'അതൃപ്തിയുണ്ട്, എല്ലാം വെളിപ്പെടുത്തും, സമയമായില്ല': രമേശ് ചെന്നിത്തല

'വി ഡി സതീശന്‍ മന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ മന്ത്രിയാക്കാത്തതില്‍ എനിക്കിപ്പോള്‍ പ്രയാസമുണ്ട്'
'അതൃപ്തിയുണ്ട്, എല്ലാം വെളിപ്പെടുത്തും, സമയമായില്ല':   രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടി വി ക്ലോസ് എന്‍കൗണ്ടറില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ചോദ്യം: ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ പലസ്തീനൊപ്പം എന്ന കൃത്യമായ നിലപാടെടുക്കാനും കോണ്‍ഗ്രസിനെ കൊണ്ട് സമാന നിലപാട് എടുപ്പിക്കാനും രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു. അതിലൂടെ കോണ്‍ഗ്രസിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചുവെന്ന തോന്നലാണോ താങ്കള്‍ക്ക് ഇപ്പോള്‍?

ഉത്തരം: തീര്‍ച്ചയായും അതെ. പലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ എക്കാലത്തേയും നിലപാട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യമില്ലാത്ത രാജ്യത്തലവന്‍ എന്ന് വിളിച്ചിരുന്ന യാസര്‍ അറാഫത്തിനെ ഞാനാണ് ചേരിചേരാ യുവജന സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിനോടൊപ്പം രണ്ട് ദിവസം ഞാന്‍ ചെലവഴിക്കുകയുമുണ്ടായി. വ്യക്തിപരമായി ആ ബന്ധം അദ്ദേഹം മരിക്കുന്നത് വരെ കത്തിടപാടിലൂടേയും അല്ലാതെയും തുടര്‍ന്നു എന്നതും എനിക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

കോണ്‍ഗ്രസിന് എല്ലാ കാലത്തും യാസര്‍ അറാഫത്തിനോടും പലസ്തീനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ചരിത്രമാണുള്ളത്. മനുഷ്യസ്‌നേഹിയായ മനുഷ്യന്‍ എന്നെപോലുള്ള ഒരു പാര്‍ലമെന്‍റ് അംഗത്തിനോട് കാണിച്ച സ്‌നേഹവും വാത്സല്യവും അംഗീകാരവുമൊക്കെ എന്നും മനസ്സിലുണ്ട്. പൊരുതുന്ന പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി എല്ലാ കാലഘട്ടത്തിലും കോണ്‍ഗ്രസ് നിലകൊണ്ടിട്ടുണ്ട്. ആ നിലപാടില്‍ നിന്നും മാറേണ്ടതില്ലായെന്നാണ് ഇപ്പോഴത്തെ ഓരോ സംഭവവും നമ്മളെ പഠിപ്പിക്കുന്നത്. ആര് തീവ്രവാദ പ്രവര്‍ത്തനം നടത്തിയാലും യോജിക്കാനാകില്ല. യുദ്ധം ഒന്നിനും പരിഹാരമല്ല. നിരപരാധികളെ കൊന്നൊടുക്കുന്ന ഒരു നിലപാടിനോടും യോജിക്കാനാവില്ലെന്നും പറയുകയാണ്.

Yasser Arafat
Yasser Arafat

ചോദ്യം: പക്ഷേ, 2008 മുതല്‍ തന്നെ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തി. കോണ്‍ഗ്രസിലും ആ നിലയിലുള്ള ചിന്താഗതി വളര്‍ന്നുവരുന്നു എന്നതല്ലേ യഥാര്‍ത്ഥത്തില്‍ താങ്കള്‍ക്ക് പലസ്തീന് വേണ്ടി വാദിക്കാന്‍ ഇടവരുത്തുന്ന രീതിയില്‍ പ്രതിരോധം പാർട്ടിയില്‍ ഉണ്ടായത്?

ഉത്തരം: സ്വാഭാവികമായിട്ടും ഹസാമിന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് അത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ ഹമാസിന് എന്തു കൊണ്ട് അക്രമിക്കേണ്ടി വന്നുവെന്നതാണ് പ്രധാനപ്പെട്ടത്. പ്രതിരോധിക്കാന്‍ അവർ നിര്‍ബന്ധിതരാവുകയായിരുന്നു. ഞാന്‍ ഹമാസ് നടത്തിയ അക്രമത്തെ ന്യായീകരിക്കില്ല. ആ സാഹചര്യം ഒരുക്കിയത് എങ്ങനെ എന്ന കാര്യം കൂടി വിശദമായി പരിശോധിച്ചാല്‍ വസ്തുതകള്‍ വ്യക്തമാവും. ഇസ്രായേല്‍ പലസ്തീനിലെ ആശുപത്രിക്ക് ബോംബിട്ടു. ലോകത്ത് എവിടെയെങ്കിലും യുദ്ധം നടന്നാല്‍ ആശുപത്രിക്ക് ബോംബിടുമോ? നിരപരാധികളായ രോഗികളെ കൊന്നൊടുക്കുന്ന നടപടി സ്വീകരിക്കുന്നത് ശരിയാണോ. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വരെ അപലപിക്കേണ്ടി വന്നില്ലേ. ഗാസ എന്താണെന്ന് അവിടെ പോയാല്‍ മാത്രമേ അറിയൂ. ഏറ്റവും ചെറിയ ഇടുങ്ങിയ പ്രദേശത്ത് ബോംബ് വര്‍ഷിച്ചതിലൂടെ എത്രയോ നിരപപാധികളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇത് കാണാതെ ഇസ്രയേലിനെ പരിപൂര്‍ണ്ണമായി പിന്തുണക്കുന്ന നടപടിയോട് യോജിക്കാനാവില്ല. അവിടെ പോയ ആളെന്ന നിലയില്‍ എനിക്ക് പലസ്തീനൊപ്പമേ നില്‍ക്കാനാവൂ.

