'അയാളൊരു നടികന്‍': മോദിക്കെതിരെ വോട്ട് ചെയ്യാന്‍ പറയാതെ പറഞ്ഞ 'മക്കള്‍ സെല്‍വന്‍'

വിവിധ സാങ്കല്‍പ്പിക ജീവിത സാഹചര്യത്തില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമായ നടന വൈഭവമാണ്. സേതുപതി സിനിമയില്‍ തന്നെ അടയാളപ്പെടുത്തുന്നത് തന്റെ മറ്റൊരു വേര്‍ഷനായിട്ടാണ്, അയാള്‍ സേതുപതിയില്‍ നിന്ന് ഒരുതരി പോലും മാറുന്നില്ല...
'അയാളൊരു നടികന്‍': മോദിക്കെതിരെ വോട്ട് ചെയ്യാന്‍ പറയാതെ പറഞ്ഞ 'മക്കള്‍ സെല്‍വന്‍'

'Acting is behaving truthfully under imaginary circumstances.'

Sanford Meisner

സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അത്തരം താരങ്ങളെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയും. എംജിആറും ശിവാജി ഗണേശനും രജനികാന്തും കമല്‍ ഹാസനും വിജയ്‌യുമെല്ലാം ഉള്‍പ്പെട്ട ആ പട്ടികയിലേക്ക് അവസാനമായി ചേര്‍ക്കപ്പെട്ട പേരാണ് വിജയ ഗുരുനാഥ സേതുപതി അഥവാ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍.

വിവിധ സാങ്കല്‍പ്പിക ജീവിത സാഹചര്യത്തില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമായ നടന വൈഭവമാണ്. സേതുപതി സിനിമയില്‍ തന്നെ അടയാളപ്പെടുത്തുന്നത് തന്റെ മറ്റൊരു വേര്‍ഷനായിട്ടാണ്, അയാള്‍ സേതുപതിയില്‍ നിന്ന് ഒരുതരി പോലും മാറുന്നില്ല, സിനിമാ പ്രമോഷന്‍ വേളകളില്‍ അയാള്‍ സംസാരിക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ രാഷ്ട്രീയം പറയുന്നതും മനുഷ്യരോട് ഇടപെടുന്നതുമെല്ലാം ഒരേയാള്‍ തന്നെയാണ്. കഥാപാത്രത്തിന്റെ തൊലിക്കുളളിലേക്ക് തന്നെ പ്രതിഷ്ഠിക്കുകയാണ് സേതുപതി ചെയ്യുന്നത്. വില്ലനോ, നായകനോ ആയി കഥാപാത്രം മാറുമ്പോഴും ഇത് മാറുന്നില്ല.

കഥാപാത്രത്തിനായി എഴുത്തുകാരനും സംവിധായകനും നിര്‍ണയിച്ചിട്ടുള്ള ടെംപ്‌ലേറ്റുകളിലേക്ക് മാറുന്ന നടന്മാരാണ് ഇന്ത്യന്‍ സിനിമകളിലെ പൊതു ട്രെന്‍ഡ്, അവിടെ സ്വന്തം ജീവിത സാഹചര്യവുമായി കഥാപാത്രത്തെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും മിക്കതും പരാജയപ്പെടാറാണ് പതിവ്. രജനി കാന്തിന്റെ അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ദീര്‍ഘകാലമായി അദ്ദേഹം സെറ്റ് ചെയ്തിരിക്കുന്ന ടെംപ്‌ലേറ്റുകളെ കാണാനാവും. കമല്‍ ഹാസന്‍, വിജയ്, വിക്രം തുടങ്ങി തമിഴ് സിനിമയിലെ പ്രധാനികള്‍ക്കെല്ലാം ടെംപ്‌ലേറ്റുകളില്‍ നിന്ന് മാറുക ശ്രമകരമാണ്.

രജനികാന്തിന്റെ ജയിലറും പേട്ടയും ഒരേ സ്വഭാവികതയിലേക്ക് യാത്ര ചെയ്യുന്നത് അതുകൊണ്ടാണ്, വിജയിയുടെ ലിയോ അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കാത്തതും ഈ ടെംപ്‌ലേറ്റ് ഐഡന്റിറ്റിയുടെ 'കൂടോത്ര'മാണെന്ന് വേണമെങ്കില്‍ നമുക്ക് നിര്‍വചിക്കാം. അതേസമയം ടെംപ്‌ലേറ്റുകള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന വാദം മുന്നോട്ടുവെക്കുകയും സാധ്യമല്ല, വിക്രം ചെയ്ത മേക്കപ്പ് പരീക്ഷണങ്ങള്‍ ഒരേ ടെംപ്‌ലേറ്റുകളുടെ പ്രതിഫലനമായിട്ടും പ്രേക്ഷകര്‍ വ്യത്യസ്തമായിട്ടാണ് അവയെ സ്വീകരിച്ചതെന്നത് ഇവിടെ ഉദാഹരിക്കാം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മക്കള്‍ സെല്‍വന്‍റെ അപ്രോച്ച്, വിജയ് സേതുപതി അദ്ദേഹമായി മാത്രം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. സേതുപതിയുടെ സ്ത്രീ വേര്‍ഷനാണ് സൂപ്പര്‍ ഡിലെക്‌സില്‍ കാണാനാവുക, അയാളില്‍ നിന്ന് കഥാപാത്രം വിട്ടുപോകുന്നില്ല, മറ്റൊരാളായി മാറാതെ സ്വയം നിയന്ത്രിച്ചു നിര്‍ത്തിയാണ് 'റാസ്‌കുട്ടിയുടെ' അമ്മയായി അയാള്‍ പരിണമിക്കുന്നത്. വളരെ പൗരുഷമുള്ള വില്ലനിസത്തെയും അയാള്‍ സ്വന്തം ആത്മാവില്‍ പിടിച്ചുനിര്‍ത്തുന്നത് രസകരവും കൗതുകരവുമായ കാഴ്ച്ചയാണ്. മണിരത്‌നം സംവിധാനം ചെയ്ത 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിക്കുന്ന സേതുപതി കഥാപാത്രമായ റസൂല്‍ ആണെന്ന് തോന്നില്ല. കണ്ണിമ ചിമ്മാതെയാണ് ഏറ്റുപറച്ചിലില്‍ സേതുപതിയുടെ ക്രൂരമായ ഭാവം കാണാം. സമാന സാഹചര്യത്തില്‍ ലോകേഷ് കനകരാജിന്റെ മാസ്റ്ററിലും അദ്ദേഹത്തെ കാണാനാവും.

