ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്‍

1991ന്നാണ് ആ താരത്തിന്റെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയ വര്‍ഷം.
ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്‍

ഫുട്ബോള്‍ ലോകത്ത്, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയോളം കരുത്തും പ്രൗഢിയും പ്രതിധ്വനിക്കുന്ന ചുരുക്കം ചില പേരുകളേയുള്ളൂ. ബാറ്റി എന്നും ബാറ്റിഗോള്‍ എന്നും അറിയപ്പെടുന്ന അര്‍ജന്റീനന്‍ മുന്നേറ്റ നിരയിലെ താരം. ഗോള്‍ നേടാനുള്ള കഴിവ്, അതിനോടുള്ള നിശ്ചയദാര്‍ഢ്യം, എല്ലാത്തിലും ഉപരിയായി കാല്‍പ്പന്തിനോടുള്ള അഭിനിവേശം എന്നിവ അയാളില്‍ പ്രതിഫലിച്ചിരുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഫുട്‌ബോള്‍ ജീവിതംകൊണ്ട് അയാള്‍ തന്റെ പേര് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. കാല്‍പ്പന്തിന്റെ ലോകത്തെ ഏക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് ബാറ്റിസ്റ്റ്യൂട്ട. മയക്കുമരുന്ന് വിവാദത്തിൽപ്പെട്ട് സാക്ഷാൽ ഡീ​ഗോ മറഡോണ കളംമൊഴിയും മുമ്പ് ബാറ്റി അർജന്റീനയുടെ നീലയും വെള്ളയും ജഴ്സിൽ എത്തിയിരുന്നു. ഫുട്ബോൾ മിശിഹയായി ലയണൽ മെസ്സി ബൂട്ടണിയുന്ന കാലമത്രയും ബാറ്റി അർജന്റീനൻ ജഴ്സിയിൽ അയാൾ ഉണ്ടായിരുന്നു. കളിക്കളത്തില്‍ വിലസിനടന്നിരുന്ന ആ സ്വര്‍ണമുടിക്കാരന് ഇന്ന് 55 വയസ് തികയുകയാണ്.

1969 ഫെബ്രുവരി ഒന്നിന് അര്‍ജന്റീനയിലെ സാന്റഫെ പ്രവശ്യയിലാണ് ഗബ്രിയേല്‍ ഒമര്‍ ബാറ്റിസ്റ്റ്യൂട്ടയുടെ ജനനം. കുട്ടിക്കാലത്ത് ഫുട്ബോളിനൊപ്പം മറ്റ് വിനോദങ്ങള്‍ക്കും ആ ബാലന്‍ സമയം കണ്ടെത്തിയിരുന്നു. നല്ല ഉയരം ഉണ്ടായിരുന്നതിനാല്‍ ബാസ്‌കറ്റ്ബോളാണ് ബാറ്റി ഏറെ ഇഷ്ടപ്പെട്ടത്. എന്നാല്‍ 1978ല്‍ അര്‍ജന്റീന ലോകചാമ്പ്യനായത് കുഞ്ഞ് ബാറ്റിയുടെ മനസ് മാറ്റി. അന്നത്തെ ലോകകപ്പ് ഫൈനലില്‍ ഇരട്ട ഗോള്‍ നേടി അര്‍ജന്റീനയുടെ ഹീറോയായ മരിയോ കെമ്പ്സിന്റെ കടുത്ത ആരാധകനായി ആ ബാലന്‍ മാറി. പിന്നെ മുഴുവന്‍ സമയവും ഫുട്ബോളിനായി ചിലവഴിച്ചു. അതുവരെ കൂട്ടുകാരുമായി തെരുവില്‍ പന്ത് തട്ടിയത് മാത്രമായിരുന്നു ബാറ്റിയുടെ ഫുട്ബോള്‍ ജീവിതം. എന്നാല്‍ പിന്നീട് ബാറ്റി ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി. 1988ല്‍ ന്യൂവെല്‍ ഓള്‍ഡ് ബോയ്സുമായി കരാറിലെത്തി. 1990ല്‍ അര്‍ജന്റീനന്‍ ഫുട്ബോളിലെ മികച്ച ക്ലബുകളിലൊന്നായി റിവര്‍ പ്ലേറ്റിലേക്കുമെത്തി. ആ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബാറ്റിയെ റിവര്‍പ്ലേറ്റ് പുറത്താക്കുകയാണ് ചെയ്തത്.

