ജെയിംസ് ആൻഡേഴ്സൺ; 41-ാം വയസിലും സ്വിങ് മെഷീൻ

ഇത്ര വലിയ ഒരു ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തുക ഒരിക്കലും എളുപ്പമല്ല.
ജെയിംസ് ആൻഡേഴ്സൺ; 41-ാം വയസിലും സ്വിങ് മെഷീൻ

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ മാര്‍ക് വുഡിന് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഒരു തീരുമാനമെടുത്തു. ജെയിംസ് ആന്‍ഡേഴ്സണെ ടീമില്‍ ഉള്‍പ്പെടുത്തുക. 41കാരനായ ആന്‍ഡേഴ്സണ്‍ രണ്ടാം ടെസ്റ്റില്‍ വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളാണ്. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമെല്ലാം അയാളുടെ എക്‌സ്പീരിയന്‍സ്ഡ് പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പുറത്തേയ്ക്ക് പോയി.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. 2002ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആന്‍ഡേഴ്സണ്‍ അരങ്ങേറ്റം കുറിച്ചു. 21 വര്‍ഷം പിന്നിട്ടിട്ടും ഈ ഇംഗ്ലീഷ് പേസര്‍ ബാറ്റര്‍മാരുടെ പേടി സ്വപ്നമായി തുടരുകയാണ്. ഇത്ര വലിയ ഒരു ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തുക ഒരിക്കലും എളുപ്പമല്ല. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് പൂര്‍ണമായും ഗ്രൗണ്ടില്‍ തുടരണം. മൂന്ന് കാര്യങ്ങളാണ് ആന്‍ഡേഴ്സണെ കളത്തില്‍ തുടരാന്‍ സഹായിക്കുന്നത്. ക്രിക്കറ്റിനോടുള്ള അവസാനിക്കാത്ത ഇഷ്ടം. ക്രിക്കറ്റിനായുള്ള കഠിനാദ്ധ്വാനം. ഒപ്പം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സില്‍ നിന്നും പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തില്‍ നിന്നും ലഭിക്കുന്ന വലിയ പിന്തുണ. ഇന്ത്യയുടെ 30കാരനായ ജസ്പ്രീത് ബുംറയോട് പിടിച്ചുനില്‍ക്കാന്‍ ഈ കാര്യങ്ങള്‍ തന്നെ ഏറെ വലുതാണ്.

ഏകദിന ക്രിക്കറ്റില്‍ 13 വര്‍ഷം കളിച്ച ആന്‍ഡേഴ്സണ്‍ 269 വിക്കറ്റുകള്‍ വീഴ്ത്തി. 2015ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ട് പുറത്തായി. പിന്നാലെ സീനിയര്‍ താരങ്ങളെ പുറത്തിരുത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് തീരുമാനിച്ചു. അങ്ങനെ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ഏകദിന ടീമില്‍ നിന്ന് പുറത്തായി. പക്ഷേ പിന്നെയും ടെസ്റ്റ് ക്രിക്കറ്റില്‍ ആന്‍ഡേഴ്സണ്‍ തന്റെ കഴിവ് തെളിയിച്ചുകൊണ്ടേയിരുന്നു. പ്രായം കൂടും തോറും അയാളുടെ പോരാട്ട വീര്യം വര്‍ദ്ധിച്ചുവരികയാണ്.

ടെസ്റ്റ് ക്രിക്കറ്റാണ് ആന്‍ഡേഴ്സന്റെ ബൗളിംഗ് കരുത്ത് അറിഞ്ഞ ഫോര്‍മാറ്റ്. നിലവില്‍ 695 വിക്കറ്റുകളാണ് ആന്‍ഡേഴ്സണ് ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. 14 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഇംഗ്ലീഷ് പേസര്‍ക്ക് ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയന്‍ വോണിനെ മറികടക്കാം. അപ്പോള്‍ ലോകക്രിക്കറ്റിലെ ഏക്കാലത്തെയും കൂടുതല്‍ വിക്കറ്റ് എടുത്തവരില്‍ ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥാനത്ത് എത്തും.

കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് പിന്നാലെയാണ് ക്രിക്കറ്റ് കരിയര്‍ മതിയാക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തീരുമാനം എടുത്തത്. പിന്നാലെ സഹതാരത്തിന്റെ നേരെയും സമാന ചോദ്യം ഉയര്‍ന്നു. അടുത്തത് ആന്‍ഡേഴ്സണ്‍ എന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതി. പക്ഷേ ഇംഗ്ലീഷ് ടീമിലെ നിര്‍ണായ സാന്നിധ്യമായി അയാള്‍ കളത്തില്‍ തുടരുകയാണ്. ഇനിയും ഏറെക്കാലം ആ കരിയര്‍ തുടരട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com