റിക്കി പോണ്ടിംഗിന്റെ ക്രിക്കറ്റ് ജീവിതം; ഓസ്ട്രേലിയൻ വിജയത്തിന്റെ ഉത്സവകാലം

ഒരു കാലത്ത് ‌സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറോട് മത്സരിച്ച താരമായിരുന്നു റിക്കി പോണ്ടിംഗ്.
റിക്കി പോണ്ടിംഗിന്റെ ക്രിക്കറ്റ് ജീവിതം; ഓസ്ട്രേലിയൻ വിജയത്തിന്റെ ഉത്സവകാലം

ഓസ്ട്രേലിൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിന് ഇന്ന് 49-ാം പിറന്നാൾ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരമായിരുന്നു റിക്കി പോണ്ടിംഗ്. അഞ്ച് ലോകകപ്പുകൾ കളിച്ച താരം, 1999ലും 2003ലും 2007ലും ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ റിക്കി പോണ്ടിം​ഗ് അംഗമായിരുന്നു. 2003ലും 2007ലും ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ നായകൻ. ഒരു കാലത്ത് സെഞ്ചുറികളുടെയും റൺസിന്റെയും അടിസ്ഥാനത്തിൽ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറോട് മത്സരിച്ച താരം.

1995കളിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ പോണ്ടിം​ഗ് യുഗം തുടങ്ങുന്നത്. കരിയറിൽ അത്ര മികച്ച തുടക്കമല്ല ഓസീസിന്റെ മുൻ താരത്തിന് ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറി നേടാൻ പോണ്ടിംഗിന് രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. 1999-ന്റെ തുടക്കം വരെ പലതവണ പോണ്ടിം​ഗ് അന്താരാഷ്ട്ര ടീമിന് പുറത്തായി. മോശം ഫോമിനൊപ്പം അച്ചടക്കമില്ലായ്മയും ടീമിന് പുറത്തേയ്ക്കുള്ള വഴിതെളിച്ചു. നിശാപ്പാർട്ടികളിൽ മദ്യപിച്ചെത്തി സ്ഥിരം പ്രശ്നക്കാരനായിരുന്നു പോണ്ടിം​ഗ്. പക്ഷേ മോശം സ്വഭാവത്തിന്റെ പേരിൽ ബാറ്റിം​ഗിലെ ഈ അസാമാന്യ പ്രതിഭാ​സത്തെ പുറം തള്ളിക്കളയാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് തയ്യാറായിരുന്നില്ല.

2002ൽ സ്റ്റീവ് വോയിൽ നിന്ന് നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് പോണ്ടിം​ഗിന്റെ കരിയർ മാറിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശൈലി തന്നെ മാറിമറിഞ്ഞു. ജയിക്കാനായി ഏത് മാർ​ഗവും സ്വീകരിക്കാൻ തീരുമാനിച്ചു.17 വർഷം നീണ്ട കരിയറിൽ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത, ബാറ്റിം​ഗിലെ സാങ്കേതിക പൂർണ്ണത, റൺസ് നേടാനുള്ള അടങ്ങാത്ത ദാഹം, ഏത് ബൗളിം​ഗ് നിരയെയും നിഷ്പ്രഭമാക്കാനുള്ള കഴിവ് തുങ്ങിയവ പോണ്ടിം​ഗിനെ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടം നേടി നൽകി. ക്രിക്കറ്റ് ലോകം കണ്ട് എക്കാലത്തെയും മികച്ച ആക്രമണോത്സുക ബാറ്റർ, നായകൻ, മികച്ച ഫീൽഡർ എന്നിങ്ങനെയെല്ലാം പോണ്ടിംഗ് തിളങ്ങി.

2003ലെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ നേടിയ 140 റൺസ് ഓസ്ട്രേലിയയെ വമ്പൻ സ്കോറിലെത്തിച്ചു. ലോകകപ്പ് ഫൈനലുകളിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിലൊന്നായി അത് മാറി. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്നും ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ച ഓർമ്മകൾ പോണ്ടിം​ഗിന്റെ ബാറ്റിൽ നിന്ന് പിറന്നതായിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും 13,378 റൺസും ഏകദിനത്തിൽ 13,704 റൺസും പോണ്ടിം​ഗ് നേടി. ടെസ്റ്റിൽ ഇപ്പോഴും സച്ചിൻ മാത്രമാണ് പോണ്ടിം​ഗിന് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 51.85 ശരാശരിയിൽ 41 സെഞ്ചുറികൾ പോണ്ടിം​ഗ് നേടി. ഏകദിന ക്രിക്കറ്റിൽ 30 സെഞ്ചുറികൾ നേടാനും പോണ്ടിം​ഗിന് കഴിഞ്ഞു. പോണ്ടിം​ഗ് നായകനായ കാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റിന് അസാധ്യമായി ഒന്നുമുണ്ടായിരുന്നില്ല. ഏത് ടീമും ഓസ്ട്രേലിയ എന്ന് കേട്ടാൽ നെ‍ഞ്ചിടിക്കുമായിരുന്നു.

2011 ലോകകപ്പിന് മുമ്പായി ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. ലോകകപ്പിലെ പോണ്ടിം​ഗിന്റെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടു. ക്വാർട്ടറിൽ ഇന്ത്യയോട് തോറ്റ് ഓസീസ് പുറത്തായി. ഒരു വ്യാഴവട്ടക്കാലത്തെ വിജയാഘോഷങ്ങൾക്കാണ് അന്ന് അവസാനമായത്. 1983ൽ ക്ലൈവ് ലോയിഡിന്റെ വെസ്റ്റ് ഇൻഡീസിനെ തകർത്തിന് സമാന രീതിയിൽ റിക്കി പോണ്ടിംഗിന്റെ ഓസ്ട്രേലിയയ്ക്കും ഇന്ത്യൻ സംഘം ചരമഗീതമെഴുതി.

ലോകകപ്പിന് ശേഷം പോണ്ടിം​ഗ് നായക സ്ഥാനം മൈക്കൽ ക്ലാർക്കിന് കൈമാറി. വലിയ അഴിച്ചുപണികൾ ​ഗുണം ചെയ്യില്ലെന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ തീരുമാനത്തിൽ പോണ്ടിം​ഗിന് ടീമിൽ തുടരാൻ കഴിഞ്ഞു. എങ്കിലും പഴയ ഫോമിലേക്ക് തിരികെ വന്നില്ല. 2012ൽ ലോക ക്രിക്കറ്റിൽ നിന്നും പോണ്ടിം​ഗ് യു​ഗം എന്നന്നേയ്ക്കുമായി പടിയിറങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com