണിംഗ് ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ റോളുകള്‍ക്ക് പുറമെ ഏതാനും മത്സരങ്ങളില്‍ മീഡിയം പേസറായും ഡിവില്ലിയേഴ്‌സ് എത്തിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിലെ വേഗത്തിലുള്ള സെഞ്ച്വറി ഇപ്പോഴും ഡിവില്ലേഴ്‌സിന്റെ പേരിലാണ്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 31 പന്തില്‍ താരം സെഞ്ച്വറി തികച്ചത്. ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലിയിലുള്ള ഷോട്ടുകള്‍ മറികടന്ന് പാരമ്പ്യരേതര ബാറ്റിംഗ് ഷോട്ടുകള്‍ ഡിവില്ലിയേഴ്‌സ് ലോകക്രിക്കറ്റിന് കാട്ടിക്കൊടുത്തു. അതിനാല്‍ മിസ്റ്റര്‍ 360 എന്നും ഡിവില്ലിയേഴ്‌സ് അറിയപ്പെട്ടു.

2018ല്‍ തന്റെ 34-ാം വയസില്‍ ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് കരിയര്‍ മതിയാക്കാന്‍ തീരുമാനിച്ചു. എങ്കിലും ട്വന്റി 20 ലീഗുകളില്‍ തുടരുമെന്നും അറിയിച്ചു. പിന്നെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ ടീമിന്റെ അഭിഭാജ്യ ഘടകമായിരുന്നു ഡിവില്ലിയേഴ്‌സ്. 2011ല്‍ ഡിവില്ലിയേഴ്‌സ് എത്തിയതിന് ശേഷം എത്രയോ മത്സരങ്ങളിലാണ് ബെംഗളൂരു ആരാധകര്‍ വിജയം ആഘോഷിച്ചത്. 2021ല്‍ ഒരു മടങ്ങിവരവിനുള്ള സാധ്യതകള്‍ എല്ലാം അവസാനിപ്പിച്ച് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും ഡിവില്ലിയേഴ്‌സ് വിരമിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com