Ramesh Chennithala and Oommen Chandy
Ramesh Chennithala and Oommen Chandy

ചോദ്യം: ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' വായിച്ചിട്ടുണ്ടല്ലോ?

ഉത്തരം: പുസ്തകം വായിച്ചില്ല. വാങ്ങിച്ചു വെച്ചിട്ടുണ്ട്. വായിക്കാന്‍ സമയം കിട്ടിയില്ല. തിരക്കിലായിരുന്നു.

ചോദ്യം: 377ാം പേജ് എന്തായാലും വായിച്ചിട്ടുണ്ടാവുമല്ലോ?

ഉത്തരം: ഒരു പേജും വായിച്ചിട്ടില്ല. ഞാന്‍ അമേരിക്കയിലായിരുന്നു. അവിടെയായിരുന്നപ്പോഴാണ് സണ്ണികുട്ടി എബ്രഹാമിന്റെ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വന്നുകഴിഞ്ഞ ശേഷം പ്രവര്‍ത്തക സമിതി യോഗങ്ങളൊക്കെയായി തിരക്കിലായിരുന്നു.

ചോദ്യം: പ്രതിപക്ഷ നേതാവായി രണ്ടാമതും രമേശ് ചെന്നിത്തലയെ തിരഞ്ഞെടുക്കുന്നതില്‍ 21 എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും താല്‍പര്യമുണ്ടെന്നാണ് ആത്മകഥയുടെ 377ാം പേജില്‍ ഉമ്മന്‍ചാണ്ടി തന്നെ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെട്ടത്? ഹൈക്കമാന്‍ഡിലെ ആരാണ് താങ്കളെ പ്രതിപക്ഷ നേതാവ് ആക്കരുതെന്ന് നിര്‍ദേശിച്ചത്?

ഉത്തരം: ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യത്തില്‍ തര്‍ക്കിക്കാന്‍ ഞാനില്ല.

അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് എന്നാണ് എന്റെ വിശ്വാസം. പക്ഷെ അത് സംബന്ധിച്ച് ചര്‍ച്ചക്ക് ഞാന്‍ തയ്യാറല്ല. കാരണം, അത് കഴിഞ്ഞ് സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും മണിക്കൂറുകളോളം ഞാന്‍ സംസാരിച്ചിട്ടുണ്ട്. വെളിപ്പെടുത്താന്‍ എന്നെ നിര്‍ബന്ധിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പറയാന്‍ പാടില്ലാത്ത കാര്യമാണത്.

ചോദ്യം: ഹൈക്കമാന്‍ഡ് എന്ന് പറയുമ്പോള്‍ അതില്‍ ഒരു വ്യക്തിയുണ്ടോ? രമേശ് ചെന്നിത്തല വേണ്ട, വി ഡി സതീശന്‍ മതി എന്ന് തീരുമാനിച്ചത് ഒരാളാണോ കൂട്ടായ നേതൃത്വമാണോ?

ഉത്തരം: കൂട്ടായ തീരുമാനമാണ് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആവുകയെന്നത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പറഞ്ഞ കാര്യങ്ങള്‍ പൊതുവായ വേദിയില്‍ പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശരിയല്ല. സ്‌നേഹമുള്ളതുകൊണ്ടാണ് അവര്‍ എന്നെ വിളിച്ചതും സംസാരിച്ചതും. ഇതുവരേയും ആരോടും വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അത് പറയേണ്ടി വരികയാണെങ്കില്‍ പറയാം. ഇപ്പോള്‍ നിര്‍ബന്ധിക്കരുത്.

ചോദ്യം: നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പേരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാന്‍ഡിന്‍റെ അഭിപ്രായം മറിച്ചായതുകൊണ്ട് പ്രതിപക്ഷ നേതൃപദവി ലഭിച്ചില്ലായെന്ന നിലയിലാണോ അതിനെ കാണേണ്ടത്.?

ഉത്തരം: അതെല്ലാം കഴിഞ്ഞുപോയ കാര്യമാണ്. പുതിയ കാര്യങ്ങളിലേക്ക് കടക്കാം.

ചോദ്യം: അതേ ആത്മകഥയില്‍ വി ഡി സതീശന്റെ കാര്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. വി ഡി സതീശന്‍ മന്ത്രിയാകേണ്ടതായിരുന്നില്ലേ?

ഉത്തരം:

തീര്‍ച്ചയായിട്ടും വി ഡി സതീശന്‍ മന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ മന്ത്രിയാക്കാത്തതില്‍ എനിക്കിപ്പോള്‍ പ്രയാസമുണ്ട്. പല കാരണങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്ക് ആ സമയത്ത് അത് പറയാന്‍ കഴിയുമായിരുന്നു എന്നതുകൊണ്ടാവും പറഞ്ഞത്. പക്ഷെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങള്‍ എനിക്ക് ഭാവിയില്‍ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്.

പക്ഷെ വി ഡി സതീശന്‍ മന്ത്രിസഭയില്‍ വരേണ്ട ആളായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ആ മന്ത്രിസഭയില്‍ നിന്നും മാറി നിന്നയാളാണ്. അതുകൊണ്ട് എന്റെ വാക്കുകള്‍ക്ക് കൂടുതല്‍ വിലയുണ്ടായിരുന്നു. സതീശന്‍ വരണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ തൃശൂര്‍ മേഖലയില്‍ നിന്നും ആരുമില്ലായെന്ന് വന്നപ്പോളാണ് സി എന്‍ ബാലകൃഷ്ണന്‍റെ പേര് ഉയർന്നത്. അദ്ദേഹത്തിനൊപ്പം സതീശനേയും ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു. പക്ഷെ വേറെ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അതുണ്ടാകാതെ പോയത്. അതില്‍ എനിക്ക് വിഷമമുണ്ട്.

