എന്തൊക്കെയായിരുന്നു, ഒടുവില്‍ ഗുതാഹവാ.;ഈ വര്‍ഷം ഹൈപ്പില്‍ വന്ന് ബോക്‌സ് ഓഫീസില്‍ തകര്‍ന്ന സിനിമകള്‍

പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളുമായെത്തിയ പല സിനിമകളും മുടക്ക് മുതല്‍ പോലും ലഭിക്കാതെ പരാജയം ഏറ്റുവാങ്ങിയ വര്‍ഷം കൂടിയാണ് 2023
എന്തൊക്കെയായിരുന്നു, ഒടുവില്‍ ഗുതാഹവാ.;ഈ വര്‍ഷം ഹൈപ്പില്‍ വന്ന് ബോക്‌സ് ഓഫീസില്‍ തകര്‍ന്ന സിനിമകള്‍

ഇന്ത്യന്‍ സിനിമ വ്യവസായത്തിന് ചരിത്ര നേട്ടമുണ്ടായ വര്‍ഷമാണ് 2023. തുടരെത്തുടരെയുള്ള റെക്കോര്‍ഡുകള്‍, മികച്ച ഉള്ളടക്കങ്ങള്‍, പുതുമുഖ സംവിധായകര്‍, സങ്കേതിക വിദ്യ സിനിമയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, ലോക സിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തിയ നിമിഷങ്ങള്‍...

അങ്ങനെ എണ്ണിപ്പറയാന്‍ നേട്ടങ്ങളേറെയാണ്. മലയാളത്തില്‍ നിന്ന് നോക്കിയാല്‍ രോമാഞ്ചം, 2018, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളും, ഇന്ത്യന്‍ കണക്ക് പരിശോധിച്ചാല്‍ ഗദര്‍ 2, പഠാന്‍, ജവാന്‍, ടൈഗര്‍ 3, അനിമല്‍, പൊന്നിയിന്‍ സെല്‍വന്‍ 2, ലിയോ, ജയിലര്‍ വിക്രം എന്നിങ്ങനെ ഇന്ത്യന്‍ ബോക്സ് ഓഫീസ് നിറച്ച സിനിമകളും പിറന്നു. എന്നാല്‍, പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളുമായെത്തിയ പല സിനിമകളും മുടക്ക് മുതല്‍ പോലും ലഭിക്കാതെ പരാജയം ഏറ്റുവാങ്ങിയ വര്‍ഷം കൂടിയാണ് 2023.

1,000ത്തിലേറെ സിനിമകളാണ് ഇക്കൊല്ലം ഇന്ത്യന്‍ പ്രൊഡക്ഷനില്‍ നിന്നുണ്ടായത്. എന്നാല്‍ 50ല്‍ താഴെ സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പരാജയ സിനിമകളുടെ കണക്കുകളാണ് പറയാനേറെയും. അത്തരത്തില്‍ ബോക്സ് ഓഫീസ് വിജയം ഉറപ്പിച്ച് തിയേറ്ററില്‍ പരാജയമായി മാറിയ സിനിമകളേതെന്ന് നോക്കാം.

പരാജയത്തില്‍ ഒറ്റപ്പെട്ട 'എലോണ്‍'

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രമായിരുന്നു 'എലോണ്‍'. മോഹന്‍ലാല്‍ മാത്രം കഥാപാത്രമായ ഒരു ചിത്രം. ജനുവരി 26-നാണ് കൊവിഡ് പശ്ചാത്തലത്തിലൊരുങ്ങിയ എലോണ്‍ റിലീസിനെത്തുന്നത്. നരസിംഹം, ആറാം തമ്പുരാന്‍ എന്നിവയുള്‍പ്പെടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുണ്ടാക്കിയ മോഹന്‍ലാല്‍-ഷാജി കൈലാസ് ജോഡി വീണ്ടും ഒന്നിക്കുന്നതു തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ ഒരു ഹിറ്റ് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ചിത്രം. ഒരു ഒടിടി മെറ്റീരിയലായി ഒരുക്കിയ ചിത്രം എന്തിന് തിയേറ്റര്‍ റിലീസ് ചെയ്തു എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. 15 കോടി ബജറ്റിലൊരുങ്ങിയ സിനിമയ്ക്ക് ഒരു കോടി കളക്ഷന്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല.

