റേസിംഗ് ട്രാക്കില്‍ ഇത് അയാളുടെ കാലം; ലൂയിസ് ഹാമില്‍ട്ടണ് പിറന്നാള്‍

ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ്പുകളുടെ എണ്ണത്തില്‍ മൈക്കല്‍ ഷൂമാക്കറിന് ഒപ്പമാണ് ഹാമില്‍ട്ടണ്‍
റേസിംഗ് ട്രാക്കില്‍ ഇത് അയാളുടെ കാലം; ലൂയിസ് ഹാമില്‍ട്ടണ് പിറന്നാള്‍

ഫോര്‍മുല വണ്‍ ട്രാക്കിലെ എക്കാലത്തെയും മികച്ച താരം ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമാണ് മനസിലെത്തുക. അത് ജര്‍മ്മന്‍ താരം മൈക്കല്‍ ഷൂമാക്കറുടേതാണ്. പക്ഷേ ഷൂമാക്കര്‍ വിധിയുടെ ദുരന്തത്തിന് ഇരയായി. ട്രാക്കുകള്‍ വിട്ടിട്ട് പത്ത് വര്‍ഷം പിന്നിട്ടു. എന്നിട്ടും അയാള്‍ നേടിയെടുത്ത പല റെക്കോര്‍ഡുകളും ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ചരിത്രം തിരുത്തുവാന്‍ നിയോഗിക്കപ്പെട്ടത് ലൂയിസ് ഹാമില്‍ട്ടന്‍ ആയിരുന്നു. എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ താരത്തിലേക്കുള്ള യാത്ര തുടരുകയാണ് ബ്രിട്ടീഷ് താരമായ ലൂയിസ് ഹാമില്‍ട്ടണ്‍.

1985 ജനുവരി ഏഴിനാണ് ലൂയിസ് ഹാമില്‍ട്ടന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ കാറോട്ടത്തില്‍ ഹാമില്‍ട്ടണ്‍ തന്റെ കഴിവ് വ്യക്തമാക്കിയിരുന്നു. ആറ് വയസ് മാത്രമുള്ളപ്പോള്‍ ബ്രിട്ടീഷ് റേഡിയോ കാര്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരനായി. 10 വയസ് മാത്രമുള്ളപ്പോള്‍ ബ്രിട്ടനിലെ റേസിംഗ് ട്രാക്കില്‍ പ്രായം കുറഞ്ഞ മികച്ച താരമായി. 1998 മുതല്‍ 2000 വരെ യൂറോപ്യന്റെ ചാമ്പ്യന്‍. അതേ കാലയളവില്‍ തന്നെ ലോക കാര്‍ട്ടിങ് ചാംപ്യന്‍ഷിപ്പും സ്വന്തമാക്കി. 15-ാം വയസില്‍ കാര്‍ട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പര്‍ താരവുമായി.

ഹാമില്‍ട്ടണ് രണ്ട് വയസ് മാത്രമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. കരീബിയന്‍ ദ്വീപില്‍ നിന്ന് കുടിയേറിയ ആന്റണി ഹാമില്‍ട്ടണ്‍ ആണ് ലൂയിസിന്റെ പിതാവ്. ആന്റണി ഒരു കറുത്ത വര്‍ഗക്കാരനായിരുന്നു. അങ്ങനെ അറിയപ്പെടാനാണ് ആന്റണി ആഗ്രഹിച്ചതും. കുട്ടിക്കാലത്ത് കുഞ്ഞു ഹാമിക്ക് നേരെയും വര്‍ഗീയ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൂയിസ് ഹാമില്‍ട്ടന്റെ കരിയറില്‍ വലിയ സ്വാധീനമാണ് പിതാവ് ചെലുത്തിയത്. 2010 വരെ ഹാമില്‍ട്ടന്റെ മാനേജര്‍ ആയിരുന്നതും പിതാവ് ആന്റണി ഹാമില്‍ട്ടണ്‍ ആയിരുന്നു.

2007ല്‍ 22-ാം വയസിലാണ് ഫോര്‍മുല വണ്‍ താരമായി ഹാമില്‍ട്ടണ്‍ മാറുന്നത്. തൊട്ടടുത്ത വര്‍ഷം പ്രായം കുറഞ്ഞ ഫോര്‍മുല വണ്‍ ചാമ്പ്യനെന്ന നേട്ടം ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. മക്ലാരന്‍ താരമായാണ് ഹാമില്‍ട്ടന്റെ നേട്ടം. 2013ല്‍ മെഴ്സിഡീസ് താരമായി. ആ സീസണില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മെഴ്‌സിഡീസ് താരമായി തകര്‍പ്പന്‍ നേട്ടങ്ങളാണ് പിന്നീട് ഹാമില്‍ട്ടന്‍ സ്വന്തമാക്കിയത്.

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മൈക്കല്‍ ഷൂമാക്കറുടെ റെക്കോര്‍ഡുകള്‍ ഹാമില്‍ട്ടണ് മറികടക്കാന്‍ കഴിഞ്ഞേക്കും. റേസിംഗ് ട്രാക്കില്‍ 91 വിജയങ്ങള്‍ ഷൂമാക്കര്‍ നേടിയിട്ടുണ്ട്. 2020ല്‍ ഈ റെക്കോര്‍ഡ് ഹാമില്‍ട്ടണ്‍ മറികടന്നു. ബ്രിട്ടീഷ് താരം 107 ട്രാക്കുകളില്‍ വിജയികളായി. ഇനി ലക്ഷ്യം ഫോര്‍മുല വണ്‍ കിരീടങ്ങളില്‍ മൈക്കല്‍ ഷൂമാക്കറെ മറികടക്കുകയെന്നതാണ്. അതിന് ഹാമില്‍ട്ടണ് വേണ്ടത് ഒരു ചാമ്പ്യന്‍ഷിപ്പ് കൂടി മാത്രമാണ്. ഇരുവരും ഏഴ് തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്മാരായിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com