V D Satheesan
V D Satheesan

ചോദ്യം: അതേ പേജില്‍ തന്നെ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നുണ്ട് . അത് താങ്കളോട് നേരിട്ട്ആ വശ്യപ്പെട്ടിരുന്നുവെന്നും പരാമർശമുണ്ട്. പക്ഷെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നേരത്തെ പരസ്യനിലപാട് എടുത്തതാണെന്നും അത് മാറ്റാനാകില്ലെന്നും രമേശ് പറഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. 2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിക്ക് ആദ്യടേം, രമേശ് ചെന്നിത്തലയ്ക്ക് രണ്ടേമത്തെ ടേം എന്ന നിലയില്‍ കേന്ദ്ര നിരീക്ഷകന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നോ?

ഉത്തരം: അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ ആ വാദം തള്ളുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. വേറെ ചില പ്രശ്‌നങ്ങളാണ്. എന്നെങ്കിലും അതൊക്കെ പറയാം. അന്നത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളുമുണ്ടയിരുന്നുവെന്നത് സത്യമാണ്. അതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മന്ത്രിയാകേണ്ടതില്ലായെന്ന് തീരുമാനിച്ചത്. രണ്ടര വര്‍ഷക്കാലം മന്ത്രിയാവാന്‍ ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡും സോണിയാഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റേതായ കാരണങ്ങള്‍കൊണ്ട് വേണ്ടായെന്ന് വെക്കുകയായിരുന്നു.

ചോദ്യം: കര്‍ണാടകയില്‍ സിദ്ധരാമയ്യയും-ഡികെയും രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിയാകട്ടെയെന്ന എഗ്രിമെന്റ് പോലെ 2011-16 കാലയളവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നോ?

ഉത്തരം: ഗണ്‍ പോയിന്റില്‍ നിര്‍ത്തി ചോദ്യം ചോദിക്കേണ്ട. പറയാന്‍ പറ്റുന്ന കാര്യം അല്ലാത്തതുകൊണ്ടാണ്. മറ്റേതെങ്കിലും ഘട്ടത്തില്‍ പറയാം.

ചോദ്യം: എന്തുകൊണ്ടാണ് പ്രവര്‍ത്തക സമിതിയില്‍ ജനറല്‍ കാറ്റഗറിയില്‍ വരാതിരുന്നത്. വിശ്വസിക്കാനാവുന്നുണ്ടോ?

ഉത്തരം: അതില്‍ വിഷമമുണ്ട്. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് എന്നത് 19 വര്‍ഷം മുമ്പ് ഇരുന്ന പദവിയാണ്. അതിന് മുമ്പ് പ്രത്യേക ക്ഷണിതാവായിരുന്നു. മൂന്ന് വര്‍ഷം ഞാന്‍ പ്രത്യേക ക്ഷണിതാവായിരുന്നിട്ടാണ് കെ കരുണാകരനെ പോലൊരു നേതാവ് പാര്‍ട്ടിയില്‍ നിന്നും ഇടഞ്ഞുമാറിയപ്പോള്‍ ആ സ്ഥാനത്തേക്ക് സോണിയാഗാന്ധി എന്നെ നിയമിച്ചത്. 19 വര്‍ഷം മുമ്പ് ഞാന്‍ ഇരുന്ന പദവിയിലേക്ക് വീണ്ടുംവെക്കുമ്പോള്‍ സ്വാഭാവികമായും പ്രയാസമുണ്ട്. അതില്‍ എനിക്ക് വിഷമമുണ്ട്.

ചോദ്യം: എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന വിലയിരുത്തല്‍ നടത്തുമ്പോള്‍ രമേശ് ചെന്നിത്തലയുടെ 'ലോയല്‍റ്റി'ക്ക് കൊടുക്കേണ്ടി വന്ന വിലയാണോ ഇത്?

ഉത്തരം: പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. ആര്‍ക്കാണോ വോട്ട് ലഭിക്കുന്നത് അവര്‍ക്ക് ജയിക്കാം. അതില്‍ തര്‍ക്കം ഉണ്ടാവുമായിരുന്നില്ല. പക്ഷെ, റായ്പൂരില്‍ വെച്ച് തിരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചു. അതോടെ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. മത്സരിച്ചിരുന്നെങ്കില്‍ ജയിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് എന്റെ വിശ്വാസം. കാരണം ഇന്ത്യയിലുടനീളം 25 ലധികം വര്‍ഷക്കാലം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകരുമായി ഇടപെടാന്‍ കഴിഞ്ഞ ആളെന്ന നിലയിലും വിജയിക്കാന്‍ കഴിയുമായിരുന്നു. നോമിനേറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും കാറ്റഗറിയില്‍ വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ എന്നെ മാറ്റി നിര്‍ത്തി. 'ലോയല്‍റ്റി'യുടെ പേരിലാണ് എന്നെ മാറ്റി നിര്‍ത്തിയതെങ്കില്‍ ഐ വില്‍ ബീ ദ ഹാപ്പിയസ്റ്റ് പേഴ്‌സണ്‍. കാരണം എന്നും പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിയോടൊപ്പം നേതൃത്വത്തോടൊപ്പം നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്നെ മാറ്റി നിര്‍ത്തിയാലും ഞാന്‍ പാര്‍ട്ടിവിടില്ല, പാര്‍ട്ടിയൊടൊപ്പം നില്‍ക്കുമെന്ന വിശ്വാസമാണ് നേതൃത്വത്തെ അതിന് പ്രേരിപ്പിച്ചതെങ്കില്‍ അതെനൊക്കൊരു അംഗീകാരമാണ്. പരിഭവമുണ്ടാകില്ല.

മത്സരിച്ചിരുന്നെങ്കില്‍ ജയിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് എന്റെ വിശ്വാസം. കാരണം ഇന്ത്യയിലുടനീളം 25 ലധികം വര്‍ഷക്കാലം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകരുമായി ഇടപെടാന്‍ കഴിഞ്ഞ ആളെന്ന നിലയിലും വിജയിക്കാന്‍ കഴിയുമായിരുന്നു. നോമിനേറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും കാറ്റഗറിയില്‍ വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ എന്നെ മാറ്റി നിര്‍ത്തി

ചോദ്യം: കെ സി വേണുഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല. നായര്‍ സമുദായത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഒരേസമയം പ്രവര്‍ത്തക സമിതിയില്‍ പോകുമ്പോഴുള്ള പ്രശ്‌നമാണോ ഹൈക്കമാന്‍ഡിനെ തടസ്സപ്പെടുത്തിയിട്ടുണ്ടാവുക? അല്ലെങ്കില്‍ താങ്കള്‍ക്കെതിരെ മറ്റാരോ കളിക്കുന്നുണ്ടോ?

