നിഖിൽ ചൗധരി; ലോക്ഡൗണിൽ കുടുങ്ങിയിടത്ത് നിന്ന് ഉദിച്ചുയർന്ന താരം

പ്രതിസന്ധിയുടെ കാലത്ത് പിടിച്ചുനിൽക്കാൻ ചൗധരി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.
നിഖിൽ ചൗധരി; ലോക്ഡൗണിൽ കുടുങ്ങിയിടത്ത് നിന്ന് ഉദിച്ചുയർന്ന താരം

ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വംശജനായ നിഖിൽ ചൗധരി മുന്നേറുകയാണ്. ഇന്ന് ബ്രിസ്ബെയ്ൻ ഹീറ്റിനെതിരെ താരം 37 പന്തിൽ 55 റൺസെടുത്തു. ഒരു ഘട്ടത്തിൽ 22ന് നാല് എന്ന നിലയിൽ തകർന്ന ഹൊബാർട്ട് ഹരികെയിൻസിനെയാണ് ചൗധരി ഒറ്റയ്ക്ക് തോളിലേറ്റിയത്. അവസാന ഓവറിൽ ചൗധരി പുറത്തായതിന് പിന്നാലെ ഹരികെയിൻസ് ഒരു റൺസിന്റെ തോൽവി വഴങ്ങി.

ഉന്മുക്ത് ചന്ദിന് ശേഷം ഓസ്ട്രേലിയൻ ബിഗ് ബാഷ് കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് നിഖിൽ ചൗധരി. ഡിസംബർ 20ന് പെർത്ത് സ്കോച്ചേഴ്സിനെതിരെ നടന്ന അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ 40 റൺസെടുത്തു. മെൽബൺ സ്റ്റാർസിനെതിരെ രണ്ടാം മത്സരത്തിൽ ബാറ്റിംഗ് വെടിക്കെട്ട്. 16 പന്തിൽ 32 റൺസാണ് താരം അടിച്ചെടുത്തത്. ടൂർണമെന്റിൽ ഇതുവരെ നാല് വിക്കറ്റുകളും ഇന്ത്യൻ താരം വീഴ്ത്തി. ഏതാനും മത്സരങ്ങൾക്കുള്ളിൽ തന്നെ മികച്ച ഫിനിഷറെന്ന വിശേഷണം ചൗധരിയെ തേടിയെത്തി. ബാറ്റിംഗിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിയുടെ ആരാധകനാണ് ചൗധരി. ഒപ്പം 27കാരനായ നിഖിൽ ചൗധരി ഒരു ലെഗ് സ്പിന്നർ കൂടിയാണ്.

പഞ്ചാബിലെ ലുഥിയാന സ്വദേശിയാണ് നിഖിൽ ചൗധരി. അണ്ടർ 16, അണ്ടർ 19 പഞ്ചാബ് ടീമുകളിലെ തകർപ്പൻ പ്രകടനം സീനിയർ ടീമിൽ എത്തിച്ചു. 2017ലെ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിൽ ചൗധരി അരങ്ങേറി. ഹർഭജൻ സിംഗിനും യുവരാജ് സിംഗിനും ശുഭ്മാൻ ​ഗില്ലിനുമൊപ്പമാണ് ചൗധരിയുടെ അരങ്ങേറ്റം. 2020ൽ രഞ്ജി ട്രോഫി അരങ്ങേറ്റത്തിന് അടുത്ത് നിൽക്കുമ്പോൾ നിഖിൽ ചൗധരി ഓസ്ട്രേലിയയിലേക്ക് പോയി. എന്നാൽ ആ സമയത്ത് കൊവിഡ് 19 ലോകത്തെ വിഴുങ്ങി. ഇതോടെ ഓസ്ട്രേലിയയിൽ തുടരാൻ താരം നിർബന്ധിതനായി. പ്രതിസന്ധിയുടെ കാലത്ത് പിടിച്ചുനിൽക്കാൻ ചൗധരി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യം ഒരു റെസ്റ്റോറന്റിൽ ജീവനക്കാരനായി. പിന്നാലെ പോസ്റ്റൽ ഡെലിവറി ബോയിയായും ചൗധരി ജോലി ചെയ്തിരുന്നു.

ഇക്കാലയളവിൽ ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിച്ച ചൗധരി നോർത്തേൺ സബ്അർബ്സ് ബ്രിസ്ബെയ്ൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ ബിഗ് ബാഷ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സീസണിൽ ബ്രിസ്ബെയ്ൻ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല. എന്നാൽ നോർത്തേൺ സബ്അർബ്സ് പരിശീലകനും ഓസ്ട്രേലിയൻ മുൻ താരവുമായ ജെയിംസ് ഹോപ്സ് ചൗധരിയെ ഹൊബാർട്ട് ഹരികെയൻസിലേക്ക് അയച്ചു.

മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ ഹാരിസ് റൗഫിനെ സിക്സർ പറത്തി ചൗധരി ശ്രദ്ധിക്കപ്പെട്ടു. ഒപ്പം തന്റെ കുട്ടിക്കാലത്തെ ഹീറോ ആയിരുന്ന ബ്രെറ്റ് ലീയെ കാണുകയും ഹിന്ദിയിൽ സംസാരിക്കുകയും ചെയ്തു. ബ്രെറ്റ് ലീയുടെ ബൗളിം​ഗ് ആക്ഷനിലാണ് കുട്ടിക്കാലത്ത് ചൗധരി പന്തെറിഞ്ഞത്. ഓസ്ട്രേലിയൻ ഇതിഹാസത്തപ്പോലെ ഒരു മികച്ച പേസറാകാൻ ചൗധരി ആ​ഗ്രഹിച്ചിരുന്നു. പക്ഷേ കാലം ഈ പഞ്ചാബി താരത്തെ ഒരു ലെ​ഗ് സ്പിന്നറാക്കി മാറ്റി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകാനും ചൗധരി ശ്രമം നടത്തി. എന്നാൽ മുംബൈ ഇന്ത്യൻസിനായി നടത്തിയ ട്രെയൽസിൽ ചൗധരി പരാജയപ്പെട്ടുപോയി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com