പരാജയത്തിന്റെ പടുകുഴിയില്‍ മമ്മൂട്ടിയും

തിയേറ്റര്‍ ഹിറ്റ് പ്രതീക്ഷിച്ച ഒന്നിലേറെ മമ്മൂട്ടി ചിത്രങ്ങളാണ് പരാജയപ്പെട്ടത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിച്ച് അഭിനയിക്കുക എന്ന വഴിവെട്ടി മുന്നേറുന്ന നടനാണ് മമ്മൂട്ടി. പുതുമുഖ സംവിധായകരൊടൊപ്പം വ്യത്യസ്തങ്ങളായ കഥ ചെയ്യുന്നതില്‍ മമ്മൂട്ടി കൂടുതല്‍ താത്പര്യം കാണിക്കാറുമുണ്ട്. 'നന്‍പകന്‍ നേരത്ത് മയക്കം' സിനിമാ നിരീക്ഷകരുടെയും വിമര്‍ശകരുടെയും ഹൃദയം കീഴടക്കിയെങ്കിലും തിയേറ്ററിലേയ്ക്ക് ചിത്രം ആളെയെത്തിച്ചില്ല. ഈ വര്‍ഷം അദ്യമെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ഫെബ്രുവരി ഒന്‍പതിന് പുറത്തിറങ്ങിയ 'ക്രിസ്റ്റഫര്‍'. പൊലീസ് വേഷങ്ങളില്‍ മലയാളി സിനിമാപ്രേമികള്‍ ആഘോഷിച്ചിട്ടുള്ള താരം എന്ന നിലയില്‍ ക്രിസ്റ്റഫറിലെ മമ്മൂട്ടി കഥാപാത്രവും ശ്രദ്ധ നേടി. എന്നാല്‍ 15 കോടി മുതല്‍മുടക്കിലൊരുങ്ങിയ മമ്മൂട്ടി - ബി ഉണ്ണികൃഷ്ണന്‍ ചിത്രം അഞ്ച് കോടിക്ക് താഴെയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

തിരക്കഥയിലെ പോരായ്മകളാണ് സിനിമ നിരൂപകരും ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രമായിരുന്നു 'ഏജന്റ്'. തെലുങ്ക് യുവതാരം അഖില്‍ അക്കിനേനി നയകനായി മമ്മൂട്ടി കാമിയോ റോളില്‍ എത്തിയ ചിത്രവും മറ്റൊരു പരാജയ സിനിമയായിരുന്നു. എന്നാല്‍ പിന്നീടിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ഈ പരാജയങ്ങളെ കവച്ചു വെക്കുന്നതായിരുന്നു. 'കണ്ണൂര്‍ സ്‌ക്വാഡും' 'കാതലും' ബോക്സ് ഓഫീസില്‍ മാത്രമല്ല പ്രേക്ഷക ഹൃദയത്തിലും ആഴത്തില്‍ പതിക്കുന്നതായി മാറി. പരാജയ സിനിമകളെക്കുറിച്ച് പറയുമ്പോഴും 2023ല്‍ തിയേറ്ററുകള്‍ ആഘോഷിച്ച സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രങ്ങള്‍ മുന്നിലുണ്ട്.

നിവിന്‍ പോളിയെ നിരാശയിലാഴ്ത്തിയ 2023

ഏകദേശം നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത രാജീവ് രവി ചിത്രമാണ് 'തുറമുഖം'. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സിനിമയുടെ ചിത്രീകരണം 2019ല്‍ തന്നെ പൂര്‍ത്തിയായിരുന്നുവെങ്കിലും സിനിമ തിയേറ്ററില്‍ എത്താന്‍ ഏറെ വൈകി. മട്ടാഞ്ചേരിയുടെ പോരാട്ട ചരിത്രത്തെ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'തുറമുഖം എന്നുളളതുകൊണ്ടു തന്നെ സിനിമയ്ക്ക് ഹൈപ്പ് കൂടുതലായിരുന്നു. എന്നാല്‍ മാര്‍ച്ച് പത്തിന് പുറത്തിറങ്ങിയ സിനിമ നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയില്ല. സിനിമയുടെ ദൈര്‍ഘ്യം, നീണ്ടുപോകുന്ന ഉള്ളടക്കം എന്നിവയാണ് സിനിമയെ പ്രേക്ഷകരുമായി അകല്‍ച്ചയുണ്ടാക്കിയത് എന്നായിരുന്നു പ്രതികരണങ്ങള്‍.