ഉത്തരം: അതൊന്നും എനിക്കറിയില്ല. ഖാര്‍ഗെ ജിയോട് മാത്രമാണ് ഞാന്‍ ഇത് സംബന്ധിച്ച് സംസാരിച്ചത്. അതും പത്ത് മിനിറ്റ് നേരം മാത്രമാണ് ലഭിച്ചത്. പ്രവര്‍ത്തക സമിതി കഴിഞ്ഞ ശേഷമായിരുന്നു അത്. എല്ലാ വിശദാംശങ്ങളും പറയാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വിശദാംശങ്ങള്‍ അറിയില്ല. എന്നോട് ഒരു അനീതി കാണിച്ചുവെന്ന ഫീലിംഗ് എനിക്കുണ്ട്. അത് നേതൃത്വത്തെ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ ബുദ്ധിമുട്ടിക്കേണ്ടതില്ലായെന്നതു കൊണ്ടാണ് നേതൃത്വത്തെ കാണാന്‍ പോകാത്തത്. അത് കഴിഞ്ഞാല്‍ ഞാന്‍ സംസാരിക്കും. ജാതിയുടെയൊ മതത്തിന്റേയൊ പേരില്‍ മാറ്റി നിര്‍ത്തപേടേണ്ടയാളല്ല ഞാന്‍. അങ്ങനെ പ്രവര്‍ത്തിക്കുന്നയാളുമല്ല ഞാന്‍. അങ്ങനെയെങ്കില്‍ മൊത്തത്തിലൂള്ള ജാതിസമവാക്യമല്ലേ നോക്കേണ്ടത്. നേരത്തെ ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും പി സി ചാക്കോയും പ്രവര്‍ത്തക സമിതിയില്‍ ഒരേ സമയം ഉണ്ടായിരുന്നില്ലേ.

വ്യക്തികളുടെ പ്രവര്‍ത്തന പാരമ്പര്യവും കഴിവും നോക്കിയല്ലേ കാര്യങ്ങള്‍ ചെയ്യേണ്ടത്. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ വന്നതില്‍ എനിക്ക് എതിര്‍പ്പില്ല. കാരണം അദ്ദേഹം അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ്. അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയെന്നത് ജനാധിപത്യ മര്യാദയാണ്. അതില്‍ എതിര്‍പ്പില്ല. എ കെ ആന്റണിയെപോലെ മുതിര്‍ന്ന നേതാവ് പ്രവര്‍ത്തക സമിതിയില്‍ വരുന്നത് അംഗീകാരമാണ്. കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. സ്വാഭാവികമായി ഇതില്‍ വരുന്നയാളാണ്. അവരാരും വന്നതുകൊണ്ട് എനിക്ക് പ്രയാസമില്ല. സന്തോഷമേയുള്ളൂ. എന്റെ ക്ലെയിം അംഗീകരിക്കാത്തതില്‍ പ്രയാസുണ്ട്. അത് മാറി വരികയാണ്. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. എല്ലാ പ്രവര്‍ത്തകരുടേയും പേര് വിളിക്കാന്‍ കഴിയുന്നയാളാണ്. ഏത് ഗ്രാമത്തില്‍ പോയാലും പത്ത് പേരുടെ പേര് വിളിക്കാന്‍ കഴിയുന്നയാളാണ്. വീട്ടില്‍ ഇരിക്കുകയല്ലല്ലോ. നാളേയും അത് തന്നെ ചെയ്യും. സ്ഥാനമാനങ്ങള്‍ വിഷയമല്ല.

K C Venugopal
K C Venugopal

ചോദ്യം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ നിയമസഭാ കക്ഷി നേതാവാകാന്‍ പരിശ്രമിക്കുകയാണ്. അതിനൊരു തടസ്സം രമേശ് ചെന്നിത്തലയാണ്. അതിനാല്‍ ചെന്നിത്തലയെ ഒതുക്കുകയാണ് എന്ന ആരോപണത്തോടുള്ള പ്രതികരണം?

ഉത്തരം: എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. എനിക്കങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ സേവനം ദേശീയതലത്തില്‍ അനിവാര്യമായ ഘട്ടമാണ്. 2026 ആവാന്‍ ഒത്തിരി സമയം ഉണ്ട്. അതിനെപറ്റിയൊന്നും ആലോചിക്കാന്‍ സമയമായില്ല.

ചോദ്യം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയല്ലേ രമേശ് ചെന്നിത്തല ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്?

ഉത്തരം: 72 സീറ്റ് കിട്ടിയാലല്ലേ സര്‍ക്കാര്‍ ഉണ്ടാക്കാനാവൂ. ആദ്യം അത്രയും സീറ്റ് ലഭിക്കട്ടെ. എന്നിട്ടല്ലേ മറ്റ് കാര്യങ്ങള്‍. ഇപ്പോള്‍ എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ രൂപീകരിക്കണം. കര്‍ണ്ണാടക രീതിയില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. മറ്റ് കാര്യങ്ങള്‍ പിന്നീട്.

ചോദ്യം: രാജീവ് ഗാന്ധിയെ പോലെ രാഹുല്‍ ഗാന്ധി താങ്കളെ പരിഗണിക്കുന്നില്ലായെന്നുള്ള വിഷമം ഉണ്ടോ?. അന്തർലീനമായി അക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നില്ലേ ഫേസ്ബുക്ക് പോസ്റ്റ്?

