ദൈവത്തിന്റെ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങിയിട്ട് മൂന്ന് വർഷം; ഓർമകളിൽ ഡീ​ഗോ മറഡോണ

കാൽപ്പന്തിന്റെ ലോകം കീഴടക്കുമ്പോഴാണ് മയക്കുമരുന്ന് ഉപയോ​ഗം മറഡോണയുടെ ജീവിതം തകർത്തത്.
ദൈവത്തിന്റെ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങിയിട്ട് മൂന്ന് വർഷം; ഓർമകളിൽ ഡീ​ഗോ മറഡോണ

ബ്യൂണസ് ഐറിസിന്റെ തെരുവുകളിൽ നിന്ന് കാൽപ്പന്തിന്റെ ദൈവമായി മാറിയ അർജന്റീനൻ ഫുട്ബോള്‍ ഇതിഹാസം ഡി​ഗോ മറഡോണ ഓർമയായിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. 2020 നവംബർ 25ന് ഫുട്ബോൾ ദൈവത്തിന്റെ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങി. 17 വർഷം നീണ്ട ഇതിഹാസ കരിയർ. 91 മത്സരങ്ങളിൽ നിന്നായി 34 ഗോളുകൾ. ഒപ്പം ഒരു ലോകകിരീടവും ഉൾപ്പെടുന്ന കരിയറാണ് മറഡോണയുടേത്. പക്ഷേ അർഹിച്ച വിടവാങ്ങലായിരുന്നില്ല മറഡോണയ്ക്ക് ലഭിച്ചത്. മയക്കുമരുന്നിന് അടിമയായി ഫുഡ്ബോള്‍ ദൈവത്തിന് കളമൊഴിയേണ്ടി വന്നു എന്നത് ഫുട്ബോൾ ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്നു.

1960 ഒക്‌ടോബർ 30നാണ് ഫുട്ബോൾ ദൈവം ഭൂമിയിൽ പിറന്നത്. ദാരിദ്ര്യത്തോട് പടപൊരുതിയും ന​ഗ്നപാദനായി പന്തുതട്ടിയും കുട്ടിക്കാലം കഴിച്ചുകൂട്ടി. മൂന്നാം പിറന്നാളിന് കസിൻ സമ്മാനമായി നൽകിയ പന്തിൽ നിന്ന് മറഡോണയുടെ കാൽപ്പന്ത് ജീവിതത്തിന് തുടക്കമായി. വിശന്നുപൊരിയുന്ന ദിവസങ്ങളിൽ ഒരു പന്തിനെ മാത്രം കെട്ടിപ്പിടിച്ച് മറഡോണ എല്ലാം മറക്കാൻ ശ്രമിക്കുമായിരുന്നു.

എട്ടാം വയസിൽ പ്രാദേശിക ക്ലബായ ലിറ്റിൽ ഒനിയനിൽ മറഡോണ അം​ഗമായി. പിന്നീട് നടന്നത് ചരിത്രത്തിന്റെ ഭാ​ഗമായിരുന്നു. തുടർച്ചയായി 136 മത്സരങ്ങളിൽ വിജയവും ഒപ്പം ഒരു ദേശീയ ചാമ്പ്യൻഷിപ്പും മറഡോണയും സംഘവും സ്വന്തമാക്കി. 16-ാം വയസിൽ അർജന്റീനയുടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. പൊക്കകുറവ് ബലഹീനത ആയിരുന്നുവെങ്കിലും അത് കളിക്കളത്തിൽ പ്രതിഫലിച്ചില്ല. മധ്യനിരയിൽ മറഡോണയുടെ കരുത്തിന് തടയിടാൻ ആരാലും സാധ്യമായിരുന്നില്ല.