നിവിന്‍ പോളിയുടെ 'രാമചന്ദ്ര ബോസ് ആന്‍ഡ് കമ്പനി'യും പരാജയം നേരിട്ട മറ്റൊരു ചിത്രമാണ്. ഹൈസ്റ്റ് ത്രില്ലര്‍ ഴോണറിലിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയ പ്രതീക്ഷ സിനിമയ്ക്ക് നിറവേറ്റാന്‍ സാധിച്ചില്ല. പത്ത് കോടി ബജറ്റിലൊരുങ്ങിയ സിനിമയ്ക്ക് ഒരു കോടി പോലും തിരിച്ചു പിടിക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.

കെജിഎഫിനെയും വെല്ലാന്‍ 'കബ്സ' ഇറങ്ങിയപ്പോള്‍

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും വമ്പന്‍ പരാജയ സിനിമകളുണ്ടായി. 'കെജിഎഫി'ന് ശേഷം തെന്നിന്ത്യ കീഴടക്കാന്‍ പോകുന്ന ചിത്രമെന്ന ഹൈപ്പോടെയെത്തിയ സിനിമയാണ് 'കബ്സ'. കന്നഡ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനും സംവിധായകനുമായ ഉപേന്ദ്രയുടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ചിത്രം എന്നതും കന്നഡ പ്രേക്ഷകര്‍ക്ക് ആവേശം ജനിപ്പിക്കുന്നതായിരുന്നു. ഇതുകൂടാതെ അടുത്ത കാലത്തുണ്ടായ മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്ന നിലയിലും കബ്സ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ സിനിമ വിപണിയില്‍ ലാഭം ഉണ്ടാക്കിയില്ല. 120 കോടി മുതല്‍ മുടക്കില്‍ വമ്പന്‍ സെറ്റില്‍ നിര്‍മ്മിച്ച ചിത്രം ആഗോളതലത്തില്‍ 34 കോടിയ്ക്കടുത്ത് മാത്രമാണ് സ്വന്തമാക്കിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡിലെ ഡിസാസ്റ്റര്‍

വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' 1000 കോടിക്കുമേല്‍ നേടിയത് സിനിമയെ ആസ്വദിക്കാന്‍ കഴിയുന്ന എലമെന്റസ് പഠാനില്‍ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്. അത്തരത്തില്‍ ചരിത്ര വിജയം ഉണ്ടാകാന്‍ പോകുന്ന സിനിമ എന്ന തരത്തിലാണ് 'ആദിപുരുഷ്' പ്രഖ്യാപിക്കപ്പെട്ടത്. ശരാശരിയിലും താഴെ അനുഭവം സമ്മാനിച്ച ചിത്രത്തിന്റെ വില്ലനായത് വിഎഫ്എക്സ് തന്നെയായിരുന്നു. രാമനായി അഭിനയിച്ച പ്രാഭസിന് നേരെയും വിമര്‍ശനങ്ങളുയര്‍ന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ (500 കോടി) ചിത്രം ആദ്യ ദിവസം 100 കോടിയാണ് സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ പ്രതികരണങ്ങളെത്തിയതോടെ നിരവധി പ്രീ ബുക്കിങ്ങുകളടക്കം പിന്‍വലിക്കുകയും രണ്ടാം ദിവസം മുതല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് സംഭവിക്കുകയും ചെയ്തു. സാക്നില്‍ക്കിന്റെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 390 കോടി സ്വന്തമാക്കിയ ചിത്രം ഈ വര്‍ഷത്തെ ഒരു വലിയ പരാജയമായിരുന്നു.