സേതുപതി കഥാപാത്രത്തെ സ്വീകരിക്കുന്ന കാര്യത്തില്‍ പിഴവുകളുണ്ടെന്നും പതിയെ ആവര്‍ത്തന വിരസമാകും അദ്ദേഹത്തിന്റെ സിനിമകളെന്നും നിരീക്ഷിക്കുന്നവരുണ്ട്, എന്നാല്‍ അതൊരു കനപ്പെട്ട വിമര്‍ശനമായി തെളിയിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. ബോളിവുഡില്‍ തെന്നിന്ത്യന്‍ സ്റ്റാറായി അദ്ദേഹം നിലയുറപ്പിക്കുന്നതിന്റെ സൂചനകള്‍ ഇത് സാധൂകരിക്കുന്നു. സേതുപതി അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായി ചലനങ്ങളാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. സൂപ്പര്‍ ഡിലെക്‌സിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മറ്റൊരു സിനിമയില്‍ പ്രത്യക്ഷപ്പെടുകയില്ല, നോട്ടവും ഇരിപ്പും കണ്ണു നനയിപ്പിക്കാനും 'ശില്‍പ്പ'യ്ക്ക് മാത്രമെ സാധിക്കുകയുള്ളു. വിവിധ ചിത്രങ്ങളില്‍ വില്ലനാകുമ്പോള്‍ ഉണ്ടാകുന്ന സേതുപതി പരിണാമം ഇതിന് ഉദാഹരണമായെടുക്കാം.

രജനികാന്ത് പറഞ്ഞതുപോലെ 'ഒരു കാര്യം മാത്രം പറയാം വിജയ് ഒരു നടനല്ല, മഹാനടനാണ്' സാമൂഹിക ജീവിതത്തെ രാഷ്ട്രീയ ബോധ്യത്തോടെ ഉള്‍കൊള്ളുന്ന വ്യക്തിത്വമാണ് സേതുപതിയുടേത്. പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രസ്താവനകളില്‍ പുലര്‍ക്കുന്ന വ്യക്തതയും തിരിച്ചറിവും അയാളെ കൂടുതല്‍ മനുഷ്യരിലേക്ക് അടുപ്പിക്കുന്നു.

പ്രിയപ്പെട്ടവരെ, നിങ്ങള്‍ വോട്ടവകാശം സൂക്ഷിച്ച്, ശ്രദ്ധയോടെ വിനിയോഗിക്കണം. നമ്മുടെ നാട്ടിലോ, വിദ്യാലയത്തിലോ, സുഹൃത്തിനോ അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനോ പ്രശ്‌നമുണ്ട്, അത് പരിഹരിക്കണം എന്ന രാഷ്ട്രീയം പറയുന്നവര്‍ക്കൊപ്പം നില്‍ക്കണം. ജാതിയും മതവും പ്രശ്‌നവത്കരിച്ചുകൊണ്ട് ജനങ്ങളെ സംഘടിപ്പിക്കുന്നവരുടെ കൂടെ നില്‍ക്കരുത്, ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് സേതുപതി ഒരു പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍

സമീപകാലത്ത് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഈ വ്യക്തത നിലനിര്‍ത്താന്‍ സേതുപതിക്ക് സാധിക്കുന്നുണ്ട്. തമിഴകത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളിലൂടെയാണ് അയാള്‍ ജീവിക്കുന്നത്, അത് യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അത്തരം ഗൗരവകരമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ തന്നെ അത്യപൂര്‍വ്വമാണെന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കാം.

നരേന്ദ്ര മോദി കാലഘട്ടത്തില്‍ സംഘപരിവാറിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നത് വ്യത്യസ്ത തലത്തില്‍ ധീരമായ പ്രവൃത്തിയാണ്. സമീപകാലത്ത് തെന്നിന്ത്യയില്‍, പ്രത്യേകിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനങ്ങളെല്ലാം വലത് രാഷ്ട്രീയ ബോധത്തോട് ഏറക്കുറേ ചേര്‍ന്നുനില്‍ക്കുന്നതാണ്, ഇതില്‍ നിന്നും വ്യത്യസ്തമാണ് സേതുപതി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ വീക്ഷണം. ഒരുപക്ഷേ അതുകൊണ്ടാവും സംവിധായകന്‍ സീനു രാമസ്വാമി മക്കള്‍ സെല്‍വനെന്ന് സേതുപതിയെ വിശേഷിപ്പിച്ചത്. സെല്‍വം എന്നാല്‍ മകന്‍ അല്ലെങ്കില്‍ സ്വത്ത് എന്നാണ് മലയാള തര്‍ജ്ജമ, ജനങ്ങളുടെ സ്വത്ത്...

പിറന്നാള്‍ ആശംസകള്‍ മക്കള്‍ സെല്‍വന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com