ഇത് ഹിറ്റുകളുടെ ലാൽ- ജീത്തു കൂട്ടുകെട്ട്

രണ്ടാം പകുതിയില്‍ അവര്‍ കണ്ടത് മലയാള സിനിമയുടെ ആ കാലത്തെ വലിയ വഴിത്തിരിവിലേക്കുള്ള ഒരു യാത്രയാണ്, ജോര്‍ജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിലേക്ക് നടത്തിയ യാത്ര
ഇത് ഹിറ്റുകളുടെ ലാൽ- ജീത്തു കൂട്ടുകെട്ട്

2013 ലെ ഡിസംബര്‍ മാസം. ക്രിസ്മസ് റിലീസുകളായി നിരവധി മലയാളം സിനിമകളെത്തി. ആ കൂട്ടത്തില്‍ മോഹന്‍ലാല്‍ നായകനായ ഒരു കൊച്ചു ചിത്രം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ സിനിമകളുടെ ഒരു ഹൈപ്പും ആ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ ആദ്യ പകുതി കണ്ട ശേഷം പലരും ഒരു സാധാരണ കുടുംബ ചിത്രം എന്നാണ് പ്രതികരിച്ചത്. (It's Just A Beginning) രണ്ടാം പകുതിയില്‍ അവര്‍ കണ്ടത് മലയാള സിനിമയുടെ ആ കാലത്തെ വലിയ വഴിത്തിരിവിലേക്കുള്ള ഒരു യാത്രയാണ്, ജോര്‍ജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിലേക്ക് നടത്തിയ യാത്ര.

ഒരു ഹൈപ്പുമില്ലാതെയെത്തിയ ആ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറി. മോഹന്‍ലാല്‍ ആരാധകരും സാധാരണ പ്രേക്ഷകരും ഒരുപോലെ പറഞ്ഞു ''ദൃശ്യം ഡാ...''

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് ചരിത്രം ആവര്‍ത്തിക്കുകയാണ്. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസായെത്തിയ നേരിന് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യത്തില്‍ തുടങ്ങിയ ലാല്‍-ജീത്തു ടീമിന്റെ നാലാം വിജയമാണിത്. എന്നാല്‍ ദൃശ്യമായിരുന്നില്ല ഈ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയാകേണ്ടത്. 2010 ല്‍ റിലീസ് ചെയ്ത തന്റെ രണ്ടാമത്തെ സിനിമയായ 'മമ്മി ആന്‍ഡ് മീ'യില്‍ ഒരു സുപ്രധാന റോളിലേക്ക് ജീത്തു മോഹന്‍ലാലിനെ സമീപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ റോള്‍ മോഹന്‍ലാലിന് ചെയ്യാന്‍ കഴിഞ്ഞില്ല. മലയാളത്തിന്റെ ഈ ഹിറ്റ് കൂട്ടുകെട്ട് ഒരു സാധാരണ ഹിറ്റില്‍ അല്ല ഒരേയൊരു ദൃശ്യത്തില്‍ തുടങ്ങണം എന്നായിരുന്നു നിയോഗം.

2013 ഡിസംബര്‍ 19 ന് റിലീസ് ചെയ്ത ദൃശ്യം 150 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും 75 കോടിയോളം രൂപ നേടുകയും ചെയ്തു. മലയാള സിനിമയുടെ ആ ആഘോഷം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്കുകളിലൂടെ ഇന്ത്യ മുഴുവന്‍ ഏറ്റെടുത്തു. അവിടം കൊണ്ടും തീര്‍ന്നില്ല, ചൈനീസ്, കൊറിയന്‍, ഇന്‍ഡോനേഷ്യന്‍ പതിപ്പുകളിലൂടെ അത് ഇന്റര്‍നാഷണല്‍ ലെവലിലേക്കും എത്തി. റെക്കോര്‍ഡുകളുടെ ദൃശ്യത്തിന് ശേഷം റാം എന്ന ആക്ഷന്‍ ചിത്രത്തിനായാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചത്. എന്നാല്‍  സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊവിഡ് മൂലം ലോകം ഒരു ലോക്ക്ഡൗണിലേക്ക് പോയി. വമ്പന്‍ പ്രതീക്ഷകളുമായി കാത്തിരുന്ന ആരാധകര്‍ക്ക് അത് വലിയ നിരാശയും സമ്മാനിച്ചു.

2020 മെയ് 20 ന് മലയാളികള്‍ തങ്ങളുടെ ലാലേട്ടന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു സമ്മാനമെത്തി. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന അനൗണ്‍സ്മെന്റ്. പിന്നീടങ്ങോട്ട് ആരാധകര്‍ക്ക് ആഘോഷത്തിന്റെ സമയമായിരുന്നു. ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളുമെല്ലാം അവര്‍ ആഘോഷിച്ചു. എന്നാല്‍ ദൃശ്യത്തിന്റെ ക്ലൈമാക്‌സിനെക്കാള്‍ ട്വിസ്റ്റായിരുന്നു ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത. സിനിമ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ ആ ആഘാതം ഇരട്ടിയായി. കാരണം അത്രത്തോളം ഗംഭീരമായിരുന്നു ആ സിനിമയും അതിന്റെ ട്വിസ്റ്റുകളും. ദൃശ്യത്തില്‍ സാധാരണക്കാരനായിരുന്ന ജോര്‍ജുകുട്ടിയെ ദൃശ്യം 2 വിലേക്ക് എത്തിച്ചപ്പോള്‍ ജീത്തു ഒരു ക്ലാസിക് ക്രിമിനലാക്കിയാണ് മാറ്റിയത്. പിന്നാലെ ഈ കൂട്ടുകെട്ടിന്റേതായി വന്ന ട്വല്‍ത്ത് മാനും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി.

സമീപകാലത്ത് മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ആഘോഷിക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. നേര് റിലീസായതോടെ അവര്‍ക്ക് നെഞ്ചും വിരിച്ച് പറയാം LALETTAN IS BACK  എന്ന്. അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലതെ, മോഹന്‍ലാലിന്റെ ആ സാധാരണക്കാരനായുള്ള അസാധാരണ പ്രകടനം കാണാന്‍ കഴിയുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ക്രിസ്മസ് സീസണ്‍ മോഹന്‍ലാല്‍ ഇങ്ങെടുത്തു എന്നും പലരും പറയുന്നുണ്ട്.

റാം ആണ് ലാല്‍-ജീത്തു ഹിറ്റ് കൂട്ടുകെട്ടിന്റെ അടുത്ത റിലീസ്. അതുകൊണ്ടും കഴിയുന്നില്ല, ജോര്‍ജുകുട്ടി ഒരു മൂന്നാം വരവ് നടത്താനുള്ള സാധ്യതയുമുണ്ട്. ദൃശ്യം 3 യുടെ സാധ്യതകളെക്കുറിച്ച് ജീത്തു ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് സത്യമാണെങ്കില്‍, ജീത്തു-മോഹൻലാൽ ഹിറ്റ് കൂട്ടുകെട്ടില്‍ ദൃശ്യം 3 വന്നാല്‍ കേരള ബോക്‌സോഫീസിൽ അതൊരു ചരിത്രമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com