ഹൈപ്പ് നല്‍കി നിരാശപ്പെടുത്തിയ 'കൊത്ത'

പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട്. കൊത്തക്ക് ലഭിക്കുന്ന ഹൈപ്പ് പേടിപ്പെടുത്തുന്നതെന്നാണ് റിലീസിന് മുന്‍പ് തന്നെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആദ്യത്തെ പോസ്റ്റര്‍ റിലീസ് മുതല്‍ ഉണ്ടായ ഹൈപ്പ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നും നടന്‍ പറഞ്ഞിരുന്നു. ഇതേ ഹൈപ്പ് തന്നെയാണ് സിനിമയുടെ പരാജയത്തിനുള്ള ഒരു കാരണം. ഓഗസ്റ്റ് 26-ന് പുറത്തിറങ്ങിയ ചിത്രം 30 കോടിക്കടുത്ത് മാത്രമാണ് സ്വന്തമാക്കിയത്.

കോളിവുഡിന് ശകുനമായ 'ചന്ദ്രമുഖി 2'

ഫാസിലിന്റെ ഓള്‍ ടൈം ക്ലാസിക്ക് 'മണിച്ചിത്രത്താഴി'ന് രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ''ക്ലാസിക്കായി പോയ പടം രണ്ടാമത് ഉണ്ടാക്കുക എന്നത് ശരിയല്ല' എന്നായിരുന്നു ഫാസില്‍ നല്‍കിയ മറുപടി. എന്നാല്‍ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് 'ചന്ദ്രമുഖി' ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് 'ചന്ദ്രമുഖി 2' ഒരുക്കി. രണ്ടാം ഭാഗം എങ്ങനെയായിരിക്കും എന്ന ആകാംക്ഷ തന്നെ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, വടിവേലു മാത്രമായിരുന്നു ആദ്യ ഭാഗത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്. രാഘവ് ലോറന്‍സും ബോളിവുഡില്‍ നിന്ന് കങ്കണ റണൗത്തും ലക്ഷ്മി മേനോനും കേന്ദ്ര കഥാപാത്രമായ സിനിമയ്ക്ക് മോശം പ്രതികരണമാണ് ഏറെയും ഉണ്ടായത്. 65 കോടിയില്‍ നിര്‍മ്മിച്ച ചിത്രം 40 കോടിക്കും താഴെയാണ് സ്വന്തമാക്കിയത്.

വലിയ പ്രതീക്ഷയോടെ വന്ന് ബോക്സ് ഓഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ സിനിമകളുടെ കണക്കെടുത്താല്‍ ഇനിയും ഏറെയാണ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 'നീലവെളിച്ചം', ദിലീപ് നായകനായ 'വോയിസ് ഓഫ് സത്യനാഥന്‍', 'ബാന്ദ്ര', കുഞ്ചാക്കോ ബോബന്റെ 'ചാവേര്‍', 'പദ്മിനി', ആസിഫ് അലിയുടെ 'കാസര്‍ഗോള്‍ഡ്', 'ധൂമം', 'ശാകുന്തളം', 'കൊറോണ പേപ്പേഴ്സ്', 'തങ്കം', 'കിസി കാ ഭായ് കിസി കി ജാന്‍', 'വാക്സിന്‍ വാര്‍', 'റോക്ക് ഓര്‍ റാണി കാ പ്രേം കഹാനി', 'ഭോല', 'ഛുപ്' എന്നിങ്ങനെ നീളുന്നു സിനിമകള്‍.

ബോക്സ് ഓഫീസില്‍ വിജയിക്കാത്ത സിനിമകള്‍ മോശം സിനിമകള്‍ എന്ന് പറയാനും സാധിക്കില്ല. ഒടിടിയിലെത്തി ശ്രദ്ധ നേടിയ സിനിമകളും സ്ലീപ്പര്‍ ഹിറ്റുകളും 2023-ന്റെ ഭാഗമായി. ഒരു ദിവസം നിരവധി റിലീസുകളും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട് എന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഒന്‍പത് റിലീസുകള്‍ വരെ ഒരു ദിവസം ഉണ്ടായ സാഹചര്യവും സിനിമ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാത്രമല്ല മോശം റിവ്യൂകള്‍ നല്‍കുന്നതാണ് പല സിനിമകളും പരജായപ്പെടുന്നതെന്നടക്കമുള്ള അഭിപ്രായങ്ങളും എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com