ഉത്തരം: അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന് പ്രത്യേകതയുണ്ട്. അന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമാണ്. അതുകൊണ്ടാണ് പോസ്റ്റിട്ടത്. എന്റെ രാഷ്ട്രീയ ജീവിതത്തിലെ റോള്‍ മോഡല്‍ രാജീവ് ഗാന്ധി തന്നെയാണ്. കേരളത്തിലെ കുഗ്രാമത്തില്‍ ജനിച്ച എന്നെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. ഒരു സ്ഥാനവും അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നെ എംപിയാക്കിയത് രാജീവ് ഗാന്ധിയാണ്. ഒരു മധ്യാഹ്ന സൂര്യനെ പോലെ എനിക്ക് കരുത്ത് നല്‍കിയത് എന്റെ നേതാവ് രാജീവ് ഗാന്ധിയാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

Shashi Tharoor
Shashi Tharoor

ചോദ്യം: താങ്കള്‍ക്ക് പകരം പ്രവര്‍ത്തക സമിതിയില്‍ എത്തിയിട്ടുള്ള ശശി തരൂര്‍ എത്രകണ്ട് പാര്‍ട്ടിക്കാരനാണ് എന്ന വിലയിരുത്തല്‍ താങ്കളും പാര്‍ട്ടിയും നടത്തേണ്ടതില്ലേ? കോണ്‍ഗ്രസ് ഫാമിലി റണ്‍ പാര്‍ട്ടിയാണെന്ന തരൂരിന്റെ അഭിപ്രായത്തെക്കുറിച്ച്?

ഉത്തരം: കോണ്‍ഗ്രസ് ഫാമിലി റണ്‍ പാര്‍ട്ടിയല്ല. ആര്‍ക്കും പാര്‍ട്ടിയില്‍ സ്വതന്ത്ര്യമായി അഭിപ്രായം പറയാം. തരൂര്‍ പ്രസ്താവന തിരുത്തിയ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നില്ല. ഇത്തരം ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും നിലനില്‍ക്കുന്ന പാര്‍ട്ടി വേറെയുണ്ടെന്ന് വിശ്വസിക്കുന്നില്ല.

ചോദ്യം: പ്രവര്‍ത്തക സമിതി 25 ല്‍ 39 ആയി ഉയർത്തിയപ്പോഴും കേരളത്തില്‍ നിന്ന് ജനറല്‍ കാറ്റഗറിയില്‍ നിന്നും മൂന്നംഗങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് സംബന്ധിച്ച് ചോദ്യത്തോട് 'അടുക്കള കാര്യ'മാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. താങ്കള്‍ക്ക് ജനറല്‍ സെക്രട്ടറി പദമോ മറ്റേതെങ്കിലും പദവിയോ നല്‍കേണ്ടതാണെന്ന പൊതു അഭിപ്രായം ഉണ്ടല്ലോ. എന്തെങ്കിലും ഓഫര്‍ കിട്ടിയോ?

ഉത്തരം: ഞാന്‍ ഓഫറിന്റെ പിന്നാലെ നടക്കുന്ന ആളല്ല. പദവിക്ക് വേണ്ടി ഞാന്‍ പ്രവർത്തിച്ചിട്ടില്ല. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പാര്‍ട്ടി ധാരാളം അംഗീകാരങ്ങളും പദവിയും എനിക്ക് നല്‍കിയിട്ടുണ്ട്. പദവി ഇല്ലെങ്കിലും പ്രവര്‍ത്തിക്കും. ആരും പദവി തരാമെന്ന് പറഞ്ഞിട്ടുമില്ല ചോദിച്ചിട്ടുമില്ല. മാറി നില്‍ക്കുന്ന ഘട്ടത്തില്‍ പോലും കരിയില അനങ്ങാന്‍ അവസരം കൊടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പോലും അദ്ദേഹം പറഞ്ഞതല്ലാതെ എന്റെ നാവില്‍ നിന്നും പ്രതിപക്ഷ നേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു കമന്റ് പോലും വന്നിട്ടില്ല. പാര്‍ട്ടിയെടുത്ത തീരുമാനത്തെ ശിരസ്സാവഹിച്ചയാളാണ്. നൂറ് ശതമാനം പാര്‍ട്ടിക്ക് വേണ്ടി നിന്നയാളാണ്. ഞാനും ഉമ്മന്‍ചാണ്ടിയും ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം ലക്ഷ്മണ രേഖകളുണ്ടായിരുന്നു. അതിന് അപ്പുറത്തേക്ക് പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.

Rahul Gandhi
Rahul Gandhi

ചോദ്യം: രാഹുല്‍ ഗാന്ധിയോ മല്ലികാർജ്ജുന്‍ ഖാര്‍ഗെയോ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ശരി തരൂർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അത്തരമൊരു തീരുമാനം കോണ്‍ഗ്രസിലുണ്ടോ? ഏത് സാഹചര്യത്തിലാണ് തരൂരിന്റെ പ്രസ്താവന?

ഉത്തരം: ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. കോണ്‍ഗ്രസിന്റെ ഏതെങ്കിലും സമിതി അത്തരമൊരു തീരുമാനമെടുത്തതായി അറിയില്ല. ഊഹിച്ച് പറഞ്ഞ കാര്യമായിരിക്കും. പാര്‍ട്ടിയെ നയിക്കുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷനും പാര്‍ട്ടിയുടെ മുഖം രാഹുല്‍ ഗാന്ധിയുമാണ്. 4,500 കിലോ മീറ്റര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കാന്‍ തയ്യാറായ ചെറുപ്പക്കാരനാണ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ നേരിട്ട് കണ്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ബിജെപിക്കുള്ള മറുപടിയായിരുന്നു അത്. യാത്ര പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു രാഹുല്‍ഗാന്ധിയെയാണ് കാണാന്‍ കഴിയുകയെന്ന് കന്യാകുമാരിയില്‍ ഞാന്‍ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധിയെ മാറ്റി നിര്‍ത്തി ദേശീയ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത നിലയിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. ആ സത്യത്തെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

ചോദ്യം: 2024 ല്‍ ആര് പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്?

