ജയിലർ എങ്ങനെ ‌'വിനായകന്റെ സിനിമ'യാകുന്നു ?

രജനി മാത്രമായിരുന്നില്ല, മോഹൻലാലും ശിവരാജ്കുമാറും ജാക്കി ഷ്റോഫുമെല്ലാം ഒക്കെ അപ്പുറത്തുണ്ട്. അവിടെയാണ് വിനായകന്റെ ഒറ്റയാൾ പോരാട്ടം. രജനിയുടെ തന്നെ ഡയലോഗ് പോലെ 'സിങ്കം സിംഗിളാ താൻ വരുവേൻ...' എന്ന് വിശേഷിപ്പിക്കാം വിനായകന്റെ പാൻ ഇന്ത്യൻ വില്ലനെ
ജയിലർ എങ്ങനെ ‌'വിനായകന്റെ സിനിമ'യാകുന്നു ?

'ഇത് വിനായകന്റെ സിനിമ...' രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിനെക്കുറിച്ച് നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്‍ബുക്കിൽ ഇട്ട പോസ്റ്റാണിത്. പടം കണ്ടിറങ്ങിയ പലരും പറഞ്ഞ അതെ അഭിപ്രായമാണിത്. അപ്പുറത്ത് രജനികാന്ത് എന്ന നായകൻ നിൽക്കുമ്പോൾ ഇത്തരമൊരു ക്രെഡിറ്റ് നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ജയിലറിലേക്ക് വന്നാല്‍ രജനി മാത്രമായിരുന്നില്ല, മോഹൻലാലും ശിവരാജ്കുമാറും ജാക്കി ഷ്റോഫുമെല്ലാം ഒക്കെ അപ്പുറത്തുണ്ട്. അവിടെയാണ് വിനായകന്റെ ഒറ്റയാൾ പോരാട്ടം. രജനിയുടെ തന്നെ ഡയലോഗ് പോലെ 'സിങ്കം സിംഗിളാ താൻ വരുവേൻ...' എന്ന് വിശേഷിപ്പിക്കാം വിനായകന്റെ പാൻ ഇന്ത്യൻ വില്ലനെ.

വർമ്മൻ എന്ന വില്ലന്റെ ഇൻട്രോയിലൂടെയാണ് ജയിലർ ആരംഭിക്കുന്നത്. ആ ഒറ്റ സീനിൽ തന്നെ ഇയാള്‍ ആൾ ഇത്തിരി ഡാർക്ക് ആണെന്ന് മനസ്സിലാകും. എതിരെ ആര് തന്നെ വന്നാലും എതിർത്ത് നിൽക്കാൻ ഇയാൾക്ക് കെൽപ്പുണ്ടെന്ന് നെൽസൺ അവിടെ വ്യക്തമാക്കുന്നു. അവിടം മുതൽ തുടങ്ങും വിനായകന്റെ അഴിഞ്ഞാട്ടം.

രജനികാന്തിന്റെ കഥാപാത്രത്തിലേക്ക് വന്നാൽ അയാളുടെ മുത്തുവേൽ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ മുതൽ അയാൾക്ക് ഒരു ശക്തമായ ഭൂതകാലമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാകും. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും ആളുടെ റേഞ്ച് ഹൈ ആണെന്ന് പറഞ്ഞു വെക്കുന്നുമുണ്ട്. അങ്ങനെയുള്ള മുത്തുവേലിനോടാണ് 'ലോക്കലായ' വർമ്മൻ 'മനസിലായോ സാറേ...' എന്ന് വെല്ലുവിളിക്കുന്നത്. അതും ഒരു തവണയല്ല പല തവണ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സീനുണ്ട്. വർമ്മനെ നേരിടാൻ ഒരു സംഘം ആളുകളുടെ നടുവിലൂടെ മുത്തുവേൽ വരികയാണ്. എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന ആ നിമിഷത്തിൽ വർമ്മൻ ഒരു തരി പോലും പതറാതെ ഹീറോയ്ക്ക് ഒരു പാട്ടും ഡാൻസും അങ്ങ് വെച്ച് കൊടുക്കും. എന്നിട്ട് ഒരു ഓഫറും. പിന്നീട് അങ്ങോട്ട് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതും മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളെ സിനിമയിലേക്ക് എത്തിക്കുന്നതും ആ ഓഫറാണ്.

രജനിയുടെ പടത്തിലെ വില്ലൻ എന്ന് പറയുമ്പോൾ മറ്റു ഇൻഡസ്ട്രികളിലെ താരങ്ങളായിരിക്കുമല്ലോ എല്ലാവരുടെയും മനസ്സിൽ. മലയാളത്തിലെ ഒരു സൂപ്പർതാരം തന്നെയായിരുന്നു ജയിലർ ടീമിന്റെ മനസ്സിൽ. എന്നാൽ ഒരു സൂപ്പർതാരം വന്നാൽ ആ കഥാപാത്രത്തിന്റെ വില്ലനിസത്തിൽ ചില കോംപ്രോമൈസുകൾ വേണ്ടി വരും എന്നത് കൊണ്ട് ആ പ്ലാൻ അവർ ഉപേക്ഷിച്ചു. ശേഷമാണ് ആ കഥാപാത്രം വിനായകനിലേക്ക് എത്തുന്നത്.

പണ്ട് സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം വിനായകൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'കിരീടം വച്ച് ഫെരാരിയിൽ വരണമെന്നു ചിന്തിക്കുന്ന അയ്യങ്കാളി തോട്ടാണ് തന്റേതെന്ന്' എന്നാണ് വിനായകൻ പറഞ്ഞത്. അന്ന് പറഞ്ഞ കിരീടം ഇന്ന് അദ്ദേഹത്തിന് സ്വന്തമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മോഹൻലാലിന്റെ 'മാന്ത്രികം' എന്ന സിനിമയിലാണ് വിനായകൻ ആദ്യമായി അഭിനയിക്കുന്നത്. ദേ പോയി ദാ വന്നു... എന്ന് മാത്രം പറയാൻ പറ്റുന്ന കഥാപാത്രമായി. വർഷങ്ങളെടുത്തു അയാൾക്ക് ഒരു ഡയലോഗ് കിട്ടാൻ... എന്തിന് ആ കഥാപാത്രങ്ങൾക്ക് ഒരു പേര് കിട്ടാൻ. പിന്നീട് ഒരുപാട് കാലം ശിങ്കിടി വേഷങ്ങളിലായിരുന്നു വിനായകൻ കാണാൻ കഴിഞ്ഞത്, അതിൽ തിമിര് എന്ന വിനായകന്റെ ആദ്യ തമിഴ് സിനിമയുമുണ്ട്. അവിടെ നിന്നാണ് രജനിക്ക് മുകളിൽ സ്കോർ ചെയ്ത വില്ലൻ എന്ന ഖ്യാതിയിലേക്ക് അയാൾ എത്തുന്നത്. തന്നെ വിമർശിക്കുന്നവർക്ക് മുന്നിലൂടെ അയാൾ പടികൾ കയറി പോവുകയാണ്. ഒപ്പം അവരോട് വിനായകൻ ചോദിക്കുന്നുമുണ്ട് മനസ്സിലായോ സാറേ...

Related Stories

No stories found.
logo
Reporter Live
www.reporterlive.com