1982ൽ മറഡോണ ലോകകപ്പിൽ അരങ്ങേറി. അത്തവണ രണ്ടാം ​റൗണ്ടിൽ അർജന്റീന പുറത്തായി. 1978ൽ ചാമ്പ്യന്മാരായിരുന്ന അർജന്റീനയാണ് നാല് വർഷത്തിന് ശേഷം രണ്ടാം റൗണ്ടിൽ പരാജയപ്പെടുന്നത്. പക്ഷേ നാല് വർഷങ്ങള്‍ത്ത് ശേഷം അർജൻ്റീന ലോകകിരീടം തിരിച്ചുപിടിച്ചത് മറഡോണയുടെ ഒറ്റയാൾ മികവിലാണ്. പക്ഷേ ക്വാർട്ടർ ഫൈനലിലെ ​വിവാദ ​ഗോൾ, ജീവിതത്തിലുടനീളം മറഡോണയുടെ കരിയറിനെ വേട്ടയാടി. ഇം​ഗ്ലീഷ് ​ഗോൾകീപ്പർ പീറ്റർ ഷീൽട്ടന് നൽകിയ പന്ത് തൊട്ടടുത്ത് വെച്ച് മറഡോണ ഹെഡ് ചെയ്യാൻ ശ്രമിച്ചു. തന്നേക്കാൾ പൊക്കമുള്ള ഷീൽട്ടനെ ​ഹെഡ് ചെയ്ത് മറികടക്കാൻ കഴിയില്ലെന്ന് മനസിലായ മറഡോണ ഒരറ്റ 'കൈ' പ്രയോ​ഗം നടത്തി. ഇടത് കൈകൊണ്ട് പന്ത് തട്ടി വലയിലാക്കി. ഇം​​ഗ്ലീഷ് താരങ്ങളുടെ അപ്പീൽ റഫറി അനുവദിച്ചില്ല. ചെകുത്താൻ ദൈവത്തിന്റെ കുപ്പായത്തിൽ എത്തിയെന്ന് ഇതിനെ ഫുട്ബോൾ ലോകം വിമർശിച്ചു. വർഷങ്ങൾക്ക് ശേഷം ദൈവത്തിന്റെ കൈകൾ എന്നാണ് മറഡോണ ഈ ​ഗോളിനെ വിശേഷിപ്പിച്ചത്. എന്നാൽ അതേ മത്സരത്തിൽ ദൈവത്തിന്റെ കാൽ സ്പർശവുമുണ്ടായി. നാല് മിനിറ്റിനുള്ളിൽ എല്ലാ പാപക്കറയും മറഡോണ കഴുകിക്കളഞ്ഞു. അർജന്റീനയുടെ പകുതിയിൽ നിന്ന് ലഭിച്ച പാസുമായി 60 വാരയോളം ഒറ്റയ്ക്ക് മുന്നേറി ആറ് ഇം​ഗ്ലീഷ് താരങ്ങളെ വെട്ടിച്ച് പത്ത് സെക്കന്റിൽ ഡീ​ഗോ മറഡോണയുടെ അടുത്ത ​ഗോൾ പിറന്നു. ഒരു നിമിഷം സ്തംഭിച്ചുപോയ ലോകം പിന്നീട് ഈ ​ഗോളിനെ നൂറ്റാണ്ടിന്റെ ​ഗോൾ എന്നാണ് വിശേഷിപ്പിച്ചത്.

കാൽപ്പന്തിന്റെ ലോകം കീഴടക്കുമ്പോഴാണ് മയക്കുമരുന്ന് ഉപയോഗം മറഡോണയുടെ ജീവിതം തകർത്തത്. 1991ൽ കൊക്കൈൻ ഉപയോ​ഗത്തിന് സസ്പെൻഷൻ വാങ്ങി. ഇക്കാലത്ത് ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലായിരുന്നു മറഡോണ കളിച്ചിരുന്നത്. മൂന്ന് വർഷത്തിന് ശേഷം 1994ൽ ലോകകപ്പ് മത്സരം പുരോ​ഗമിക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോ​ഗം വീണ്ടും തിരിച്ചടിയായി. ഇത്തവണ നാട്ടിലേക്ക് മടങ്ങിയ മറഡോണ പിന്നീട് ഫുട്ബോൾ ലോകത്തേയ്ക്ക് തിരികെ വന്നില്ല. അങ്ങനെ 17 വർഷം നീണ്ട കരിയർ ഒറ്റ നിമിഷത്തിൽ അവസാനിച്ചു. 1994ലെ ലോകകപ്പിന് ശേഷം മയക്ക്മരുന്ന് ഉപയോ​ഗത്തിന് ചികിത്സ തേടിയെങ്കിലും വിജയകരമായില്ല. ഒടുവിൽ 1997 ഒക്ടോബർ 30നാണ് മറഡോണ തന്റെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചത്.

ദൈവത്തിന്റെ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങിയിട്ട് മൂന്ന് വർഷം; ഓർമകളിൽ ഡീ​ഗോ മറഡോണ
ദൈവം പറഞ്ഞയച്ച മാലാഖ; വിരമിക്കൽ പ്രഖ്യാപിച്ച് ഏഞ്ചല്‍ ഡി മരിയ

കളിക്കളത്തിൽ പാഞ്ഞു നടന്നിരുന്ന മറഡോണ പിന്നീട് നടക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്കെത്തി. നിരവധി വിവാദങ്ങൾക്കും മറഡോണ തിരികൊളുത്തിവിട്ടു. 2016ൽ നൂറ്റാണ്ടിന്റെ കോപ്പ പ​രാജയപ്പെട്ടാൽ മെസ്സിയും സംഘവും ഇനി അർജന്റീനയിലേക്ക് വരേണ്ടതില്ലെന്നായിരുന്നു മറഡോണയുടെ പ്രസ്താവന. കോപ്പയുടെ ഫൈനലിൽ ചിലിയോട് തോറ്റപ്പോൾ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചു. പിന്നീട് മറഡോണ തന്നെ തിരിച്ചുവിളിച്ച ശേഷമാണ് മെസ്സി ദേശീയ ടീമിലേക്ക് തിരികെവന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com