ഉത്തരം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ നാടിനേയും ജനങ്ങളേയും നയിക്കാന്‍ കഴിയുന്ന സത്യസന്ധനായ ആദര്‍ശ ശുദ്ധിയുള്ള അര്‍പ്പണബോധമുള്ള അഴിമതിയുടെ കറ പുരളാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി തന്നെ രാജ്യത്തെ നയിക്കണനെന്നാണ് എന്റെ അഭിപ്രായം.

ചോദ്യം: സുനില്‍ കനുഗോലു റിപ്പോര്‍ട്ടില്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന വാര്‍ത്തകള്‍ ഉണ്ട്. സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണോ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുക?

ഉത്തരം: സുനില്‍ കനുഗോലു പങ്കെടുത്ത യോഗത്തില്‍ ഞാനുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിലെന്താണ് ഉള്ളതെന്ന് അറിയില്ല. സുനിലിന്റെ റിപ്പോര്‍ട്ട് മാത്രമായിരിക്കില്ല സ്ഥാനാര്‍ത്ഥിത്വത്തിന്റെ അടിസ്ഥാനം. പ്രശാന്ത് കിഷോറിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് സുനില്‍. അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വം എടുത്തയാളാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടും. പക്ഷെ അന്തിമമായിരിക്കില്ല.

Sunil Kanugolu
Sunil Kanugolu

ചോദ്യം: സുനില്‍ കനഗോലുവിനെ രാഷ്ട്രീയ കാര്യസമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ എതിരാളി വിമർശിച്ചിട്ടുണ്ട്. സാധാരണ അംഗത്വം മാത്രമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഇരിക്കാന്‍ കഴിയുകയെന്നതാണ് ചോദ്യം?

ഉത്തരം: അതില്‍ തെറ്റില്ല. പിണറായി വിജയന്‍ ഞങ്ങളെ ഭയക്കുന്നു. യുഡിഎഫ് 20 സീറ്റും നേടുമെന്ന ഭയമാണ് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പിണറായി വിജയനെ കാത്തിരിക്കുന്നത്. ഇതുപോലത്തെ ജനവിരുദ്ധ സർക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവില്ല. വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടിയാണ് പിണറായി ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്‍റെയും കഴിഞ്ഞ സര്‍ക്കാരിന്‍റെയും അഴിമതികള്‍ ബോധ്യമായികൊണ്ടിരിക്കുന്ന സാഹചര്യമാണ്. പിണറായി വിജയന്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെ ഉപയോഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പിണറായി നടത്തിയ പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നത് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളര്‍ ആയിരുന്നു. മോണിറ്റര്‍ ചെയ്ത് ഇന്നേ കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞത് സ്പ്രിംഗ്‌ളര്‍ ആണ്. ഇപ്പോഴും കേരളത്തില്‍ സജീവമായി അവർ പിണറായി വിജയനെ സഹായിക്കുന്നുണ്ട്.

ചോദ്യം: പ്രതിപക്ഷ നേതാവ് ബോംബെ ഏജന്‍സി എന്നാണല്ലോ പറഞ്ഞത്?

ഉത്തരം: രണ്ടും ഉണ്ട്. സപ്ലിമെന്‍റാണ്

ചോദ്യം: കോണ്‍ഗ്രസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം എപ്പോള്‍ തുടങ്ങും?

ഉത്തരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ്മാത്രമെ ഇത്തരം കാര്യങ്ങളിലേക്ക് കടക്കൂ. സര്‍ക്കാരിനെതിരായ പ്രക്ഷാഭം ശക്തമാക്കുകയാണ് ഇപ്പോള്‍. 140 മണ്ഡലങ്ങളില്‍ സര്‍ക്കാരിനെ കുറ്റവിചാര ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ചോദ്യം: നിലവിലെ ലോക്‌സഭാംഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ. കെ മുരളീധരനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായി പോയെന്ന് പറഞ്ഞിരുന്നല്ലോ?

ഉത്തരം: പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്നെടുത്ത തെറ്റായ തീരുമാനമായിരുന്നു കെ മുരളീധരന്‍, അടൂര്‍ പ്രകാശ് ഹൈബി ഈഡന്‍ എന്നിവര്‍ക്ക് സീറ്റ് കൊടുത്തത്. അന്ന് പാര്‍ലമെന്‌റ് സീറ്റ് ജയിക്കാനുള്ള ആഗ്രഹമായിരുന്നു എനിക്ക്. നേരത്തേയും അങ്ങനെയൊരു തെറ്റ് ചെയ്തു. കെ സുധാകരനെ പാര്‍ലമെന്‍റിലേക്ക് വിടേണ്ടിയിരുന്നില്ല. നിയമസഭയില്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ പലകാര്യങ്ങളും ഉണ്ട്.കെസിയേയും അതെ. അങ്ങനെയുള്ള ചിലത് അവതാനതയില്ലാതെ എടുത്ത തീരുമാനങ്ങളായിട്ട് പിന്നീട് വിലയിരുത്തിയിട്ടുണ്ട് രാഷ്ട്രീയ വിദ്യാര്‍ത്ഥിയെന്ന നിലയില്‍.

ചോദ്യം: കെ സി വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് വിടേണ്ടതില്ലെന്ന തോന്നല്‍ ഉണ്ടോ ഇപ്പോള്‍?

