ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

അന്നത്തെ നായകന്‍ ഷോണ്‍ പൊള്ളോക്ക് സ്മിത്തിന് നായകസ്ഥാനം കൈമാറി.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

കരിയറില്‍ നിരവധി ടീമുകള്‍ക്ക് വേണ്ടി കളിച്ച ഒരു കായിക താരം. ദക്ഷിണാഫ്രിക്ക, വെസ്റ്റ് പ്രൊവിനന്‍സ് ബോളണ്ട്, രാജസ്ഥാന്‍ റോയല്‍സ്, യുണൈറ്റഡ് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് സൗത്ത് ആഫ്രിക്ക ഇന്‍വിറ്റേഷന്‍ ഇലവന്‍, കേപ് കോബ്രാസ് ടീമുകള്‍ക്ക് വേണ്ടി ആ താരം കളിച്ചു. പക്ഷേ കരിയറില്‍ എന്ത് നേടിയെന്ന് ചോദിച്ചാല്‍ ഉത്തരം വ്യത്യസ്തമാണ്. 22-ാം വയസില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ പ്രായം കുറഞ്ഞ നായകനായി എന്നതാണത്.. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ താരം ഗ്രെയിം സ്മിത്തിന് ഇന്ന് 43-ാം പിറന്നാളാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്മിത്ത് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിരുന്നു. 2000ത്തില്‍ അണ്ടര്‍ 19 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം 2002ല്‍ തന്നെ സീനിയര്‍ ടീമിലേക്ക് വഴിയൊരുക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ അര്‍ദ്ധ സെഞ്ച്വറി നേടി അരങ്ങേറ്റം ഗംഭീരമാക്കി. മൂന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി തികച്ചു. 2003ല്‍ ഇംഗ്ലണ്ടില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ സ്മിത്ത് നേടി. എഡ്ജ്ബാസ്റ്റണില്‍ 277 റണ്‍സ് നേടിയപ്പോള്‍ ലോഡ്‌സില്‍ 259 റണ്‍സും സ്മിത്ത് അടിച്ചെടുത്തു. അതില്‍ ഒരു വിദേശ താരം ലോഡ്‌സില്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സ്മിത്തിന്റെ 259. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ആ റെക്കോര്‍ഡ് സ്മിത്തിന്റെ പേരില്‍ തന്നെയാണ്.

അന്താരാഷ്ട്ര കരിയറില്‍ 347 മത്സരങ്ങള്‍ സ്മിത്ത് കളിച്ചിട്ടുണ്ട്. ആകെ കളിച്ച 116 ടെസ്റ്റില്‍ 109ലും സ്മിത്ത് നായകനായിരുന്നു. അതില്‍ മത്സരങ്ങളില്‍ സ്മിത്ത് വിജയം നേടി. ഇന്നും ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ ഈ ദക്ഷിണാഫ്രിക്കകാരനാണ്. 197 ഏകദിനങ്ങള്‍ കളിച്ച സ്മിത്ത് 150ലും ദക്ഷിണാഫ്രിക്കയെ നയിച്ചു. 92 എണ്ണത്തില്‍ വിജയം നേടി.

2003ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് സ്മിത്തിന് നായക പദവി ലഭിക്കുന്നത്. അന്നത്തെ നായകന്‍ ഷോണ്‍ പൊള്ളോക്ക് സ്മിത്തിന് നായകസ്ഥാനം കൈമാറി. പിന്നെ വിരമിക്കുന്ന കാലം വരെയും സ്മിത്തായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍. സ്മിത്തിന് കീഴില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തി. ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായിരുന്ന ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള ടീമായി ദക്ഷിണാഫ്രിക്ക മാറിയിരുന്നു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമെന്ന പേരും സ്മിത്തിന്റെ നായക മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു. പക്ഷേ ഐസിസി ടൂര്‍ണമെന്റുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനം മാത്രമായിരുന്നു സ്മിത്ത് എന്ന നായകന് നടത്താന്‍ കഴിഞ്ഞത്.

2014 മാര്‍ച്ചില്‍ 33-ാം വയസില്‍ സ്മിത്ത് ക്രിക്കറ്റിനോട് വിടപറഞ്ഞു. അന്നത്തെ മോശം ഫോമാണ് വിരമിക്കല്‍ നേരത്തെയാക്കാന്‍ താരത്തെ പ്രേരിപ്പിച്ചത്. ഒപ്പം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാനും താരം തീരുമാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com