ദാരിദ്ര്യത്തോട് വാൾപയറ്റ്, ഇന്ന് ലോകോത്തര ഓൾ റൗണ്ടർ; രവീന്ദ്ര ജഡേജയ്ക്ക് പിറന്നാൾ

2005ൽ 16-ാം വയസിൽ ഇന്ത്യൻ അണ്ടർ 19 ടീമിൽ ജഡേജ അരങ്ങേറി.
ദാരിദ്ര്യത്തോട് വാൾപയറ്റ്, ഇന്ന് ലോകോത്തര ഓൾ റൗണ്ടർ; രവീന്ദ്ര ജഡേജയ്ക്ക് പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് 35 വയസ് തികയുകയാണ്. ബാറ്റിം​ഗിലും ബൗളിം​ഗിലും മാത്രമല്ല ഒരു ഫീൽഡറായും ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. 2019ലെ ലോകകപ്പ് സെമിയിൽ ഇന്ത്യ പരാജയപ്പെടുമ്പോൾ ജഡേജ അവസാനം വരെ പൊരുതിയിരുന്നു. 2023ലും ജഡേജയ്ക്ക് കിരീട നേട്ടമില്ല. ഇനിയൊരു ലോകപോരാട്ടത്തിന് ഈ ഓൾ റൗണ്ടർ ഉണ്ടാകുമോ എന്ന് കാത്തിരുന്നെ അറിയാൻ കഴിയു.

രവീന്ദ്ര ജഡേജയുടെ മാതാവ് ലതാബെൻ ഒരു സർക്കാർ ആശുപത്രിയിൽ നഴ്സായിരുന്നു. പിതാവ് അനിരുദ്ധ് സിൻഹ് പല ജോലികളും ചെയ്തു. വാച്ച്മാ‍ന്റെ ജോലി ഉൾപ്പെടെ. സ്ഥിരമായി ഒരു വരുമാനം ജഡേജയുടെ പിതാവിന് ഇല്ലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജഡേജയുടെ നൈന, പദ്മിനി എന്നീ രണ്ട് സഹോദരിമാർ വല്ലാതെ വിഷമിച്ചിരുന്നു.

1988 ഡിംസബർ ആറിനാണ് രവീന്ദ്ര ജഡേജയുടെ ജനനം. ദാരിദ്ര്യം മറയ്ക്കാൻ ജഡേജയോട് ക്രിക്കറ്റ് കളിക്കാൻ അമ്മയും സഹോദരങ്ങളും ആവശ്യപ്പെട്ടു. ജഡേജയ്ക്ക് 17 വയസായപ്പോൾ മാതാവ് ലതാബെൻ മരണത്തിന് കീഴടങ്ങി. ക്രിക്കറ്റ് കളിക്കാൻ പന്ത് വാങ്ങാൻ പണം നൽകാത്തതിനാൽ ജ‍ഡേജയെ ബാറ്റ് ചെയ്യാൻ അനുവദിച്ചിരുന്നില്ല.

സർക്കാർ നടത്തിയിരുന്ന ക്രിക്കറ്റ് ബം​ഗ്ലാവ് അക്കാദമിയിൽ ജഡേജ എത്തുമ്പോൾ 10 വയസായിരുന്നു ജ‍‍ഡേജയ്ക്ക്. പൊലീസ് ഉദ്യോഗസ്ഥനും അനിരുദ്ധ് സിൻഹയുടെ സുഹൃത്തുമായ മഹേന്ദ്രസിങ് ചൗഹാനാണ് ജഡേജയെ ബാറ്റ് ചെയ്യാനും സ്പിൻ ബൗളിം​ഗും പഠിപ്പിച്ചത്. എന്നാൽ ചൗഹാൻ അത്രമേൽ വലിയൊരു ക്രിക്കറ്റ് താരമായിരുന്നില്ല.

2005ൽ 16-ാം വയസിൽ ഇന്ത്യൻ അണ്ടർ 19 ടീമിൽ ജഡേജ അരങ്ങേറി. 2006ൽ ദുലീപ് ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്കും കടന്നുവന്നു. 2008ൽ അണ്ടർ 19 ലോകകപ്പ് ടീമിൽ ജഡേജ ആയിരുന്നു ഉപനായകൻ. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ആ വർഷം ഇന്ത്യ അണ്ടർ 19 ലോകകിരീടം നേടി. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ ടീമിൽ നിന്നും ജഡേജയ്ക്ക് വിളി വന്നു.

2009ൽ ഇന്ത്യൻ ദേശീയ ടീമിലും ജഡേജ അരങ്ങേറ്റം കുറിച്ചു. സ്പിൻ ബൗളറായി, അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്ററായി, ഇന്ത്യൻ മുൻനിര തകരുമ്പോൾ പക്വതയാർന്ന ഇന്നിം​ഗ്സുകൾ കെട്ടിപ്പടുത്തിട്ടുണ്ട് രവീന്ദ്ര ജഡേജ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ, എക്കാലത്തെയും മികച്ച ഫീൽഡർ, രവീന്ദ്ര ജഡേജയ്ക്ക് പിറന്നാൾ ആശംസകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com