അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

ജിറോണ എഫ് സിയാണ് ഈ സീസണിൽ ലാ ലീ​ഗയിൽ ഏറ്റവും ​കൂടുതൽ ​ഗോൾ നേടിയ ടീം.
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

സ്പാനിഷ് ലീ​​ഗ് ഫുട്ബോൾ ടൂർണമെന്റിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും മുകളിലായി സ്ഥാനം പിടിച്ചിരിക്കുകയാണ് ജിറോണ എഫ് സി. ഒമ്പത് പതിറ്റാണ്ടിലധികം വരുന്ന ജിറോണയുടെ ചരിത്രത്തിൽ ഇത് ക്ലബിന്റെ നാലാം ലാ ലീ​ഗ സീസൺ മാത്രമാണ്. അതിൽ ഇതാദ്യമായാണ് ഇത്ര മനോഹര ഫുട്ബോളുമായി ജിറോണ ലാ ലീ​ഗയിലെ വമ്പന്മാരെ വിറപ്പിക്കുന്നത്. കൂടുതൽ കാലവും മൂന്നാം ഡിവിഷൻ ലീ​ഗിലോ അതിലും താഴെയോ കളിച്ചിരുന്ന ക്ലബായിരുന്നു ജിറോണ. 2008ൽ 49 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിറോണ രണ്ടാം ഡിവിഷൻ ലീ​ഗിലേക്ക് തിരിച്ചെത്തി. 2017ൽ ആദ്യമായി ജിറോണ ലാ ലീ​ഗയിലേക്ക് മുന്നേറി. എന്നാൽ രണ്ട് സീസണിനുള്ളിൽ വീണ്ടും തരം താഴ്ത്തൽ ലഭിച്ചു. പിന്നീട് കഴിഞ്ഞ സീസണിൽ ലാ ലീ​ഗയിലേക്ക് മടങ്ങിയെത്തിയെങ്കിലും 10-ാം സ്ഥാനത്തായി. 93 വർഷത്തെ ക്ലബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും ജിറോണയ്ക്ക് നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ടീമാണ് ജിറോണ.

2016-17 സീസണിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പന്മാരെ തകർത്തെറിഞ്ഞ് മുന്നേറിയ ലെസ്റ്റര്‍ സിറ്റിയ്ക്ക് സമാന മുന്നേറ്റമാണ് ജിറോണയും നടത്തുന്നത്. ഈ സീസണിൽ അത്‌ലറ്റികോ മാഡ്രിഡിനെയും ബാഴ്സലോണയെയും ജിറോണ തോൽപ്പിച്ചു. റയലിനോട് മാത്രമാണ് മുൻനിര ടീമുകളിൽ ജിറോണയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നത്. ഒരു പക്ഷേ സീസൺ അവസാനിക്കുമ്പോൾ ടോപ് ഫോറിൽ ഒരു സ്ഥാനം ജിറോണയ്ക്ക് സ്വന്തമാക്കാൻ കഴിയും. എങ്കിൽ ചരിത്രത്തിലാദ്യമായി ജിറോണ ചാമ്പ്യൻസ് ലീ​ഗ് കളിക്കും.

ജിറോണയുടെ ഈ മുന്നേറ്റത്തിന് പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനം പരിശീലകൻ മൈക്കൽ സാഞ്ചസിന്റെ തന്ത്രങ്ങളാണ്. 2021ൽ മൈക്കൽ പരിശീലകനായി എത്തിയതോടെ ജിറോണയിൽ മാറ്റങ്ങൾ വന്നുതുടങ്ങി. ലാ ലീ​ഗയിലേക്ക് മുന്നേറ്റം ലഭിച്ചത് മുതൽ ഇപ്പോൾ ടേബിൾ ടോപ് ആയതുവരെ അത് തുടർന്നു.

പന്ത് നിയന്ത്രണത്തിൽ നിർത്തിയുള്ള മത്സരമാണ് മൈക്കൽ ആഗ്രഹിക്കുന്നത്. അതാണ് ​ഗോൾ നേട്ടത്തിൽ പ്രധാനമെന്നാണ് മൈക്കലിന്റെ വാദം. അങ്ങനെ കളിച്ച ജിറോണ എഫ് സിയാണ് ഈ സീസണിൽ ലാ ലീ​ഗയിൽ ഏറ്റവും ​കൂടുതൽ ​ഗോൾ നേടിയ ടീം. ഇത്ര വലിയ നേട്ടം ജിറോണ മാനേജ്മെന്റ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പകഷേ മൈക്കൽ തന്റെ ജോലി ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കുന്നു. ആരാധകരെയും താരങ്ങളെയും മൈക്കൽ മനസിലാക്കിയിട്ടുണ്ട്. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയുള്ള മൈക്കൽ തന്റെ ക്ലബിനെ ഉയരത്തിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.

മികച്ച താരങ്ങളെ ക്ലബിലെത്തിക്കാൻ കഴിഞ്ഞതാണ് ജിറോണയുടെ മുന്നേറ്റത്തിലെ മറ്റൊരു ഘടകം. 2017ൽ ജിറോണയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ​ഗ്രൂപ്പ് ജിറോണയുടെ ഓഹരിയിൽ കൂടുതൽ ഭാ​ഗവും വാങ്ങി. ഈ മാറ്റത്തിന് പിന്നിൽ പെപ് ​ഗ്വാർഡിയോളയുടെ സഹോദരൻ പെരേ ഗാർഡിയോളയുടെ ഇടപെടലാണ്. സിറ്റി ഗ്രൂപ്പിന്‍റെ വാങ്ങലിലേക്ക് എത്തിച്ചത് വ്യവസായിയായ പെരെ ഗാര്‍ഡിയോളയുടെ ഉപദേശമായിരുന്നു. സിറ്റി ​ഗ്രൂപ്പിന്റെ 13 ഫുട്ബോൾ ക്ലബുകളിൽ ഒന്നായി ജിറോണ മാറി. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ പ്രതിരോധ താരം യാൻ കൂട്ടോ ജിറോണയിൽ എത്തിയത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ്. യാംഗൽ ഹെരേര, അലിക്സ് ഗാർസിയ, എറിക് ഗാർസ്യ എന്നിങ്ങനെ ചില മികച്ച താരങ്ങളും ജിറോണയിൽ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ​ഗ്വാർഡിയോളയുമായി മൈക്കലിനുള്ള സൗഹൃദവും ജിറോണയുടെ മുന്നേറ്റത്തിലൊരു ഘടകമാണ്. ഒരുപക്ഷേ ലാ ലീഗാ സീസണ്‍ അവസാനിക്കുമ്പോള്‍ ജിറോണ എഫ് സിയാകും ചാമ്പ്യന്മാര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com