ഉണ്ണിത്താനാശാന്‍, ചെനിച്ചേരി കുറുപ്പ്...; മലയാളിയെ ചിരിപ്പിക്കാത്ത ജഗതി കഥാപാത്രങ്ങള്‍

ചിരിമുഹൂർത്തങ്ങൾ ഇല്ലാതെ തന്നെ ജഗതി മലയാളിയെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുമുണ്ട്
ഉണ്ണിത്താനാശാന്‍, ചെനിച്ചേരി കുറുപ്പ്...; മലയാളിയെ ചിരിപ്പിക്കാത്ത ജഗതി കഥാപാത്രങ്ങള്‍

'ജഗതി ശ്രീകുമാർ' മലയാളിയെ സംബന്ധിച്ചിടത്തോളം ഹാസ്യം എന്നതിന്റെ പര്യായമാണ് ഈ പേര്. കിലുക്കത്തിലെ നിശ്ചലും യോദ്ധയിലെ അരശുമൂട്ടിൽ അപ്പുക്കുട്ടനും നന്ദനത്തിലെ കുമ്പിടിയും മീശമാധവനിലെ ഭഗീരഥൻ പിള്ളയുമൊക്കെ നമ്മെ ചിരിപ്പിച്ചതിന് കണക്കില്ല. ഈ കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളികളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെയാണ് മലയാളി അദ്ദേഹത്തെ ഹാസ്യസാമ്രാട്ട് എന്ന് വിളിക്കുന്നത്. എന്നാൽ ആ ചിരിമുഹൂർത്തങ്ങൾ ഇല്ലാതെ തന്നെ ജഗതി മലയാളിയെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുമുണ്ട്. അത്തരത്തിൽ മലയാളിയെ ചിരിപ്പിക്കാത്ത ചില ജഗതി കഥാപാത്രങ്ങളെ ഒന്ന് നോക്കാം.

വാസ്തവം

ജഗതി ശ്രീകുമാറിന്റെ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ വേഷമായിരുന്നു വാസ്തവം എന്ന സിനിമയിലെ ഉണ്ണിത്താൻ ആശാൻ. 'ഹജൂർ കച്ചേരിയിലെ പ്രായമാകാത്ത' ഉണ്ണിത്താനാശാൻ രാജ്യത്തെ ഭരണ സംവിധാനങ്ങളുടെ പാളിച്ചകളും അഴിമതിയും വരച്ചുകാട്ടുന്നു. ഭരണത്തിന്റെ ഇടനാഴികളിലെ ദല്ലാളുകളുടെ മാനറിസങ്ങളും തന്മയത്വത്തോടെയാണ് ജഗതി പകർന്നാടിയത്. ഭാഷാ ശൈലിയും പെരുമാറ്റവുമെല്ലാം കൊണ്ട് മറ്റൊരാളെ ചിന്തിക്കാൻ പറ്റാത്ത വിധം ആ വേഷം ജഗതി തൻ്റേത് മാത്രമാക്കി. പൃഥ്വിരാജിന്റെ നായക കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 'കേരള രാഷ്ട്രീയത്തിന്റെ എൻസൈക്ലോപീഡിയ' എന്ന് വിളിക്കാൻ പറ്റുന്ന ഉണ്ണിത്താനാശാൻ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.

തന്മാത്ര

നിരവധി ഹിറ്റ് കോമഡി രംഗങ്ങളിൽ തകർത്താടിയ ജഗതി-മോഹൻലാൽ കോംബോ തന്മാത്രയിൽ മലയാളികളെ അൽപ്പം വേദനിപ്പിക്കുകയാണ് ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായരുടെ സുഹൃത്തായ ജോസഫായാണ് ചിത്രത്തിൽ ജഗതി അഭിനയിച്ചത്. രമേശൻ നായർക്ക് എന്തിനും ഏതിനും വിളിക്കാൻ കഴിയുന്ന, ഒടുവിൽ അയാൾ മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങുമ്പോൾ ആ കുടുംബത്തിന് സഹായിയായി നിൽക്കുന്ന ഒരു നല്ല സുഹൃത്താണ് ജോസഫ്. അയാളെ എല്ലാവരും എവിടെയെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാകും. സിനിമയുടെ അവസാന ഭാഗങ്ങളിൽ ജോസഫിന്റെ അപ്രതീക്ഷിത മരണം, അത് പ്രേക്ഷകരിൽ വല്ലാത്ത ഒരു ഞെട്ടലും മരവിപ്പുമുണ്ടാക്കുന്നുണ്ട്.