1991 ആണ് ആ താരത്തിന്റെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയ വര്‍ഷം. റിവര്‍പ്ലേറ്റ് വിട്ട ബാറ്റി ബൊക്ക ജൂനിയേഴ്സില്‍ എത്തി. അതേ വര്‍ഷം അര്‍ജന്റീനയുടെ ദേശീയ ടീമില്‍ അരങ്ങേറാനും ബാറ്റിക്ക് കഴിഞ്ഞു. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമായിരുന്നു അത്. ലോക ഫുട്ബോളിന്റെ പ്രതീകമായി ബാറ്റി മാറിയത് അവിടെ നിന്നുമാണ്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ബാറ്റിയുടെ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചു. ഇതോടെ ലോക ഫുട്ബോളില്‍ സമാനതകളില്ലാത്ത ഉയരത്തിലേക്ക് ബാറ്റി എത്തിച്ചേര്‍ന്നു. ഒപ്പം ഇറ്റാലിയന്‍ ക്ലബ് എഎഫ്സി ഫിയൊറെന്റിനയില്‍ നിന്നും വിളിയും വന്നു. 268 മത്സരങ്ങള്‍ ഫിയൊറെന്റിനയില്‍ കളിച്ച ബാറ്റി 169 ഗോളുകള്‍ അടിച്ചുകൂട്ടി. 1993ലെ കോപ്പയിലും അയാള്‍ മികച്ച പ്രകടനം തുടര്‍ന്നു. അത്തവണയും അര്‍ജന്റീനയ്ക്കായിരുന്നു കോപ്പ അമേരിക്ക കിരീടം.

1994ലെ ലോകകപ്പിലും ബാറ്റിയായിരുന്നു അര്‍ജന്റീനയുടെ താരം. ഗ്രീസിനെതിരെ ഹാട്രിക് ഉള്‍പ്പടെ ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടി. പക്ഷേ പ്രീക്വാര്‍ട്ടറിനപ്പുറത്തേയ്ക്ക് നീങ്ങാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെതുടര്‍ന്ന് ഡീഗോ മറഡോണയുടെ കരിയര്‍ അവസാനിച്ച ലോകകപ്പ് കൂടെയാണിത്. മറഡോണയും ബാറ്റിസ്റ്റ്യൂട്ടയും ഒരുമിച്ച് കളിച്ചിരുന്നേല്‍ ലോകകപ്പില്‍ ഒരുപക്ഷേ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറിനപ്പുറത്തേയ്ക്ക് നീങ്ങാമായിരുന്നു.

1998ലെ ലോകകപ്പിലും സമാന വിധിയായിരുന്നു അര്‍ജന്റീനയ്ക്ക്. ജമൈക്കയ്ക്കെതിരായ ഹാട്രിക്കോടെ ബാറ്റിസ്റ്റ്യൂട്ട തിളങ്ങി നിന്നു. ടൂര്‍ണമെന്റില്‍ ആകെ അഞ്ച് ഗോളുകള്‍ നേടി. എന്നാല്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകാനായിരുന്നു അര്‍ജന്റീനന്‍ സംഘത്തിന്റെ വിധി. പക്ഷേ അപ്പോഴേയ്ക്കും ഫുട്ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായി ബാറ്റിസ്റ്റ്യൂട്ട മാറികഴിഞ്ഞിരുന്നു.

ഒരു ഗോള്‍വേട്ടക്കാരനും അപ്പുറത്തായിരുന്നു ബാറ്റിയുടെ കഴിവ്. കളിക്കളത്തിലെ നിശ്ചയദാര്‍ഢ്യം, വേഗത, സാങ്കേതിക തികവ്, ശാരിരിക കരുത്ത് തുടങ്ങി എല്ലാ കാര്യങ്ങളിലും ബാറ്റി മുന്നിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണത നിറഞ്ഞ ഒരു താരമായിരുന്നു അയാള്‍. 2002ലെ ലോകകപ്പില്‍ അര്‍ജന്റീന ഏറെ പ്രതീക്ഷയോടെയാണ് ഏഷ്യയിലേക്ക് എത്തിയത്. എന്നാല്‍ ഇത്തവണ ബാറ്റിയുടെ പ്രകടനം മോശമായിരുന്നു. ആദ്യ റൗണ്ടിനപ്പുറം അര്‍ജന്റീനയ്ക്ക് മുന്നേറാന്‍ സാധിച്ചതുമില്ല.

2000-01 സീസണില്‍ ഫിയൊറെന്റിന വിട്ട് ഇറ്റാലിയന്‍ ക്ലബ് എ എസ് റോമയിലേക്കെത്തി. രണ്ട് വര്‍ഷം റോമയ്ക്ക് വേണ്ടി ബാറ്റി ബൂട്ടണിഞ്ഞു. പിന്നാലെ ഖത്തര്‍ ക്ലബായ അല്‍ അറബിയിലേക്ക് ബാറ്റി എത്തിച്ചേര്‍ന്നു. രണ്ട് വര്‍ഷം അവിടെ പന്ത് തട്ടി അയാള്‍ തന്റെ കരിയറിന് വിരാമമിട്ടു.

2005ല്‍ കരിയറിന് അവസാനമായിട്ടും അയാള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ബ്രസീല്‍ താരങ്ങളായ റൊണാള്‍ഡോ, റൊമാരിയോ ഇംഗ്ലണ്ട് താരം അലന്‍ ഷിയറര്‍ ഇവര്‍ക്കൊപ്പമായിരുന്നു ബാറ്റി ചര്‍ച്ചകളില്‍ നിറഞ്ഞത്. ആരാണ് മികച്ച സ്‌ട്രൈക്കര്‍ എന്നതില്‍ അവസാനിക്കാത്ത തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com