ഉത്തരം: അങ്ങനെയല്ല. അദ്ദേഹത്തിന് പോകാന്‍ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നില്ല. ഞാന്‍ നിര്‍ബന്ധിച്ചതാണ്. മൂന്ന് തവണ എംഎല്‍എ നില്‍ക്കുന്ന സാഹചര്യത്തില്‍ പാർലമെന്‍റിലേക്ക് വിടുകയായിരുന്നു. പാര്‍ട്ടിക്ക് ജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികള്‍ ഇവരാണെന്ന് കണ്ടാണ് വിട്ടത്. ആലപ്പുഴയില്‍ വിഎം സുധീരനും വയലാറിനും മത്സരിക്കണമെന്നുണ്ടായിരുന്നു. അവിടെ സ്ഥാനാർത്ഥിയില്ലാതെ വന്നതോടെ കെ സിയെ നിർത്തുകയായിരുന്നു. ഇപ്പോഴത്തെ കാഴ്ച്ചപ്പാടില്‍ എംഎല്‍എയായിരിക്കുന്നയാള്‍ പാര്‍ലെമന്റില്‍ പോയാല്‍ വീണ്ടും തിരഞ്ഞെടുപ്പ് വരികയല്ലേ. അത് അനാവശ്യമാണ്. അത് ഒഴിവാക്കി മറ്റൊരാള്‍ക്ക് അവസരം കൊടുക്കാമായിരുന്നുവെന്നാണ് തോന്നല്‍. അല്ലാതെ ഏതെങ്കിലും വ്യക്തി പോയതിനെ അല്ല.

ചോദ്യം: അടൂർ പ്രകാശ് എസ്എന്‍ഡിപി യോഗവുമായി നല്ല സഹകരണത്തിലാണ്. കെ മുരളീധരന്‍ എന്‍എസ്എസുമായി കരുണാകരന് ഉണ്ടായിരുന്ന ബന്ധം നിലനിർത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഇവരെയെല്ലാം ദേശീയ രാഷ്ട്രീയത്തിലേക്ക് അയച്ചപ്പോള്‍ സംസ്ഥാന രാഷ്ട്രീയം ശൂന്യമായി പോയോ?

ഉത്തരം: ചില സന്ദർഭങ്ങളില്‍ പാർട്ടിയെടുക്കുന്ന തീരുമാനമാണിതെല്ലാം. ഞാന്‍ ഹരിപ്പാട് എംഎല്‍എയായിരിക്കുന്ന കാലഘട്ടത്തിലാണ് രാജീവ് ഗാന്ധി പാർലമെന്‍റിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. കോട്ടയവുമായി യാതൊരു ബന്ധവും ഇല്ലാഞ്ഞിട്ടും അദ്ദേഹം പറഞ്ഞപ്പോള്‍ മത്സരിച്ചു. പിന്നീട് ഹരിപ്പാട് ഉപതിരഞ്ഞെടുപ്പ് വന്നു. എംഎല്‍എ ആയിരിക്കുന്നയാളെ എംപിയാക്കാതെ ഇരിക്കുന്നതാണ് നല്ലത്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇവരുടെ സ്വാധീനം നമുക്ക് ഇവിടെ പ്രയോജനപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്.

ചോദ്യം: സിഎംആർഎല്‍ കർത്തയുടെ കെെയ്യില്‍ നിന്നും പണം വാങ്ങിയോ?

ഉത്തരം: രാഷ്ട്രീയ പ്രവർത്തനത്തിനിടയില്‍ പാർട്ടിക്ക് സംഭാവന പലരില്‍ നിന്നും വാങ്ങിക്കേണ്ടി വരും. വാങ്ങിച്ചിട്ടുണ്ടാവാം. അന്ന് ചോദിച്ചപ്പോഴും വാങ്ങിച്ചിട്ടുണ്ടാവാം എന്നാണ് പറഞ്ഞത്. എത്രയാണെന്നത് അക്കൗണ്ട് പരിശോധിക്കണം. നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാർട്ടികള്‍ സംഭാവന വാങ്ങിക്കുന്നത് ആരും വിലക്കിയിട്ടില്ല. എല്ലാവരും വാങ്ങിയിട്ടുണ്ട്. പരിശോധിച്ച് പറയാം എന്നാണ് ഞാന്‍ പറഞ്ഞത്.

ചോദ്യം: അത് പരിശോധിക്കാന്‍ കഴിഞ്ഞില്ലേ?

ഉത്തരം: ഇന്ത്യയില്‍ ഏത് പാർട്ടിയാണ് സംഭാവന വാങ്ങാത്തത്. കണക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബോണ്ട് വരെ ഇവിടെയുണ്ട്.

ചോദ്യം: തിരഞ്ഞെടുപ്പ് ബോണ്ടല്ലല്ലോ ഇത്. സംഭാവന 20,000 രൂപയ്ക്ക് മുകളില്‍ ചെക്കായിട്ടാണല്ലോ വാങ്ങിക്കാറ്. എന്നാല്‍ ഇവിടെ പണമായിട്ടാണ് വാങ്ങിയത്. ചോദിക്കുമ്പോഴെല്ലാം കൊടുക്കാറുണ്ടെന്നാണ് സിഎഫ്ഒ മൊഴി നല്‍കിയത്. ആർസി എന്നത് രമേശ് ചെന്നിത്തലയാണെന്ന് ആദായനികുതി വകുപ്പിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. നിങ്ങളൊക്കെ കെെതോലപ്പായയിലാണോ തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നത്.

ഉത്തരം: പി വി ആരാണെന്ന് നിങ്ങളാരും ചോദിച്ചില്ലല്ലോ?

ചോദ്യം: ഞാനല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞല്ലോ. എത്ര പി വി കാണും.

ഉത്തരം: എങ്കില്‍ എത്ര ആർസിയും കാണും. ആർ സി ഞാനല്ലെന്ന് പറഞ്ഞില്ലല്ലോ. കള്ളം പറയാത്തതിന് എന്നെ അഭിനന്ദിക്കണം.

ചോദ്യം: സോളാർ ഗൂഢാലോചന വലിയ വിഷയമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയർന്നുവന്നിരുന്നു. കാര്യങ്ങളൊക്കെ അവിടെ തീർന്നോ? അന്വേഷിക്കേണ്ടേ. രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രി പദം മോഹിച്ചതാണ് ഇതിനൊക്കെ കാരണമെന്ന് ദല്ലാള്‍ നന്ദകുമാർ പറഞ്ഞിരുന്നു. എന്താണ് വാസ്തവം?