അടിക്കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത അടിക്കുറിപ്പ് എന്ന സിനിമയിൽ താൻ ആരെന്നോ എന്തെന്നോ അറിയാത്ത നിസ്സഹായനായ ബഷീർ എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാർ എത്തിയത്. നിരവധി ഡയലോഗുകൾ കൊണ്ട് മലയാളികളെ എന്നും ചിരിപ്പിക്കുന്ന ജഗതിക്ക് അടിക്കുറിപ്പിന്റെ അവസാന രംഗങ്ങൾ വരെ സംഭാഷണങ്ങൾ പോലുമില്ലായിരുന്നു. മുഖഭാവങ്ങളിലൂടെ ബഷീറിന്റെ നിസ്സഹായത ജഗതി പ്രേക്ഷകരിലെത്തിച്ചു. ഏത് വിധേനയും ബഷീറിനെ നായകന് രക്ഷിക്കാൻ സാധിക്കണം എന്ന് പ്രേക്ഷകർക്ക് തോന്നിപോകും. അവിടെയാണ് ജഗതി വിജയിച്ചതും.

പാസഞ്ചർ

രാഷ്ട്രീയക്കാരന്റെ വേഷം നിരവധി തവണ ജഗതി തിരശീലയിൽ അണിഞ്ഞിട്ടുണ്ടെങ്കിലും രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ എന്ന സിനിമയിൽ കഥ വേറെയായിരുന്നു. സൗമ്യമായി ചിരിക്കുകയും ക്രൂരമായി ചിന്തിക്കുകയും ചെയ്യുന്ന അഴിമതിക്കാരനായ മന്ത്രിയായാണ് ജഗതി സിനിമയിലെത്തിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ പലതവണ ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം തന്നിലെ ഹാസ്യതാരത്തിന് തകർക്കാനുള്ള സ്‌പേസ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. പാസഞ്ചറിലെ മന്ത്രി വ്യത്യസ്തനാകുന്നതും ആ കഥാപാത്രത്തിന്റെ ഗൗരവം കൊണ്ട് തന്നെയാണ്. ഒരുപക്ഷേ സിദ്ദിഖിനെയോ സായികുമാറിനെയോ പോലുള്ളവരെ സങ്കൽപ്പിക്കാവുന്ന ഈ വില്ലൻ വേഷം ജഗതി ശ്രീകുമാർ അവിസ്മരണീയമാക്കി.

ഉറുമി

ജഗതി എന്ന നടന്റെ മറ്റൊരു ശക്തമായ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് ഉറുമിയിലെ ചെനിച്ചേരി കുറുപ്പ്. അൽപ്പം സ്ത്രൈണത നിറഞ്ഞ ഭാവങ്ങൾക്കും ചലനങ്ങൾക്കുമൊപ്പം വില്ലനിസവും ചേർത്ത് അതിസൂക്ഷ്മമായാണ് ജഗതി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമ കാണുന്ന ഏതൊരാളും വെറുത്തുപോകും വിധം തന്റേതായ ശൈലിയിലൂടെ ജഗതി എന്ന കലാകാരൻ ചെനിച്ചേരി കുറുപ്പിനെ മികച്ചതാക്കി. ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ച ജഗതി എന്ന അഭിനേതാവിന് തകർത്താടാൻ ഇനിയും ബാക്കിയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ചെനിച്ചേരി കുറുപ്പ്.

ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതിയിൽ ഒരു മികച്ച കഥാപാത്രമായിരുന്നു ജഗതിക്കായി കരുതിവെച്ചിരുന്നത്. അത് പൂർത്തിയാക്കും മുന്നേ ഒരു അപകടത്തിലൂടെ അദ്ദേഹത്തിന് അരങ്ങില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നു. ആ സിനിമ പൂർത്തിയാക്കിയിരുന്നെങ്കിൽ ജഗതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് ആകുമായിരുന്നു ആ കഥാപാത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com