മുന്നേറ്റ നിരയിലെ സ്പൈഡർമാൻ; ജൂലിയൻ അൽവാരസിന് പിറന്നാൾ‌

ചെറുപ്പത്തില്‍ അസാമാന്യ ഫുട്ബോള്‍ മികവുണ്ടെന്ന് തെളിയിച്ചു.
മുന്നേറ്റ നിരയിലെ സ്പൈഡർമാൻ; ജൂലിയൻ അൽവാരസിന് പിറന്നാൾ‌

ഒരിക്കല്‍, ലയണല്‍ മെസ്സിയുടെ ആരാധകനായ ഒരു കൗമാരക്കാരന്‍, തന്റെ ഇഷ്ടതാരത്തിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കുന്നു. 10 വര്‍ഷത്തിന് ശേഷം ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ നടക്കുമ്പോള്‍, മെസ്സിയുടെ പാസില്‍ നിന്നും അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു ഗോള്‍ നേടിയത് ആ പഴയ കൗമാരക്കാരനാണ്. ഒരു ഫോട്ടോ എടുക്കുക എന്ന ആഗ്രഹത്തില്‍ നിന്നും മെസ്സിക്കൊപ്പം ലോകകപ്പ് നേടുകയെന്ന ചരിത്ര നേട്ടത്തിലേക്ക് അര്‍ജന്റീനയുടെ ആ യുവതാരം കുതിച്ചെത്തി. ജൂലിയന്‍ അല്‍വാരസിന് ഇന്ന് 24-ാം പിറന്നാള്‍.

അര്‍ജന്റീനയിലെ കാല്‍ചിന്‍ എന്ന ഗ്രാമത്തിലാണ് അല്‍വാരസ് ജനിച്ചത്. ഏതൊരു അര്‍ജന്റീനക്കാരനെയും പോലെ ഫുട്ബോളുമായി തന്നെ ആ ബാലനും കുട്ടിക്കാലത്ത് കൂട്ടുകൂടി. ചെറുപ്പത്തില്‍ അസാമാന്യ ഫുട്ബോള്‍ മികവുണ്ടെന്ന് തെളിയിച്ചു. 11-ാം വയസില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ട്രയല്‍സില്‍ വിജയിച്ചു. എങ്കിലും പ്രായപരിധി തടസമായി. വിദേശ രാജ്യങ്ങളില്‍ നിന്ന് 13ല്‍ കുറവ് പ്രായമുള്ളവരുമായി കരാര്‍ പാടില്ലെന്നായിരുന്നു സ്പെയ്ന്‍ ഫുട്ബോളിന്റെ നിയമം. ഇത് അര്‍ജന്റീനയില്‍ തന്നെ തുടരാന്‍ അല്‍വാരസിനെ നിര്‍ബന്ധിതനാക്കി.

ഏറെ ബുദ്ധിമുട്ടേറിയതാണ് അര്‍ജന്റീനയിലെ ഫുട്ബോള്‍ ലീഗുകള്‍. ഒരു മത്സരം എന്നതിനപ്പുറം താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് അവ പോകുന്നത് പതിവായിരുന്നു. ഒരു ഫുട്ബോള്‍ താരത്തിന്റെ കഴിവിനും അപ്പുറം സ്വന്തം ശരീരം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഓരോ താരത്തിനുമുണ്ടായിരുന്നു.

16-ാം വയസില്‍ അര്‍ജന്റീനന്‍ ഫുട്‌ബോളിലെ ഏറെ മുന്‍നിരയിലുള്ള റിവര്‍പ്ലേറ്റ് ക്ലബിന്റെ യുവനിരയില്‍ അല്‍വാരസ് ഇടം കണ്ടെത്തി. ഇതോടെ ആ യുവതാരത്തിന്റെ കരിയര്‍ ഉയര്‍ച്ചയുടെ പാതയിയിലേക്ക് നീങ്ങിത്തുടങ്ങി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം അല്‍വാരസും ഉണ്ടായിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പമാണ് പരിശീലനത്തിനായി എത്തിയത്. പിന്നാലെ റിവര്‍പ്ലേറ്റിന്റെ സീനിയര്‍ ടീമിലേക്കെത്തി. 2021ല്‍ തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച താരമായി അല്‍വാരസ് മാറി. ഇത് അര്‍ജന്റീനയുടെ ദേശീയ ടീമിലേക്കുള്ള വഴിതുറന്നു. പിന്നെ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും അല്‍വാരസ് എത്തിച്ചേര്‍ന്നു.

മുന്‍നിരയില്‍ എവിടെയും കളിക്കാന്‍ കഴിയുന്നതാണ് അല്‍വാരസിന്റെ പ്രത്യേകത. വലത് കാലില്‍ പന്ത് നിയന്ത്രിച്ച് നിര്‍ത്തും. വളരെ വേഗത്തില്‍ മുന്നേറും. അല്‍വാരസില്‍ നിന്നും പന്ത് തട്ടിയെടുക്കാന്‍ എതിരാളികള്‍ക്ക് ഏറെ പ്രയാസവുമാണ്. അതുകൊണ്ടാവാം ചെറുപ്പത്തില്‍ തന്നെ സ്പൈഡര്‍മാന്‍ എന്ന പേര് അയാള്‍ക്ക് ലഭിച്ചത്.

ഖത്തറില്‍ സൗദിക്കെതിരായ ആദ്യ മത്സരത്തില്‍ അല്‍വാരസ് കളിച്ചില്ല. രണ്ടാം മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങി. നിര്‍ണായകമായ മൂന്നാം അങ്കത്തില്‍ പോളണ്ടിനെതിരെ തകര്‍പ്പന്‍ ഗോള്‍. പിന്നെ അര്‍ജന്റീനന്‍ നിരയിലെ ഒഴിവാക്കാന്‍ കഴിയാത്ത താരമായി അല്‍വാരസ് മാറി.

മെസ്സിക്കൊപ്പം കളിക്കുക, ബാഴ്സലോണയിലെത്തുക, ലോകകപ്പ് കളിക്കുക ഇവയൊക്കെ ആയിരുന്നു അല്‍വാരസിന്റെ ആഗ്രഹങ്ങള്‍. അതില്‍ മെസ്സിക്കൊപ്പം ലോകകപ്പ് നേട്ടം അയാള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടയുള്ള കിരീടങ്ങളില്‍ മുത്തമിട്ടു. ഇനിയെന്ത് ആഗ്രഹിച്ചാലും അത് നേടാന്‍ കരിയര്‍ ബാക്കിയാണ്. ജൂലിയന്‍ അല്‍വാരസിന് ജന്മദിനാശംസകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com