ഉത്തരം: ഇവർക്കൊക്കെ മറുപടി പറയാന്‍ ഞാനില്ല. ഇവരുടെ വാക്കുകള്‍ക്ക് ഈ സമൂഹത്തില്‍ എന്ത് വിലയാണുള്ളത്. മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തിയെങ്കില്‍ അതൊന്നും ഈ സമൂഹത്തില്‍ മറച്ചുവെക്കാനാവില്ല. എല്ലാം പുറത്ത് വരേണ്ടതല്ലേ.

ചോദ്യം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും മെെക്കിന് വേണ്ടി അടിപിടി നടത്തുന്നത് കണ്ടു. യോജിച്ച് നില്‍ക്കുന്നുവെന്ന പ്രതീതിയെങ്കിലും സൃഷ്ടിക്കണമെന്ന് അതിന് ശേഷം ചേർന്ന യോഗത്തില്‍ എകെ ആന്‍റണി വിമർശിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എ കെ ആന്‍റണിക്ക് പോലും പറയേണ്ടി വന്ന സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ?

ഉത്തരം: ഇന്നത്തെ കാലത്ത് മെെക്ക് ഉണ്ടെന്ന് കരുതി വേണം എല്ലാവരും സംസാരിക്കാനെന്ന ഗുണപാഠമാണ് ഇതില്‍ നിന്നും ഉള്‍കൊള്ളേണ്ടത്.

ചോദ്യം: പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും ഒരുമിച്ച് വരുമ്പോള്‍ ആരാണ് ആദ്യം സംസാരിക്കേണ്ടത്?

ഉത്തരം: സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്.

ചോദ്യം: പുതുപ്പള്ളി വിജയം ആവുമ്പോള്‍ യുഡിഎഫ് ചെയർമാനല്ലേ സംസാരിക്കേണ്ടത്.

ഉത്തരം: മെെക്ക് ഉണ്ടെന്ന് കരുതി വേണം എല്ലാവരും സംസാരിക്കാന്‍.

ചോദ്യം: മെെക്കാണ് പ്രശ്നം?

ഉത്തരം: മെെക്കിനെതിരെ കേസെടുത്ത ആളുകളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.

ചോദ്യം: മെെക്കിനെതിരെ കേസല്ലേ എടുത്തുള്ളൂ. അടിപിടി കൂടിയില്ലല്ലോ?

ഉത്തരം: നികേഷിന് ഇപ്പോഴും ലെഫ്റ്റ് ലീനിയന്‍സി മാറിയിട്ടില്ല.

ചോദ്യം: അനില്‍ ആന്‍റണി ബിജെപിയില്‍ ചേർന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?. മക്കള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ കാര്യങ്ങള്‍ എങ്ങനെയാവും. ആന്‍റണിയുടെ ഭാര്യ സാക്ഷ്യം പറയുകയും ചെയ്തിട്ടുണ്ടല്ലോ?

ഉത്തരം: ഏത് രാഷ്ട്രീയ പാർട്ടിയില്‍ വിശ്വസിക്കാനും ആളുകള്‍ക്ക് അവകാശം ഉണ്ട്. എം വി രാഘവന്‍ ജീവിച്ചിരുന്നപ്പോള്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്‍റെ അന്ത്യനാളുകളില്‍ മകന്‍ നികേഷ് കുമാർ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. അവരവരുടെ താല്‍പര്യമല്ലേ. എംവിആർ നികേഷിനോടോ നികേഷ് എംവിആറിനോടൊ രാഷ്ട്രീയം മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലല്ലോ. ആർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാം.

ചോദ്യം: അതിലൊരു ഫാക്ട്വല്‍ എറർ ഉണ്ട്. എംവി രാഘവന്‍ മരിക്കുന്നത് 2014 ലാണ്. ഞാന്‍ മത്സരിക്കുന്നത് 2016 ലാണ്.

ഉത്തരം: എന്നാലും എം വി രാഘവനോട് സിപിഐഎം കാണിച്ച ക്രൂരതകള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അവിടെ പോകാന്‍ പറ്റുന്നതെന്ന് ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ. അദ്ദേഹത്തിന്‍റെ പാമ്പ് വളർത്തു കേന്ദ്രം തീയ്യിട്ടു. പുറത്തിറങ്ങാന്‍ പറ്റാതെയാക്കി. കൂത്തുപറമ്പില്‍ അദ്ദേഹത്തെ അക്രമിച്ചുകൊലപ്പെടുത്താന്‍ നോക്കി. എത്രയോ സംഭവങ്ങള്‍. അദ്ദേഹമായതുകൊണ്ടല്ലേ പിടിച്ചു നിന്നത്. അദ്ദേഹമായതുകൊണ്ടല്ലോ സിപിഐഎം പോലൊരു പാർട്ടിയെ വെല്ലുവിളിച്ച് മൂന്ന് തവണ മന്ത്രിയായത്. അങ്ങനെയൊരു വലിയ നേതാവിന്‍റെ മകന് സിപിഐഎം സ്ഥാനാർത്ഥിയാവാന്‍ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് പറയുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടില്ലേ.

ചോദ്യം: അദ്ദേഹത്തിന്‍റെ ചിന്താഗതി എന്തായിരുവെന്നത് രമേശ് ചെന്നിത്തല പഠിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷെ സ്ഥാനാർത്ഥിത്വം എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യം ആയിരുന്നില്ലല്ലോ?

ഉത്തരം: ഞങ്ങള്‍ നിങ്ങളോട് പറഞ്ഞതല്ലേ സ്ഥാനാർത്ഥിയാകാന്‍. നിങ്ങള്‍ വേണ്ടെന്ന് പറഞ്ഞതല്ലേ. വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടതല്ലേ. മറന്നുപോയോ അതൊക്കെ. അതൊന്നും ആർക്കും അറിയില്ല. വടകര പാർലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി നില്‍ക്കാന്‍ കെപിസിസി പ്രസിഡന്‍റായിരിക്കെ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടതല്ലേ. വേണ്ടായെന്ന് പറഞ്ഞതല്ലേ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com